|    Feb 26 Sun, 2017 11:12 pm
FLASH NEWS

പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം പഠിക്കാന്‍ വിജിലന്‍സില്‍ ഗവേഷണ വിഭാഗം; അന്വേഷണ പരിധിയില്‍ നല്ലളം ഡീസല്‍ പവര്‍ പ്ലാന്റും

Published : 17th November 2016 | Posted By: SMR

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലായതിന്റെ മൂലകാരണം കണ്ടെത്താന്‍ വിജിലന്‍സിനു കീഴില്‍ റിസര്‍ച്ച് ആന്റ് ട്രെയ്‌നിങ് വിഭാഗം രൂപീകരിച്ചതായി വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്. അഴിമതിയാരോപണങ്ങളുടെ നിഴലില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള തീരുമാനം മുതല്‍ ഇവിടങ്ങളില്‍ നടന്ന അഴിമതികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈ വിഭാഗം ഗവേഷണത്തിന് വിധേയമാക്കും.
കോഴിക്കോട് നല്ലളം ഡീസല്‍ പവര്‍ പ്രൊജക്റ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അന്വേഷണത്തിന്റെ പരിധിയിലുണ്ട്. രണ്ടുമാസമായി സംസ്ഥാനത്തെ 80 വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച പരിശീലനം നല്‍കിവരുകയാണ്. 100 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഈ വിഭാഗം ഓരോ ജില്ലയിലും പ്രവര്‍ത്തിക്കും. ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തുടര്‍ച്ചയായി അഴിമതി നടക്കുന്ന സാഹചര്യം പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് റിസര്‍ച്ച് ആന്റ് ട്രെയ്‌നിങ് വിഭാഗം ലക്ഷ്യമിടുന്നത്. കോഴിക്കോട് യൂനിവേഴ്‌സല്‍ ആര്‍ട്‌സ് സ്ഥാപകന്‍ കെ പി ആന്റണി മാസ്റ്ററുടെ ചരമവാര്‍ഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മകനും ചിത്രകാരനുമായ കെ എ ഫ്രാന്‍സിസിന്റെ ചിത്രപ്രദര്‍ശനം അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഉദ്ഘാടനം ചെയ്തതിനുശേഷം പൊതുജനങ്ങളുമായി നടത്തിയ സംവാദത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്.
പ്രമുഖര്‍ക്കെതിരേ വിജിലന്‍സില്‍ ലഭിക്കുന്ന പരാതികള്‍ ഇതുവരെ കൈകാര്യം ചെയ്തിരുന്നത് ടി സെക്ഷന്‍ എന്ന പേരില്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്ത യൂനിറ്റായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം പരാതികളുടെ തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയാന്‍ സാഹചര്യം ഉണ്ടായിരുന്നില്ല. ഇതിന് പരിഹാരമായി ടി സെക്ഷന്‍ തന്നെ നിര്‍ത്തലാക്കി എല്ലാ പരാതികളും ഒരേ നടപടിക്രമത്തിനു കീഴില്‍ കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് നടന്നുവരുന്ന സാമ്പത്തിക വിനിമയങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എംഎല്‍എ, എംപി ഫണ്ട് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലാത്ത രീതിയില്‍ വയനാട് ജില്ലയില്‍ നടത്തിയ 11 പ്രവൃത്തികളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ ഭൂഗര്‍ഭ ജലവിതാനം താഴ്ന്നതു സംബന്ധിച്ച് ഇരുപതോളം വകുപ്പുകളോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ പൊതുപ്രവര്‍ത്തകര്‍ക്കെതിരേ ബിജെപി നേതാവ് വി മുരളീധരന്‍ വിജിലന്‍സിനു നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും ഇതുസംബന്ധിച്ച് പരാതിക്കാരനില്‍ നിന്നു രണ്ടുതവണ മൊഴിയെടുത്തതായും വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day