|    Oct 24 Tue, 2017 3:23 pm
FLASH NEWS

പൊതുവഴിക്കായുള്ള പോരാട്ടത്തില്‍ നാട്ടുകാര്‍ക്ക് ജയം

Published : 29th August 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: പൊതുവഴിക്കായുള്ള ഒരു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നാട്ടുകാര്‍ക്ക് ജയം.സ്വകാര്യ തേയില തോട്ടം ഉടമ കെട്ടിയടച്ച റോഡ് ആര്‍.ഡി.ഒയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. പെരിയാര്‍-മ്ലാമല കല്ലുകാട് ഹരിജന്‍ കോളനിയോട് ചേര്‍ന്ന ഇരുന്നൂറോളം കുടുംബങ്ങളുടെ ഒരു വര്‍ഷം നീണ്ടു നിന്ന നിയമ പോരാട്ടമാണ് വിജയം കണ്ടത്. ഇതിനിടയില്‍ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പുതിയാപറമ്പില്‍ സണ്ണി വാഹന അപകടത്തില്‍ മരിച്ചത് ഇന്നും ഇവര്‍ക്ക് വേദനയാണ്.  സ്വകാര്യ തേയില തോട്ടത്തിന്റെ നടുവിലൂടെയുള്ള റോഡ് ഈ പ്രദേശത്ത് താമസിക്കുന്ന ആളുകള്‍ അറുപത് വര്‍ഷക്കാലമായി ഉപയോഗിച്ച് കൊണ്ടിരുന്നതാണ്. കഴിഞ്ഞ വര്‍ഷം തോട്ടം ഉടമ റോഡ് കെട്ടിയടച്ചു. വാഹനം കൊണ്ട് ഇടിപ്പിച്ച് തേയിലച്ചെടികള്‍ നശിപ്പിച്ചു എന്ന കാരണം കാട്ടിയാണ് തോട്ടം ഉടമ വഴി അടച്ചത്. ഇതിനെ തുടര്‍ന്ന് ദുരിതത്തിലായ പ്രദേശവാസികള്‍ ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കി. തോട്ടം ഉടമയും നാട്ടുകാരും മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിലായി. നാലു മാസം മുന്‍പ് കേസുമായി ബന്ധപ്പെട്ട് ഇടുക്കിക്ക് പോയി തിരികെ വരുമ്പോള്‍ കട്ടപ്പനയ്ക്ക് സമീപത്ത് വെച്ച് ഓട്ടോ അപകടത്തില്‍പ്പെട്ട് സമരനായകന്‍ സണ്ണി(54) മരിച്ചു. എന്നാല്‍ പരാജയപ്പെട്ട് പിന്‍മാറാന്‍ തയ്യാറാകാതിരുന്ന പ്രദേശവാസികള്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച തോട്ടം ഉടമയ്‌ക്കെതിരെ  ഒറ്റക്കെട്ടായി നിലകൊണ്ടു.ഈ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി നിജസ്ഥിതി റിപ്പോര്‍ട്ട് ആര്‍.ഡി.ഒ.യ്ക്ക് കൈമാറി. ഇതിന്റെ അടിസ്ഥനത്തില്‍ കഴിഞ്ഞ ദിവസം റോഡ് തുറന്നു നല്‍കാന്‍ ആര്‍.ഡി.ഒ. ഉത്തരവിടുകയായിരുന്നു.  മഞ്ചുമല വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാര്‍ക്കായി റോഡ് തുറന്നു നല്‍കി.റോഡ് തുറന്നു കിട്ടിയതില്‍ എല്ലാവരും സന്തോഷത്തിലാണ്. സണ്ണിയുടെ ഭാര്യ റോജിന്‍, ജോയി പുളിക്കല്‍, റോയി ഫിലിപ്പ്,കെ കെ ഗോപി, ചന്ദ്രന്‍, എന്നിവരാണ് നിയമ പോരാട്ടത്തിനു നേതൃത്വം നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക