|    Feb 23 Fri, 2018 1:39 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പൊതുവിദ്യാഭ്യാസത്തിന് ഒരു പദ്ധതി

Published : 26th January 2017 | Posted By: fsq

പിണറായി വിജയന്‍

(കേരള മുഖ്യമന്ത്രി)

വിദ്യാഭ്യാസമെന്നത് കേവലം അറിവ് ആര്‍ജിക്കല്‍ മാത്രമല്ല എന്നും വിദ്യാര്‍ഥിയെ വിമര്‍ശനാത്മകമായി ചിന്തിക്കുന്നതിനു പ്രാപ്തമാക്കല്‍ കൂടിയാണെന്നും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് അഭിപ്രായപ്പെടുകയുണ്ടായി. അറിവിന്റെ ആകാശങ്ങള്‍ കീഴടക്കാന്‍ ചിറകു നല്‍കുന്നതിനൊപ്പം ജാതി-മത-വര്‍ണഭേദങ്ങള്‍ക്കതീതമായി മാനവികതയുടെ നന്‍മകളിലേക്ക് പുതിയ തലമുറയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൂടി വിദ്യാഭ്യാസത്തിനു കഴിയേണ്ടതുണ്ട്. കേരളം ഈ ഉദ്ദേശ്യത്തോടെ പുതിയൊരു കാല്‍വയ്പു നടത്തുകയാണ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ. ലോകത്തെവിടെയുമുള്ള സമപ്രായക്കാരുമായി അറിവിന്റെയും കഴിവിന്റെയും കാര്യത്തില്‍ തുല്യശേഷിയുള്ളവരായി നമ്മുടെ കുട്ടികളെ മാറ്റാന്‍ ഈ യജ്ഞത്തിലൂടെ സാധിക്കും.  ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം സമൂഹത്തിന്റെ സമഗ്ര പുരോഗതിയും ഗുണമേന്‍മയുള്ള ജീവിതവും ലക്ഷ്യം വച്ച് നാലു മിഷനുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. അവയിലൊന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. 1957ല്‍ അധികാരത്തില്‍ വന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളാണ് ആധുനിക കേരളം കെട്ടിപ്പടുക്കാന്‍ അടിത്തറയിട്ടത്. നവോത്ഥാനപ്രസ്ഥാനത്തിന്റെ കളമൊരുക്കല്‍ അത്തരം നടപടികള്‍ക്കു പിന്‍ബലം നല്‍കി.  ഭൂപരിഷ്‌കരണം, ആരോഗ്യം, വിദ്യാഭ്യാസം, തുല്യനീതി തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ അതിശയിപ്പിച്ച വികസന മാതൃക സൃഷ്ടിച്ചു. അടിസ്ഥാനപരമായ ജീവിതപ്രശ്‌നങ്ങള്‍ക്കു ഫലപ്രദമായ പരിഹാരമുണ്ടാക്കാനായെങ്കിലും ശാസ്ത്ര, സാങ്കേതിക, വ്യാവസായിക, സാമ്പത്തിക മേഖലകളിലുണ്ടായ മാറ്റങ്ങള്‍ക്കനുസൃതമായി കേരള മാതൃക കാലികമായി പരിഷ്‌കരിച്ചു വികസിപ്പിക്കേണ്ടതുണ്ടെന്ന് നാം മനസ്സിലാക്കി. വികസനത്തിന്റെ രണ്ടാംതലമുറപ്രശ്‌നങ്ങള്‍ക്കൊപ്പം ആഗോളവല്‍ക്കരണ നയങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക വിടവുകളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടതായും വന്നു. ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണവും ജനാധിപത്യപരമായ ആവിഷ്‌കാരവുമാണ് ഇതിനുള്ള പ്രതിവിധി എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ നാം നവകേരളം കെട്ടിപ്പടുക്കാനുള്ള ദൗത്യവുമായി മുന്നിട്ടിറങ്ങുകയാണ്. പൊതു വിദ്യാഭ്യാസരംഗം അഭൂതപൂര്‍വമായ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. സമഗ്രവും ബൃഹത്തുമായ ജനകീയ യജ്ഞമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് അല്‍പകാലത്തേക്കുള്ള താല്‍ക്കാലിക പദ്ധതിയല്ല. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഏറ്റവും ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുന്ന മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതിയാണ്; സംസ്ഥാനതലത്തില്‍ പൊതുവായ ചില മാനദണ്ഡങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും. ഓരോ വിദ്യാലയത്തിനും അതിന്റേതായ പ്രത്യേകതകള്‍ക്കനുസരിച്ചു വിശദമായ വികസന രൂപരേഖ തയ്യാറാക്കാനും വ്യത്യസ്തമായ സാമ്പത്തിക ഉറവിടങ്ങള്‍ ഉപയോഗപ്പെടുത്തി അതു യാഥാര്‍ഥ്യമാക്കാനുമാണ് ഉദ്ദേശിക്കുന്നത്. അധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ഥികള്‍, തദ്ദേശഭരണ പ്രതിനിധികള്‍, വിദ്യാഭ്യാസതല്‍പരരായ വ്യക്തികള്‍ എന്നിവരുടെയെല്ലാം നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വികസനരേഖ തയ്യാറാക്കുന്നത് സ്‌കൂള്‍തല കണ്‍വീനര്‍മാരുടെ ചുമതലയാണ്. സര്‍വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ എന്നിവയുടെ സഹായം ഇതിനു ലഭിക്കും. യജ്ഞം നടപ്പാക്കുന്നതിന് സംസ്ഥാനതലത്തില്‍ നാല് ഉപഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിരിക്കുന്നു. ആയിരം സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുക, ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി തലത്തില്‍ എല്ലാ ക്ലാസ്മുറികളും ഹൈടെക് ആക്കി പഠനപ്രക്രിയ കൂടുതല്‍ ഫലപ്രദമാക്കുക, അധ്യാപക-രക്ഷാകര്‍തൃ സംഘടനകള്‍, പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ കാലോചിതമായ വികസനം ഉറപ്പാക്കുക, ശതാബ്ദി, സുവര്‍ണ ജൂബിലി നിറവിലെത്തിയ വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പാക്കേജില്‍ സഹായം നല്‍കുക എന്നിവയാണവ. അടുത്ത രണ്ടുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ 40,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുകയും ഒരു ജില്ലയില്‍ കുറഞ്ഞത് അഞ്ച് സ്‌കൂളുകളെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയും ചെയ്യും.  പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് അക്കാദമിക് നിലവാരം ഉന്നതമാക്കി മാറ്റുന്നതിനുവേണ്ടിയാണ്. അതില്‍ അധ്യാപകസമൂഹം നിര്‍ണായകമായ പങ്കു നിര്‍വഹിക്കേണ്ടതുണ്ട്. അധ്യാപക പരിശീലന പരിപാടികള്‍ പരിഷ്‌കരിച്ച് വിപുലപ്പെടുത്തി അധ്യാപകരെ ശാക്തീകരിക്കും. എസ്‌സിഇആര്‍ടിയിലെയും ഡയറ്റുകളിലെയും ഫാക്കല്‍റ്റി അംഗങ്ങളുടെ പ്രവര്‍ത്തനനിലവാരം വിലയിരുത്തും. ഓരോ ക്ലാസിലും കുട്ടികള്‍ ആര്‍ജിക്കേണ്ട അറിവും നൈപുണികളും കൈവരിച്ചുവെന്ന് ഉറപ്പുവരുത്തും. നാളിതുവരെ അത്രമേല്‍ ശ്രദ്ധയാര്‍ജിക്കാത്ത മേഖലയാണ് പ്രീ സ്‌കൂള്‍ രംഗം. അങ്കണവാടികളുടെയും പ്രീ പ്രൈമറി സ്‌കൂളുകളുടെയും വികസനവും പരിപാലനവും അനിവാര്യമാണ്. പ്രീ സ്‌കൂള്‍ വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസ ധാരയിലേക്ക് കണ്ണിചേര്‍ക്കുകയും ശിശുകേന്ദ്രീകൃതമായ പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കുകയും ചെയ്യും. ആദിവാസിമേഖലയിലടക്കം പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കണം. സ്‌കൂളുകള്‍ ഹൈടെക് ആക്കുമ്പോള്‍ മെച്ചപ്പെട്ട ഡിജിറ്റല്‍ ഉള്ളടക്കം കൂടി ഉണ്ടാവേണ്ടതുണ്ട്. സ്മാര്‍ട്ട് ക്ലാസുകള്‍ മാത്രം പോരാ, അവിടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ വികസിപ്പിച്ചെടുക്കണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷനല്‍ ടെക്‌നോളജി ഡിജിറ്റല്‍ പാഠഭാഗങ്ങള്‍ നിര്‍മിക്കും. കാംപസ് തന്നെ പാഠപുസ്തകം എന്ന ആശയം നാം മുന്നോട്ടുവയ്ക്കുന്നു. കാംപസിനെ ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റുന്നതിലൂടെ സ്‌കൂള്‍ പരിസരം പരിസ്ഥിതി പാഠശാലയായിത്തീരും. കുറഞ്ഞത് പതിനായിരം ഇടങ്ങളെങ്കിലും ഇങ്ങനെ മാറ്റിത്തീര്‍ക്കും. കൃഷിയെയും കൃഷിയിടങ്ങളെയും അറിയുക എന്നതും പ്രധാനമാണ്. മാലിന്യസംസ്‌കരണത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കണം. ഒന്നാം ക്ലാസ് മുതല്‍ വായനസംസ്‌കാരം വളര്‍ത്തുന്നതിനായി സ്‌കൂള്‍ വായനശാലകള്‍ നവീകരിച്ച് പരിശീലനം ലഭിച്ചവരെ നടത്തിപ്പിന് ചുമതലപ്പെടുത്തും. സ്‌കൂള്‍ ലൈബ്രറികളും ലബോറട്ടറിയും നോക്കുകുത്തികളായിത്തീരുന്ന അവസ്ഥ ഉണ്ടായിക്കൂടാ. പഠനത്തിനൊപ്പം തൊഴില്‍ ചെയ്യാനുള്ള കഴിവും കുട്ടിക്കുണ്ടാവണം. വിദ്യാര്‍ഥികളുടെ സര്‍ഗപരമായ കഴിവുകള്‍ വികസിപ്പിക്കുക, കായികക്ഷമത വര്‍ധിപ്പിക്കുക, പഠന പിന്നാക്കാവസ്ഥയുള്ളവരെ പ്രത്യേകമായി പരിഗണിക്കുക, ജനാധിപത്യശീലങ്ങളും ലഹരിവിരുദ്ധ ജീവിതവീക്ഷണവും കാര്‍ഷികമേഖലയോടുള്ള ആഭിമുഖ്യവും വളര്‍ത്തുക എന്നിവയെല്ലാം ലക്ഷ്യംവച്ചുകൊണ്ടുള്ള കര്‍മപദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ജനകീയ സംവിധാനങ്ങളുണ്ടാവും. ജനപങ്കാളിത്തത്തോടെ തയ്യാറാക്കുന്ന വികസന പദ്ധതികള്‍ സമൂഹം വിലയിരുത്തട്ടെ. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റിങ് നടപ്പാവുന്നതോടെ കാര്യക്ഷമത ഉറപ്പാക്കുന്നതില്‍ ജാഗ്രത ഉണ്ടാവുമെന്ന് ഉറപ്പുണ്ട്.  കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കെല്ലാം അതീതമായ മനസ്സോടെ കേരളം ഒരുമിച്ചുനിന്ന് ഈ യജ്ഞം വിജയിപ്പിക്കണം. ഇത് ഭാവിതലമുറയ്ക്കു വേണ്ടി നാം നിറവേറ്റേണ്ടുന്ന ഉത്തരവാദിത്തമാണ്. ഓരോ പൊതുവിദ്യാലയവും ഓരോ സാംസ്‌കാരിക കേന്ദ്രമാവണം. നമ്മുടെ കുട്ടികളെ അര്‍ഥപൂര്‍ണമായ ജീവിതം കെട്ടിപ്പടുക്കാന്‍ പ്രാപ്തരാക്കുന്ന പൊതുവിദ്യാലയങ്ങളെ പരസ്പരം കൈകള്‍ കോര്‍ത്ത് നമുക്കു സംരക്ഷിക്കാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss