|    Sep 26 Tue, 2017 12:20 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പൊതുമേഖലാ ബോണസ് : മാര്‍ഗരേഖ പുറപ്പെടുവിച്ചു

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള ഈ വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗരേഖ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവായി. നാളിതുവരെയുള്ള ഭേദഗതികളുള്‍പ്പെടെ ബോണസ് വിതരണ നിയമപ്രകാരമാവണം നല്‍കേണ്ടത്. പ്രതിമാസം 21000 രൂപ വരെ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്കു മാത്രമേ ബോണസിന് അര്‍ഹതയുണ്ടാവൂ. ശമ്പളം 21000 രൂപയില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് പ്രത്യേക ഉല്‍സവബത്ത മാത്രമേ ലഭിക്കൂ.അടിസ്ഥാന ശമ്പളത്തിന്റെ 8.33 ശതമാനമാണ് ഏറ്റവും കുറഞ്ഞ ബോണസ്. സംസ്ഥാന സര്‍ക്കാരിന് ഭൂരിഭാഗം ഓഹരിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലാണ് ഈ നിരക്ക്. 2016-17 വര്‍ഷം ഉള്‍പ്പെടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏതെങ്കിലും വര്‍ഷം ഉല്‍പാദനമാരംഭിച്ചതും ലാഭം നേടിയതുമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ബോണസ് നല്‍കണം. ബോണസ് 20 ശതമാനത്തില്‍ കൂടുകയാണെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. നിരന്തരം നഷ്ടത്തിലാവുകയും സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റായോ ബജറ്റ് വിഹിതമായോ, മൂലധന സഹായമായോ 2016-17 വര്‍ഷം ലാഭം നേടുകയും ചെയ്യുകയോ 2017 മാര്‍ച്ച് 31ന് കമ്പനിയുടെ ആകെ നേട്ടം കുറവാണെങ്കിലോ ബോണസ് 8.33 ശതമാനം പരിധിയില്‍ നിര്‍ത്തണം. 2016-17 വര്‍ഷം നഷ്ടത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനം ബോണസ് വിതരണം നിയമം പ്രകാരമുള്ള 8.33 ശതമാനം ബോണസില്‍ അധികം നല്‍കേണ്ടതില്ല. കയര്‍, കശുവണ്ടി മേഖലയിലെ ജീവനക്കാര്‍ക്ക് അതത് വ്യവസായബന്ധ സമിതിയുടെ തീരുമാനമനുസരിച്ചാവണം ബോണസ് നല്‍കേണ്ടത്. മാര്‍ഗരേഖയ്ക്കു വിരുദ്ധമായി ബോണസ് നല്‍കാന്‍ പാടില്ല. വ്യവസ്ഥകളിലെ ലംഘനത്തിന് സ്ഥാപനമേധാവിയും സ്ഥാപനത്തിലെ ധനകാര്യ വിഭാഗം മേധാവിയും ഉത്തരവാദികളായിരിക്കും. മാര്‍ഗരേഖയില്‍ നിന്നു വ്യതിചലിക്കുകയാണെങ്കില്‍ അതിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെ ഓണത്തിന് 15 ദിവസം മുമ്പെങ്കിലും പ്രപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം. മാര്‍ഗരേഖ സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഉല്‍പാദനമുള്ള സഹകരണ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. ഉല്‍പാദനമില്ലാത്ത സഹകരണ സ്ഥാപനങ്ങളിലെ ബോണസ് കോ-ഓപറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറുടെ പ്രത്യേക നിര്‍ദേശം അനുസരിച്ചാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക