|    Nov 22 Wed, 2017 6:33 pm
FLASH NEWS

പൊതുവിദ്യാലയങ്ങളില്‍ പഠനനിലവാരം മെച്ചപ്പെടുത്തണമെന്ന് ശില്‍പശാല

Published : 12th August 2017 | Posted By: fsq

 

കണ്ണൂര്‍: പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ പഠനനിലവാരം മെച്ചപ്പെടുത്തുകയല്ലാതെ മറ്റു വഴികളില്ലെന്ന് ജില്ലാ പഞ്ചായത്ത് ശില്‍പശാല. സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന “വിദ്യാര്‍ഥിക്കും വിദ്യാലയങ്ങള്‍ക്കും 100 ശതമാനം പദ്ധതിയുമായി ബന്ധപ്പെട്ട ശില്‍പശാലയാണ് പൊതുവിദ്യാലയങ്ങളിലെ അച്ചടക്കവും പഠനനിലവാരവും ഭൗതിക സാഹചര്യവും മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഫുട്‌ബോള്‍ താരം സി കെ വിനീത്, അസിസ്റ്റന്റ് കലക്ടര്‍ ആസിഫ് കെ യൂസുഫ്, ബാലതാരം ബേബി നിരഞ്ജന എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവ് പുലര്‍ത്താന്‍ അവസരം നല്‍കുന്നതാവണം വിദ്യാഭ്യാസമെന്ന സന്ദേശമാണ് ശില്‍പശാല മുന്നോട്ടുവയ്ക്കുന്നതെന്ന് ആമുഖപ്രഭാഷണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു.അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയത് കൊണ്ടുമാത്രം വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം ഉയരണമെന്നില്ല. അതിന് അധ്യാപകരുടെയും രക്ഷാകര്‍തൃ സമിതികളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രയത്‌നം വേണം. ജില്ലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഹൈസ്‌കൂള്‍-പ്ലസ്ടു പരീക്ഷകളില്‍ 100 ശതമാനം വിജയം കൈവരിക്കുന്ന സ്‌കൂളുകളില്‍ പലതും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിറകിലാണ്. സ്‌കൂളിന്റെ അച്ചടക്കവും പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരേപോലെ മെച്ചപ്പെടുന്ന സമഗ്രപുരോഗതിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.     വിദ്യാഭ്യാസമെന്നത് പരീക്ഷയില്‍ മാത്രമല്ല, ജീവിതത്തിലും വിജയിക്കാന്‍ ഉതകുന്നതാവണമെന്ന് അസിസ്റ്റന്റ് കലക്ടര്‍ ആസിഫ് കെ യൂസഫ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥിയായിരിക്കെ ഫുട്‌ബോളിലായിരുന്നു തന്റെ താല്‍പര്യമെന്നും പഠനത്തില്‍ വല്ലാതെ ശ്രദ്ധിക്കാതെ കളി കാര്യമാക്കിയാണ് താന്‍ വളര്‍ന്നതെന്നും ഫുട്‌ബോള്‍ താരം സി കെ വിനീത് പറഞ്ഞു. അഭിനയത്തേക്കാള്‍ സ്‌കൂളിലെത്തി പഠിക്കാനാണ് തിനിക്കിഷ്ടമെന്നായിരുന്നു ബേബി നിരഞ്ജനയുടെ അഭിപ്രായം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, കെ പി ജയബാലന്‍, ടി ടി റംല, അജിത്ത് മാട്ടൂല്‍, കെ വി ഗോവിന്ദന്‍, എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ഡോ. പി വി പുരുഷോത്തമന്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷത്തെ പൊതുപരീക്ഷകളില്‍ 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെ ചടങ്ങില്‍ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക