|    Nov 24 Fri, 2017 5:28 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പൊതുമേഖല : ബോണസ് പരിധി 21,000 രൂപ

Published : 3rd August 2017 | Posted By: fsq

 

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള ഈ വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പ്രതിമാസം 21,000 രൂപ വരെ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്കു മാത്രമേ ബോണസിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. ശമ്പളം 21,000 രൂപയില്‍ കൂടുതലുള്ളവര്‍ക്ക് പ്രത്യേക ഉല്‍സവബത്ത മാത്രമേ ലഭിക്കൂ. അടിസ്ഥാന ശമ്പളത്തിന്റെ 8.33 ശതമാനമാണ് ഏറ്റവും കുറഞ്ഞ ബോണസ്. സംസ്ഥാന സര്‍ക്കാരിന് ഭൂരിഭാഗം ഓഹരിയുള്ള പൊതുമേഖലാസ്ഥാപനങ്ങളിലാണ് ഈ നിരക്ക്. 2016-17 വര്‍ഷം ഉള്‍പ്പെടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏതെങ്കിലും വര്‍ഷം ഉല്‍പാദനം ആരംഭിച്ച പൊതുമേഖലാസ്ഥാപനവും ബോണസ് നല്‍കണം. 2016-17 വര്‍ഷം ലാഭം നേടിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ബോണസ് വിതരണ നിയമപ്രകാരമുള്ള ബോണസ് നല്‍കണം. ബോണസ് 20 ശതമാനത്തില്‍ കൂടുകയാണെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. നിരന്തരം നഷ്ടത്തിലാവുകയും സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റായോ ബജറ്റ് വിഹിതമായോ മൂലധനസഹായമായോ 2016-17 വര്‍ഷം ലാഭം നേടുകയും ചെയ്യുകയോ 2017 മാര്‍ച്ച് 31ന് കമ്പനിയുടെ ആകെ നേട്ടം കുറവാണെങ്കിലോ ബോണസ് 8.33 ശതമാനം എന്ന പരിധിയില്‍ നിര്‍ത്തണം. 2016-17 വര്‍ഷം നഷ്ടത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനം ബോണസ് വിതരണ നിയമപ്രകാരമുള്ള 8.33 ശതമാനം ബോണസില്‍ അധികം നല്‍കേണ്ടതില്ല. കയര്‍, കശുവണ്ടി മേഖലയിലെ ജീവനക്കാര്‍ക്ക് അതത് വ്യവസായബന്ധ സമിതിയുടെ തീരുമാനമനുസരിച്ചായിരിക്കണം ബോണസ് നല്‍കേണ്ടത്. എക്‌സ്‌ഗ്രേഷ്യ, ഇന്‍സെന്റീവ്, സമ്മാനം തുടങ്ങി ഏതുപേരിലുള്ള ബോണസും മാര്‍ഗരേഖയില്‍ സൂചിപ്പിച്ചിട്ടുള്ള തുകയില്‍/വിഭാഗത്തില്‍ പരിധിയില്‍ വരുന്നതായിരിക്കണം.മാര്‍ഗരേഖയ്ക്കു വിരുദ്ധമായി ബോണസ് നല്‍കാന്‍ പാടില്ല. മാര്‍ഗരേഖയിലെ വ്യവസ്ഥകളിലെ ലംഘനത്തിന് സ്ഥാപനമേധാവിയും സ്ഥാപനത്തിലെ ധനകാര്യവിഭാഗം മേധാവിയും ഉത്തരവാദികളായിരിക്കും. മാര്‍ഗരേഖയില്‍നിന്നു വ്യതിചലിക്കുകയാണെങ്കില്‍ അതിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെ ഓണത്തിന് 15 ദിവസം മുമ്പെങ്കിലും പ്രപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം. ഉല്‍പാദനമുള്ള സഹകരണസ്ഥാപനങ്ങള്‍ക്കും ഈ മാര്‍ഗരേഖ ബാധകമാണ്. ഉല്‍പാദനമില്ലാത്ത സഹകരണസ്ഥാപനങ്ങളിലെ ബോണസ് കോ-ഓപറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറുടെ പ്രത്യേക നിര്‍ദേശത്തിനനുസരിച്ചായിരിക്കും. തൊഴില്‍മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന മൂന്നാംകക്ഷി ചര്‍ച്ചയിലൂടെ ബന്ധപ്പെട്ട മന്ത്രിമാര്‍ സ്വീകരിക്കുന്ന തീരുമാനം മന്ത്രിസഭയുടെ അംഗീകാരത്തോടെ നടപ്പാക്കണം. മാര്‍ഗരേഖയ്ക്ക് വിരുദ്ധമായി നല്‍കുന്ന അധിക തുക ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഫിസര്‍മാരില്‍ നിന്ന് ഈടാക്കേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക