|    Jul 25 Tue, 2017 4:23 am
FLASH NEWS

പൊതുയാത്രാ മാര്‍ഗങ്ങളില്ലാതെ തുറവുംകര ഗ്രാമം

Published : 13th July 2017 | Posted By: fsq

 

കാലടി: അങ്കമാലി ബ്ലോക്ക് പരിധിയില്‍ പൊതുയാത്രാ മാര്‍ഗങ്ങളില്ലാത്ത ഏക ഗ്രാമമാണ് തുറവുംകര. ഇതുമൂലം നാട്ടുകാര്‍ തീരാദുരിതംപേറുന്നു. അന്താരാഷ്ട്ര വിമാനത്താവളം വന്നപ്പോള്‍ ഒറ്റപ്പെട്ട് തുരുത്തായിമാറിയ കാഞ്ഞൂര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡാണിവിടം. നേരത്തെയുണ്ടായിരുന്ന പ്രധാന പാതകളെല്ലാം മുറിഞ്ഞ് പോയപ്പോള്‍ ഇതിലേയുണ്ടായിരുന്ന ഏക ബസ് സര്‍വീസും നിലച്ചു. തുടര്‍ന്ന് നടന്ന നിരവധി സമരങ്ങളുടെ ഫലമായി പകരം റോഡുകള്‍ നല്‍കിയെങ്കിലും ബസ് സര്‍വീസ് വന്നില്ല. പിന്നീട് അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നിര്‍ദേശാനുസരണം ആലുവയില്‍ നിന്ന് മഞ്ഞപ്ര വരെയും തിരിച്ചുമുള്ള കെഎസ്ആര്‍ടിസി ബസ് ഓടിത്തുടങ്ങി. എന്നാല്‍ സമയനിഷ്്ഠ പാലിക്കാതെയും മറ്റും ഓടിച്ച് നഷ്ടത്തിലായതുമൂലം സര്‍വീസ് നിലയ്ക്കുകയായിരുന്നു. ഈ സര്‍വീസ് ആരംഭിച്ചപ്പോള്‍ രാവിലെ 7മണിക്കുള്ള ആദ്യസര്‍വീസ് 8നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു മാസത്തിനുശേഷം സമയമാറ്റമെന്ന ഉറപ്പാണ് കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയത്. പിന്നീട് രാവിലത്തെ സമയം മാറ്റാനാകില്ലെന്നായിരുന്നു വിശദീകരണം. കൂലിപ്പണിക്കാര്‍ പോലും പോകാത്ത സമയത്ത് ഒരാളുമില്ലാതെ ബസ് പോകുന്നതു നോക്കി നെടുവീര്‍പ്പിടുകയായിരുന്നു പ്രദേശവാസികള്‍. വിമാനത്താവളത്തിലേക്കുള്ള എളുപ്പവഴിയായതിനാല്‍ നൂറുകണക്കിന് സ്വകാര്യവാഹനങ്ങള്‍ കടന്നുപോകുന്ന പിഡബ്യുഡി റോഡുണ്ടെങ്കിലും പൊതുയാത്രാമാര്‍ഗങ്ങളില്ലാത്തതിനാല്‍ സ്ത്രീകള്‍, കുട്ടികള്‍, തൊഴിലാളികള്‍, വൃദ്ധരുമെല്ലാം മൂന്നുകിലോമീറ്റര്‍ നടന്നാണ് ബസ് റൂട്ടിലെത്തുന്നത്. നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും തുറവുംകരയുടെ യാത്രാക്ലേശം പരിഹരിക്കണമെന്നുമാണ് പൊതുവായി ഉയരുന്ന ആവശ്യം. സമയക്രമം പാലിച്ചും ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കിയും ബസ് ഓടിച്ചാല്‍ ലാഭകരമാകുമെന്ന് ഉറപ്പാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക