|    Dec 12 Wed, 2018 11:09 pm
FLASH NEWS

പൊതുസ്ഥലത്തെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യണം: വികസനസമിതി

Published : 16th September 2018 | Posted By: kasim kzm

തിരൂര്‍: നിരവധി തവണ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും മാറ്റാത്ത പൊതു സ്ഥലത്തെ ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളൂം ഉടന്‍ നീക്കം ചെയ്യണമെന്ന് തിരൂര്‍ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. താഴെപ്പാലത്ത് സര്‍ക്കാര്‍ ഭൂമിയില്‍ എംഎല്‍എ ഫണ്ടുപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച് വകുപ്പുമന്ത്രി മാസങ്ങള്‍ക്കും മുമ്പ് ഉദ്ഘാടനം ചെയ്ത അമിനിറ്റി സെന്ററിന് നഗരസഭ നമ്പറിട്ടു കൊടുക്കാത്തതിനെ യോഗത്തില്‍ പ്രതിഷേധമുയര്‍ന്നു.
ഇതിനു പിന്നില്‍ ഗൂഢനീക്കമുണ്ടെന്നും ആരോപണമുയര്‍ന്നു. തിരൂര്‍ നഗരത്തിലെയും പൂങ്ങോട്ടുകുളം ചമ്രവട്ടം റോഡിന്റെയും അറ്റകുറ്റപ്പണികള്‍ തുടങ്ങിയതായും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പധികൃതര്‍ യോഗത്തില്‍ അറിയിച്ചു. പ്രളയവുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ കാര്‍ഡുകള്‍ നല്‍കിയെന്നും സിലിണ്ടര്‍ നഷ്ടപ്പെട്ടവര്‍ അറിയിച്ചാല്‍ നല്‍കുമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു. അനധികൃത റേഷന്‍ കൈപ്പറ്റുന്നവരെ കണ്ടെത്താന്‍ റേഷന്‍ കടകളില്‍ ഓരോ വിഭാഗം റേഷന്‍ വാങ്ങുന്നവരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കാന്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. തിരൂര്‍ വെട്ടം ചീര്‍പ്പിലേക്കും മറ്റും സര്‍വീസ് നടത്തുന്ന ബസുകള്‍ രാത്രി ട്രിപ്പുകള്‍ മുടക്കി യാത്രക്കാരെ ദുരിതത്തിലാക്കുന്നതിന് നടപടി വേണമെന്നും താനൂര്‍ ജങ്ഷനില്‍ പാതയോരത്തെ മല്‍സ്യ വില്പന ഒഴിവാക്കണമെന്നും ദേവസ്വം പട്ടയഭൂമി പതിച്ചു കിട്ടുന്നതിന് നല്‍കുന്ന അപേക്ഷകളില്‍ നടപടി ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
39 ശുദ്ധജല പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന വെട്ടം പഞ്ചായത്തില്‍ ഉപ്പുവെള്ളം കയറുന്നത് തടയാന്‍ കൂട്ടായി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ വേനലില്‍ താഴ്ത്തണമെന്ന ആവശ്യവും ഉയര്‍ന്നു. തീരദേശപാതക്കായി 16 വര്‍ഷം മുമ്പ് കല്ലുകള്‍ നാട്ടിയ സ്ഥലത്ത് ഇതു വരെ പ്രവൃത്തികള്‍ ഒന്നും തന്നെ നടക്കാത്തതിനാല്‍ ജനങ്ങള്‍ക്കുണ്ടായ വിഷമം കണക്കിലെടുത്ത് ഉടന്‍ നടപടിയെ സ്വീകരിച്ചില്ലെങ്കില്‍ സ്ഥാപിച്ച കല്ലുകള്‍ നീക്കം ചെയ്യാന്‍ തദ്ദേശീയര്‍ നിര്‍ബന്ധിതരാകുമെന്ന് ജനപ്രതിനിധികള്‍ മുന്നറിയിപ്പു നല്‍കി. ഒമ്പതു വര്‍ഷം മുമ്പ് കൊടക്കലിലെ 16 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിയ സ്ഥലത്ത് സ്വകാര്യ വ്യക്തി അവകാശമുന്നയിച്ച് ഭൂമി അളന്നു കൊടുക്കാന്‍ കഴിയാതെ തടസ്സം നില്‍ക്കുന്നതിന് നടപടിയെടുക്കണമെന്നും തലക്കാട് ഒസാന്‍പടി ഭാഗത്ത് റവന്യു അധികൃതര്‍ സ്‌റ്റോപ്പ് മെമ്മൊ നല്‍കിയിട്ടും പാടംനികത്തി കെട്ടിടമുണ്ടാക്കുന്നത് തടയണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
തിരൂര്‍ ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടങ്ങള്‍ക്ക് ഉടന്‍ നമ്പറിട്ട് നല്‍കുമെന്ന് മുനിസിപ്പല്‍ അധികൃതരും താലൂക്കിലെ ഓരോ വകുപ്പും പ്രതിമാസ അവലോകന റിപ്പോര്‍ട്ട് അതാതു മാസത്തെ താലൂക്ക് വികസനസമിതി യോഗത്തില്‍ എത്തിക്കണമെന്ന് തഹസില്‍ദാറും അറിയിച്ചു.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു, തഹസില്‍ദാര്‍ ജാഫര്‍ അലി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ശിവപ്രസാദ്, പി ഉണ്ണി, മന്ത്രി ഡോ.കെ ടി ജലീലിന്റെ പ്രതിനിധി കെ സെയ്തലവി മാസ്റ്റര്‍, സി മമ്മുട്ടി എംഎല്‍എ യുടെ പ്രതിനിധി എ കെ സെയ്താലിക്കുട്ടി, രാഷ്ട്രീയസംഘടന പ്രതിനിധികളായ പി കുഞ്ഞി മൂസ, മേപ്പുറത്ത് ഹംസു, പി എ ബാവ ,സി എം ടി ബാവ, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss