|    Oct 21 Sun, 2018 6:54 am
FLASH NEWS
Home   >  Editpage  >  Editorial  >  

പൊതുമേഖലയുടെ വന്‍ തകര്‍ച്ച

Published : 15th February 2018 | Posted By: kasim kzm

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

നവ ഉദാരവല്‍ക്കരണത്തിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളാകെ സ്വകാര്യവല്‍ക്കരണത്തിന്റെ കടലെടുത്തുപോവുമെന്ന് ഇപ്പോള്‍ നാം അനുഭവിച്ചറിയുന്നു. അതിന്റെ നേര്‍ക്കാഴ്ചയിലാണു കേരളമിപ്പോള്‍. ജനജീവിതത്തിന്റെ ജീവനാളിയായ സ്ഥാപനങ്ങളിലൊന്നാണ് കേരള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍. അതിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും പ്രതിസന്ധികളിലും കൂറോടെ നിന്നു പ്രവര്‍ത്തിച്ച് വിരമിച്ച ജീവനക്കാരില്‍ 15 പേരാണ് ഇതിനകം ആത്മഹത്യ ചെയ്തത്. സുല്‍ത്താന്‍ ബത്തേരിയിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കെഎസ്ആര്‍ടിസി മുന്‍ ഓഫിസ് സൂപ്രണ്ട് “ജീവിതം മതിയായി’ എന്നാണ് എഴുതിവച്ചത്.
കൃഷിക്കാരുടെ ഇടയിലായിരുന്നു ഇത്തരം ആത്മഹത്യകള്‍ മുമ്പു കണ്ടത്. കൃഷിനഷ്ടവും വിലയിടിവും കാര്‍ഷികമേഖലയെ തകര്‍ത്തപ്പോള്‍ കൃഷിക്കാരുടെ ആത്മഹത്യ ദേശീയ ദുരന്തമായി തുടര്‍ന്നു. അപ്പോഴും പൊതുമേഖലാ സ്ഥാപനങ്ങള്‍ സുരക്ഷിതമാണെന്ന് ആളുകള്‍ കരുതി. അവരുടെ തലയിലാണ് ഇപ്പോള്‍ ഇടിത്തീ വീണിരിക്കുന്നത്.
സിപിഎമ്മിനു നേതൃത്വമുള്ള ഇടതു ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് അധികാരത്തിലിരിക്കുന്ന കേരളത്തില്‍ ജീവിതത്തിന്റെ സായംസന്ധ്യയില്‍ വിശ്രമജീവിതം നയിക്കേണ്ട ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ ആത്മഹത്യാമുനമ്പിലാണ്. നിസ്സഹായരും നിരാശരുമായി അവര്‍ ജീവിതം അവസാനിപ്പിക്കുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 584 കോടി രൂപ പെന്‍ഷന്‍ കുടിശ്ശിക വരുത്തിയ ഭരണ കെടുകാര്യസ്ഥതയാണ് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചത്. കെഎസ്ആര്‍ടിസിയുടെ പ്രതിദിന ചെലവ് കടം തിരിച്ചടവടക്കം 7.47 കോടി രൂപയാണ്. ഏഴു കോടിയില്‍ താഴെയാണ് പ്രതിദിന വരുമാനം.
പെന്‍ഷന്‍ ബാധ്യത കെഎസ്ആര്‍ടിസി നിര്‍വഹിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. കുടിശ്ശികയോ തുടര്‍ന്നുള്ള പ്രതിമാസ പെന്‍ഷനോ കൊടുക്കാനുള്ള വരുമാനമില്ലെന്ന് കെഎസ്ആര്‍ടിസി. മാസങ്ങളായി തുടര്‍ന്ന ഈ വിരുദ്ധ നിലപാടുകളും കോടതി കേസുകളും വകുപ്പിന് നാഥനില്ലാതായതും ഗതികെട്ട് പെന്‍ഷന്‍കാര്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തിയ സമരവും സൃഷ്ടിച്ച അനിശ്ചിതത്വമാണ് 15 പേര്‍ ആത്മഹത്യയില്‍ അഭയംപ്രാപിക്കാന്‍ ഇടയാക്കിയത്.
ആത്മഹത്യചെയ്തവരിലോ അവരുടെ കുടുംബങ്ങളിലോ മാത്രം ഒതുങ്ങിനില്‍ക്കുന്ന വിഷയമല്ല കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധി. പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമായി മുന്നോട്ടു കൊണ്ടുപോവേണ്ടത് അതിന്റെ മാത്രം ബാധ്യതയാണെന്നത് നവ ഉദാരവല്‍ക്കരണ നയമാണ്. അതിന്റെ ഓഹരി വില്‍ക്കുകയോ പൊളിച്ചടുക്കുകയോ ചെയ്ത് സ്വകാര്യമേഖലയ്ക്ക് ലാഭം കൊയ്യാനുള്ള വഴി തുറന്നുകൊടുക്കുക എന്നതാണ് ആ നയം. അതാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ കാര്യത്തില്‍ കാണുന്നത്.
സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നുള്ള കടമെടുപ്പ്, അതിന് സര്‍ക്കാരിന്റെ ജാമ്യം, 1000 കോടിയുടെ പുനരുദ്ധാരണ പാക്കേജ്, നിശ്ചിത ഉല്‍പാദനക്ഷമത ഉറപ്പാക്കിക്കൊള്ളണമെന്ന ഉപാധികള്‍, കെഎസ്ആര്‍ടിസിയെ മേഖലകളായി വിഭജിച്ച് പൊളിച്ചടുക്കാനുള്ള പദ്ധതി. അര്‍ഹതയുള്ളവര്‍ മാത്രം ജീവിച്ചാല്‍ മതിയെന്ന നവ ഉദാരവല്‍ക്കരണ കാലത്തിന്റെ കുറിപ്പടിയാണ് കെഎസ്ആര്‍ടിസിയുടെ മുമ്പില്‍.
അങ്ങനെ കൈകാര്യം ചെയ്യേണ്ട ഒരു സ്ഥാപനമാണോ കെഎസ്ആര്‍ടിസി? ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ഈ നയമാണോ കെഎസ്ആര്‍ടിസിയോട് സ്വീകരിക്കേണ്ടത്? കേവലം ഒരു പൊതുമേഖലാ സ്ഥാപനമല്ല കെഎസ്ആര്‍ടിസി. ഐക്യകേരളത്തിന്റെ ഏകോപനത്തിന്റെ പശ്ചാത്തലശക്തിയും ജനജീവിതത്തിന്റെ അടിസ്ഥാന ആശ്രയവുമായിട്ടാണ് അതു നിലകൊള്ളുന്നത്. കെഎസ്ആര്‍ടിസി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് അതിന്റെ നഷ്ടത്തിന്റെ കണക്കുകള്‍ പെരുകിയത്. വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം തൊട്ട് വനാന്തരങ്ങളിലും ഗ്രാമാന്തരങ്ങളിലും വരുമാനമോ ലാഭമോ നോക്കാതെ കെഎസ്ആര്‍ടിസി നിര്‍വഹിച്ചുപോരുന്ന സേവനത്തിന്റെ മൂല്യം അളക്കാന്‍ കഴിയാത്തതാണ്.
വേതനം പറ്റാതെ ബസ്സുകള്‍ നിര്‍മിച്ച് മുതല്‍കൂട്ടിയും സ്ഥാപനത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും പരമാവധി അധ്വാനിച്ചും മാതൃക കാട്ടിയ ജീവനക്കാരാണ് കെഎസ്ആര്‍ടിസിയുടേത്. തൊഴിലാളിവര്‍ഗബോധം വളര്‍ത്തിയെടുക്കുന്നതിലും സിപിഎമ്മിന്റെ രാഷ്ട്രീയ വളര്‍ച്ചയിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ വഹിച്ച പങ്ക് മറക്കാനാവാത്തതാണ്.
കാലാകാലങ്ങളില്‍ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ അവരുടെ കറവപ്പശുവും തേവരുടെ ആനയുമായി കെഎസ്ആര്‍ടിസിയെ കൈകാര്യം ചെയ്തത് ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധിയുടെ മറ്റൊരു വശമാണ്. അത് ഇത്രയും രൂക്ഷമാക്കിയത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് ഭരണത്തില്‍ വന്നതോടെയാണ്. ഇഷ്ടപ്പെടാത്ത ബ്യൂറോക്രാറ്റുകളെ നാടുകടത്താനുള്ള ഇടങ്ങളിലൊന്നായി കെഎസ്ആര്‍ടിസിയെ മാറ്റിയത് ഈ ഗവണ്‍മെന്റാണ്. എന്നിട്ടും അതിന്റെ തലപ്പത്തിരുന്ന് കാര്യങ്ങള്‍ ആത്മാര്‍ഥമായി കൈകാര്യം ചെയ്തു തുടങ്ങിയവരെ അവിടെനിന്ന് ഓടിച്ചതും കണ്ടു.
കെടുകാര്യസ്ഥതയ്ക്കു പുറമേ ധനമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ചുള്ള സാമ്പത്തിക തീരുമാനങ്ങള്‍കൂടിയായപ്പോള്‍ കാര്യങ്ങള്‍ പിടിവിട്ടുപോയി. ആദ്യം വന്ന വകുപ്പുമന്ത്രി ഫോണ്‍കെണിയിലും പകരക്കാരനായി വന്ന കോടീശ്വരന്‍ കോടതി കയറിയും രാജിവച്ചപ്പോള്‍ ഇതൊരു നാഥനില്ലാക്കളരിയായി. മൂന്നുമാസമായി മുഖ്യമന്ത്രി തന്നെയാണ് വകുപ്പു ഭരിച്ചത്. ഇതിനിടയിലാണ് പെന്‍ഷന്‍പോലും കിട്ടാത്ത സ്ഥിതിയും പെന്‍ഷന്‍കാരുടെ സംഘടനകളുടെ സമരവും ഉണ്ടായത്. സ്വയം ജീവനെടുത്തുകൊണ്ടുള്ള അവസാനത്തെ പ്രതിഷേധരൂപവും.
ഈ 15 ആത്മഹത്യകളില്‍ പെടുത്തേണ്ട ഒരു ദാരുണ മരണം കഴിഞ്ഞ ദിവസമുണ്ടായി. മൂന്നുവര്‍ഷം മുമ്പ് വിരമിച്ച ഡിപ്പോ മാനേജര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമോ പെന്‍ഷനോ കിട്ടിയില്ല. ഹൃദ്രോഗബാധിതനായ ആളുടെ ചികില്‍സയ്ക്കും മകളുടെ വിദ്യാഭ്യാസത്തിനും അദ്ദേഹത്തിന്റെ ഭാര്യക്ക് നഗരത്തിലെ ഫഌറ്റുകളില്‍ ജോലിക്കു പോവേണ്ടിവന്നു. അടിയന്തര ഹൃദയശസ്ത്രക്രിയ നടത്താന്‍ ആശുപത്രിയില്‍ പണം കെട്ടിവയ്ക്കാന്‍ കഴിഞ്ഞില്ല. നെഞ്ചുവേദന അനുഭവപ്പെട്ട ആ കുടുംബനാഥനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യക്ക് പ്രേരണയാവുന്നവരെയും മനപ്പൂര്‍വമല്ലാത്ത മരണത്തിന് ഉത്തരവാദികളാവുന്നവരെയും കേസെടുത്ത് ശിക്ഷിക്കാന്‍ നിയമമുള്ള രാജ്യത്താണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജീവിതം സമര്‍പ്പിച്ചവര്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നത്.
കെഎസ്ആര്‍ടിസിക്കു പിറകെ വൈദ്യുതിവകുപ്പും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വിവരം കഴിഞ്ഞയാഴ്ച പുറത്തുവന്നു. കെഎസ്ഇബിയുടെ ചെയര്‍മാന്‍ എന്‍ എസ് പിള്ളയാണ് ജീവനക്കാര്‍ക്ക് നേരിട്ടയച്ച കത്തില്‍ ഈ കാര്യം വെളിപ്പെടുത്തുന്നത്. ധനവകുപ്പില്‍ മെംബര്‍ സെക്രട്ടറിയായിരുന്ന പിള്ള ഈയിടെയാണ് കെഎസ്ഇബി ചെയര്‍മാനായി ചുമതലയേറ്റത്.
ബോര്‍ഡും ജീവനക്കാരും സര്‍ക്കാരും ഉള്‍പ്പെട്ട ത്രികക്ഷി കരാര്‍പ്രകാരം 2013ല്‍ രൂപീകരിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ട്രസ്റ്റ് ശൂന്യമാണെന്നു പുതിയ ചെയര്‍മാന്‍ വെളിപ്പെടുത്തുന്നു. ഉപഭോക്താക്കളില്‍ നിന്ന് ദൈനംദിനം ലഭിക്കുന്ന പണമാണ് റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം മറികടന്ന് പെന്‍ഷനായി വിതരണം ചെയ്യുന്നത്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഏറെ ലാഘവത്തോടെയാണ് വൈദ്യുതിമന്ത്രി എം എം മണി പ്രതികരിച്ചത്: “”വൈദ്യുതി ബോര്‍ഡിന് വേണ്ടത്ര സ്വത്തുണ്ട്. പെന്‍ഷന്‍ കിട്ടാതെ വരുന്ന സ്ഥിതിയോ അതിനു വേണ്ടി സമരം നടത്തേണ്ട അവസ്ഥയോ ഉണ്ടാവില്ല.’’ വിത്ത് കുത്തിത്തിന്നാന്‍ വകയുണ്ടെന്ന് മന്ത്രി ആശ്വസിപ്പിക്കുന്നു. ജനങ്ങളുമായി നിത്യേന ബന്ധപ്പെടുന്ന മറ്റു രണ്ടു വകുപ്പുകളായ ആരോഗ്യവും വിദ്യാഭ്യാസവും ഭരണപരമായ കെടുകാര്യസ്ഥതകൊണ്ടും അരാജകത്വംകൊണ്ടും പ്രതിസന്ധിയിലാണ്. ചുരുക്കത്തില്‍ സര്‍ക്കാരിനെ ലക്ഷ്യത്തിലേക്ക് നയിക്കാനാവാത്ത സ്ഥിതിയിലാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് കേരളത്തിലെത്തിനില്‍ക്കുന്നത്. ദിശ നഷ്ടപ്പെട്ട് നീങ്ങുകയാണു ഭരണം. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss