|    Nov 14 Wed, 2018 7:59 am
FLASH NEWS
Home   >  Editpage  >  Readers edit  >  

പൊതുവിദ്യാലയത്തെ രക്ഷിക്കാന്‍

Published : 4th September 2016 | Posted By: SMR

slug-enikku-thonnunnathuമുജീബ്, കോക്കൂര്‍

നിര്‍ണായകമായ അഴിച്ചുപണികളും കാലാനുസൃതമായ മാറ്റങ്ങളും ആര്‍ജവമുള്ള നിലപാടുകളുംകൊണ്ടു മാത്രമേ കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയെ രക്ഷിക്കാനാവൂ. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം താഴേക്കുപോയിട്ടുണ്ട് എന്നതു യാഥാര്‍ഥ്യമാണ്. പരീക്ഷയുടെ പ്രാധാന്യം കുറയുകയും പകരം ആ സ്ഥാനത്തു കടന്നുവന്ന നിരന്തര മൂല്യനിര്‍ണയം ചടങ്ങായി മാറുകയും ചെയ്തത് ഇതിനൊരു പ്രധാന കാരണമാണ്. യോഗ്യതയോ ഗുണനിലവാരമോ നോക്കാതെ തന്നെ ക്ലാസ് കയറ്റം നല്‍കുക വഴി അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വിദ്യാഭ്യാസത്തെ പറ്റി തെറ്റായ സന്ദേശം നല്‍കി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ വര്‍ഷാവര്‍ഷം ഡിവിഷന്‍ കുറയുകയും പകരം സ്വകാര്യ-എയ്ഡഡ് വിദ്യാലയങ്ങളില്‍ വര്‍ധിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാന കാരണം ഗുണനിലവാരം തന്നെയാണ്. അതിനാല്‍ എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന ക്ലാസ്‌കയറ്റരീതി അവസാനിപ്പിക്കണം. പഠന-യോഗ്യതയ്ക്കു പ്രാധാന്യം നല്‍കുകയും നിരന്തര മൂല്യനിര്‍ണയത്തിനുള്ള പ്രാധാന്യം കുറയ്ക്കുകയും വേണം.
പ്രധാനാധ്യാപകന്‍, ഡിഇഒ, ഡിഡി എന്നിവര്‍ സ്‌കൂളിലെ അക്കാദമിക കാര്യങ്ങളുടെ അധികാരകേന്ദ്രങ്ങളാണെങ്കിലും സാധാരണനിലയ്ക്ക് പ്രധാനാധ്യാപകന്‍ ഒഴികെ ആരും കണിശമായി ഇടപെടാറില്ല. പ്രധാനാധ്യാപകനാവട്ടെ പലപ്പോഴും സഹാധ്യാപകരോട് പരിധിയില്‍ കവിഞ്ഞ അധികാരം കാണിക്കുകയുമില്ല. ഇത് അക്കാദമികവളര്‍ച്ചയെ ബാധിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ജാഗ്രത മറ്റാര്‍ക്കുമില്ല എന്ന വസ്തുത കണക്കിലെടുത്ത്, അക്കാദമികരംഗം മോണിറ്ററിങ് ചെയ്യാനും മെച്ചപ്പെടുത്താനുമുള്ള പ്രാഥമിക അധികാരം അധ്യാപക-രക്ഷകര്‍തൃ സമിതിക്കു നല്‍കുകയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ അഭികാമ്യം, പ്രായോഗികം.
കുട്ടികളെ പൊതുവായി കണ്ടുകൊണ്ടുള്ള അധ്യാപനരീതിക്കു പകരം വൈയക്തിക വ്യത്യാസങ്ങള്‍ പരിഗണിച്ചുള്ള അധ്യാപനരീതി നടപ്പാക്കണം. സ്വകാര്യ വിദ്യാലയങ്ങള്‍ ഈ രീതി കുറേയൊക്കെ അവലംബിക്കുന്നുണ്ട്. കുട്ടിയിലുള്ള കഴിവുകള്‍, സ്വഭാവങ്ങള്‍ എന്നിവ സംബന്ധിച്ച സമഗ്രമായ വിവരം അധ്യാപകന്‍ രേഖപ്പെടുത്തിവയ്ക്കണം. ഡയറികള്‍ ഏര്‍പ്പെടുത്തുക, കുട്ടികളുടെ നോട്ടുപുസ്തകങ്ങള്‍ പരിശോധിച്ച് ഒപ്പുവയ്ക്കുക ഇങ്ങനെ രക്ഷിതാക്കളെ കൂടി ഈ രീതി ബോധ്യപ്പെടുത്തുമ്പോള്‍ അവരുമായുള്ള ആശയവിനിമയം സാധ്യമാവുകയും കുട്ടിയുടെ പഠനപുരോഗതിയില്‍ രക്ഷിതാവിന്റെ പങ്കാളിത്തം വര്‍ധിക്കുകയും ചെയ്യും.
കുട്ടികളുടെ അക്ഷരാഭ്യാസം ഉള്‍പ്പെടെയുള്ള അടിസ്ഥാന നിലവാരം പരിശോധിച്ചുകൊണ്ട് വര്‍ഷാധ്യത്തിലും വര്‍ഷാവസാനത്തിലും വെവ്വേറെ റിപോര്‍ട്ടുകളുണ്ടാക്കണം. അതടിസ്ഥാനമാക്കി പ്രധാനാധ്യാപകനും സമിതിയും ചേര്‍ന്നുകൊണ്ട് ഓരോ വര്‍ഷവും അക്കാദമിക് കലണ്ടര്‍ തയ്യാറാക്കണം.
കുട്ടിക്കാലം മുതല്‍ അത്യാധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന കുട്ടികളോട് ക്ലാസ് മുറികളില്‍ അധ്യാപകര്‍ പഴഞ്ചന്‍ രീതി സ്വീകരിക്കുന്നത് അനുചിതമാണ്. ക്ലാസ് മുറിയില്‍ നവസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം. പാഠഭാഗം തീര്‍ക്കുക എന്നതില്‍ പരിമിതമാണ് പലപ്പോഴും അധ്യാപകരുടെ അജണ്ട. രക്ഷിതാക്കളുമായി ആശയവിനിമയം ചെയ്യുന്നതില്‍ ഭൂരിപക്ഷം അധ്യാപകരും പിശുക്കു കാണിക്കുന്നുണ്ട്. അധ്യാപകരുടെ അധ്യാപനരീതി, പെരുമാറ്റം, അനുഭവസമ്പത്ത്, ഫലപ്രാപ്തി, ലീവുകള്‍ തുടങ്ങിയവ മാനദണ്ഡമാക്കി, നിലവാരം കൂടി പരിശോധിച്ച് വര്‍ഷാവര്‍ഷം അധ്യാപകര്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുകയാണു വേണ്ടത്. വേതനവ്യവസ്ഥയിലും ഈ ഗ്രേഡിങ് മാനദണ്ഡമാക്കണം.
അധ്യാപകരുടെ ലീവുകള്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു. ലീവ് കഴിഞ്ഞെത്തുമ്പോള്‍ പാഠഭാഗങ്ങള്‍ ഒറ്റയടിക്ക് തീര്‍ക്കുന്നതു കാരണം കുട്ടികള്‍ക്കതു ബാധ്യതയാവുന്നു. ഇതിനു നിയന്ത്രണം വേണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss