|    Oct 17 Wed, 2018 8:07 pm
FLASH NEWS

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ജനകീയ ഇടപെടല്‍ ശക്തമാക്കണം: മുഖ്യമന്ത്രി

Published : 15th September 2017 | Posted By: fsq

 

കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാരിന്റെ നിലപാടുകള്‍ക്കൊപ്പം ജനകീയ ഇടപെടലുകളും ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി ആന്റ് സി എസ് സുബ്രഹ്മണ്യന്‍ പോറ്റി സ്മാരക ഗേള്‍സ് ഹൈസ്‌കൂളിലെ ശതാബ്ദി ആഘോഷ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൊതു വിദ്യാലയങ്ങളുടെ അഭിവൃദ്ധിക്ക് സര്‍ക്കാര്‍ മുടക്കുന്ന ധനസഹായം മാത്രം പര്യാപ്തമാവില്ല. പൊതുസമൂഹത്തിന് വലിയ പങ്ക് ഇക്കാര്യത്തില്‍ വഹിക്കാനാകും. ‘എന്റെ സ്‌കൂള്‍’ എന്ന വികാരം മനസിലുള്ള മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികളുടേയും സഹകരണം ഇതിനായി തേടണം. അധ്യാപക രക്ഷകര്‍തൃസമിതികള്‍, നല്ല മനസുള്ള നാട്ടുകാര്‍ എന്നിവരെയെല്ലാം രംഗത്തിറക്കാന്‍ കഴിയണം. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരുടെ സഹായം കൂടിയാകുമ്പോള്‍ പൊതുവിദ്യാലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാനാവും. എയ്ഡഡ് വിദ്യാലയങ്ങളില്‍ സാമ്പത്തിക സാഹചര്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന മാനേജ്‌മെന്റുകളുമുണ്ട്. അത്തരം സ്‌കൂളുകളെയും സാമൂഹിക ഇടപെടലിന്റെ ഭാഗമായി നാടിന്റെ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ സംരക്ഷിക്കണം. എയ്ഡഡ് സ്‌കൂളുകളുടെ അഭിവൃദ്ധിക്കായി നാട്ടുകാര്‍ ചെലവിടുന്ന സംഖ്യക്കൊപ്പം തുല്യമായ ധനസഹായം സര്‍ക്കാര്‍ നല്‍കും. ഒരു കോടി രൂപവരെ ഇത്തരത്തില്‍ സര്‍ക്കാരില്‍ നിന്ന് ലഭ്യമാകും. വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം അക്കാദമിക് നിലവാരവും ഉയര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. കച്ചവട താല്‍പര്യമുള്ള ചിലര്‍ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നു വന്നതോട് കൂടിയാണ് പൊതു വിദ്യാഭ്യാസം പ്രതിസന്ധികളെ നേരിട്ടത്. ഇതിനെ മറികടക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തെ ഒരു ദൗത്യമായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.അയിത്തവും തൊട്ടുകൂടായ്മയും ഉള്‍പ്പടെയുള്ള സാമൂഹ്യ തിന്മകള്‍ കൊടികുത്തിവാണ ഒരു നൂറ്റാണ്ട് മുമ്പ് നാനാജാതി മതസ്ഥര്‍ക്ക് ഒന്നിച്ചിരുന്ന് പഠിക്കാന്‍ ഒരു വിദ്യാലയം തുടങ്ങാന്‍ സി എസ് സുബ്രഹ്മണ്യം പോറ്റിക്ക് കഴിഞ്ഞത് ചരിത്രത്തിലെ വലിയൊരു കാര്യമാണ്. സാമൂഹിക തിന്മകള്‍ക്കെതിരേ ഉറച്ച നിലപാടെടുത്ത ഒരു പോരാളിയായിരുന്നു സുബ്രഹ്മ—ണ്യന്‍ പോറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ജീവതാളം ശില്‍പം പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ആര്‍ രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. എംപിമാരായ കെ സി വേണുഗോപാല്‍, അഡ്വ കെ സോമപ്രസാദ്, എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, എന്‍ വിജയന്‍പിള്ള, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം ശോഭന, പി ആര്‍ വസന്തന്‍, കെ സി രാജന്‍, ഇ കാസിം, പ്രൊഫ. ആര്‍ ചന്ദ്രശേഖരന്‍ പിള്ള  പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss