|    Apr 27 Fri, 2018 2:06 pm
FLASH NEWS
Home   >  Editpage  >  Article  >  

പൊതുവിദ്യാഭ്യാസ തകര്‍ച്ചയും ഡിപിഇപിയും

Published : 12th June 2016 | Posted By: SMR

slug-avkshngl-nishdnglഅംബിക

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ. വിദ്യാഭ്യാസാവകാശ നിയമം നിലവിലുണ്ടെങ്കിലും എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകളും സര്‍ക്കാര്‍ സ്‌കൂളുകളും ആദായകരമല്ലെന്നതിന്റെ പേരില്‍ അടച്ചുപൂട്ടല്‍ നേരിട്ടുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് ഇത്തരമൊരവസ്ഥയിലേക്ക് കേരളത്തിലെ വിദ്യാഭ്യാസം എത്തിപ്പെട്ടത്? 1993-94 കാലഘട്ടം മുതല്‍ക്കാണ് ലോകബാങ്ക് പ്രൊജക്റ്റായ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി(ഡിപിഇപി)യും സര്‍വ ശിക്ഷാ അഭിയാനും(എസ്എസ്എ) ആരംഭിക്കുന്നത്. ഈ പദ്ധതിയെ പഠിച്ച് അതിന്റെ ന്യൂനതകള്‍ പദ്ധതി തുടങ്ങുന്നതിനു മുമ്പേ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അക്കമിട്ടു നിരത്തിയിരുന്നു. എന്നാല്‍, പിന്നീട് ഡിപിഇപി നടപ്പാക്കിയതിനു ചുക്കാന്‍പിടിച്ചത് ഈ പരിഷത്ത് തന്നെയായിരുന്നു.
വിദ്യാഭ്യാസച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ലോകബാങ്ക് പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിലെ വിദ്യാഭ്യാസനിലവാരം തകര്‍ന്നുപോവുമെന്ന് ആശങ്കപ്പെട്ടവരെയും പദ്ധതിയെ വിമര്‍ശിച്ചവരെയും എതിര്‍ത്ത് പദ്ധതി നടപ്പാക്കപ്പെടുകയായിരുന്നു. കേരളത്തില്‍ അതുവരെ നിലനിന്നിരുന്ന വിദ്യാഭ്യാസരീതിക്ക് പ്രശ്‌നങ്ങളും പരിമിതികളുമുണ്ടായിരുന്നെങ്കിലും അത്യാവശ്യം അക്ഷരമെഴുതാനും വായിക്കാനുമൊക്കെ കഴിയുമായിരുന്നു. മാത്രവുമല്ല, ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസരംഗത്ത് കേരളം ഒന്നാംസ്ഥാനത്തായിരുന്നു. എന്നാല്‍, ഇന്ന് കേരളം വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ 25ാംസ്ഥാനത്തെത്തിയിരിക്കുന്നു എന്ന് 2014ലെ നാഷനല്‍ അച്ചീവ്‌മെന്റ് സര്‍വേ വെളിപ്പെടുത്തുന്നു എന്നത് നിസ്സാരകാര്യമല്ല. പ്രാഥമിക വിദ്യാഭ്യാസം തൊട്ട് ഉന്നതവിദ്യാഭ്യാസം വരെ നിലവാരത്തകര്‍ച്ചയിലാണ്.
ഡിപിഇപി നടപ്പാക്കിയതിലൂടെയാണ് കേരളം ഈ സ്ഥാനത്തേക്ക് എത്തിയത് എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. പദ്ധതിയിലൂടെ ഏതുതരം വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് ലഭ്യമായതെന്ന പരിശോധന ഇപ്പോള്‍ പലരും നടത്തുന്നുണ്ട് എന്നത് ആശാവഹമാണ്. ഡാന്‍സും പാട്ടും ഇടയ്ക്ക് പഠിപ്പും എന്നാണ് ഡിപിഇപിയെ പറ്റി വിമര്‍ശകര്‍ പറഞ്ഞിരുന്നത്. വിദേശ ഫണ്ടില്‍ കണ്ണുനട്ടുള്ള പരിഷ്‌കാരങ്ങള്‍ കേരളീയ വിദ്യാഭ്യാസത്തിന്റെ അടിത്തറയും മേല്‍പ്പുരയും തകര്‍ത്തിരിക്കുന്നു. പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നതിനുള്ള അജണ്ട പൂര്‍ത്തിയാവുമ്പോഴും അണ്‍ എയ്ഡഡ് സ്‌കൂളുകളും എന്‍സിഇആര്‍ടി സ്‌കൂളുകളും പെരുകുന്നു. അത്തരം സ്‌കൂളുകളില്‍ സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്നവരുടെ മക്കള്‍ക്കു മാത്രമാണ് പ്രവേശനം നേടാനാവുക. എന്നാല്‍, കേരളത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ കുട്ടികള്‍ക്ക് പ്രാപ്യമായ സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് സ്‌കൂളുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇത് ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നു എന്നു മാത്രമല്ല, സമൂഹത്തെ രണ്ടുതട്ടായി വിഭജിക്കുകയും ചെയ്യുന്നു. അടച്ചുപൂട്ടാന്‍ കോടതി നിര്‍ദേശിച്ച കിരാലൂര്‍ സ്‌കൂളിലെ കുട്ടികളില്‍ ദലിത് കുടുംബങ്ങളില്‍നിന്നുള്ളവരാണ് ഭൂരിപക്ഷവും എന്നത് യാദൃച്ഛികമല്ല. ധനികരുടെയും ഇടത്തരക്കാരുടെയും കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാന്‍ ധാരാളം സ്‌കൂളുകള്‍ ഉണ്ട്. പക്ഷേ, ദരിദ്രര്‍ക്ക് ആശ്രയം സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമാണ്.
സ്‌കൂളുകള്‍ അടച്ചുപൂട്ടുമ്പോള്‍ പ്രതിഷേധവുമായി എത്തുന്നവര്‍ അവരുടെയും ബന്ധുക്കളുടെയും കുട്ടികളെ പൊതുസ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ ആവശ്യമായ ജാഗ്രതയും സന്നദ്ധതയും കാണിക്കുന്നുണ്ടോ? കേരളത്തിലെ ഇടത്തരക്കാര്‍ പൊങ്ങച്ചത്തിന്റെയും ദുരഭിമാനത്തിന്റെയും പേരില്‍ സ്വകാര്യ സ്‌കൂളുകളെ പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. സ്വകാര്യ മൂലധനത്തിനെതിരേ സമരം ചെയ്യുന്ന സംഘടനകളില്‍ ഉള്‍പ്പെടുന്നവര്‍പോലും മക്കളുടെ വിദ്യാഭ്യാസം സ്വകാര്യ സ്‌കൂളുകളില്‍ നിര്‍വഹിക്കാനാണു താല്‍പര്യപ്പെടുന്നത്. കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തിന് മരണമണി മുഴക്കുന്നതില്‍ ഈ രീതി പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്.
കേരളീയ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യ ഉള്ളടക്കവും സാമൂഹികമായി വികസിച്ച താല്‍പര്യങ്ങളും തിരിച്ചുപിടിക്കാന്‍ പൊതുസമൂഹം അടിയന്തരമായി കര്‍മപദ്ധതികള്‍ തയ്യാറാക്കേണ്ടിയിരിക്കുന്നു. ലോകബാങ്ക് കുറിപ്പടിയനുസരിച്ചുള്ള വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ നമ്മുടെ വിദ്യാഭ്യാസത്തെ പിറകോട്ടടിപ്പിക്കുകയാണ് ചെയ്തത് എന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ട് രോഗത്തിനുള്ള ചികില്‍സ തുടങ്ങുകയാണ് ആവശ്യം.
ഇപ്പോഴുണ്ടായിട്ടുള്ള സമ്പൂര്‍ണ തകര്‍ച്ചയുടെ പശ്ചാത്തലത്തിലെങ്കിലും കരിക്കുലവും ബോധനരീതിയും മൂല്യനിര്‍ണയവുമെല്ലാം പരിഷ്‌കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss