|    Feb 27 Mon, 2017 7:46 pm
FLASH NEWS

പൊതുമുതല്‍ ചോര്‍ത്തുന്ന പദ്ധതികള്‍

Published : 24th October 2016 | Posted By: SMR

കേരള സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ചു പുറത്തുവന്നിരിക്കുന്ന സിഎജി റിപോര്‍ട്ട് ഇതുസംബന്ധമായി നേരത്തേ ഉയര്‍ന്നുവന്നിരുന്ന പല ആശങ്കകളെയും ശരിവയ്ക്കുന്നതാണ്. ഗുജറാത്തിലെ അദാനി ഗ്രൂപ്പുമായുണ്ടാക്കിയ 7525 കോടി രൂപയുടെ പദ്ധതി കേരളത്തിനു സാമ്പത്തികമായി നഷ്ടമുണ്ടാക്കുന്നതാണെന്നും ഇതില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ വേണ്ടത്ര സംരക്ഷിക്കപ്പെട്ടില്ലെന്നും കുറ്റപ്പെടുത്തുന്ന റിപോര്‍ട്ട്, ധനവിനിയോഗത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കരാര്‍ ഉണ്ടാക്കിയതെന്നും ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിലും ക്രമക്കേടുകളും പാഴ്‌ച്ചെലവുകളും ഉണ്ടായിട്ടുണ്ട്. കരാര്‍ കാലയളവില്‍ തുറമുഖവുമായി ബന്ധപ്പെട്ട് 1,44,553 കോടിയുടെ വരുമാനം ഉണ്ടാവുന്നതില്‍ പദ്ധതിവിഹിതത്തിന്റെ 33 ശതമാനം മാത്രം മുടക്കിയ അദാനി ഗ്രൂപ്പിന് 1,32,705 കോടി ലഭിക്കുമ്പോള്‍, പദ്ധതിവിഹിതത്തിന്റെ 67 ശതമാനം മുടക്കുന്ന കേരള സര്‍ക്കാരിനു ലഭിക്കുന്നത് 13,948 കോടി മാത്രമാണെന്നും സിഎജി വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയില്‍ നടപ്പാക്കിവരുന്ന പിപിപി (പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്) പദ്ധതികള്‍ ഒട്ടുമിക്കതും സ്വകാര്യ കുത്തകകള്‍ പൊതുഖജനാവ് ചോര്‍ത്തുന്ന കഴുത്തറുപ്പന്‍ ഇടപാടുകളാണെന്ന വിമര്‍ശത്തെ ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് സിഎജി റിപോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
1995ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വിഴിഞ്ഞം തുറമുഖം വികസിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍, തുറമുഖത്തിന്റെ വികസനവും അതുവഴിയുണ്ടാവുന്ന ഗതാഗത വര്‍ധനവും തീരദേശത്തിന്റെ പാരിസ്ഥിതിക സന്തുലനം അപകടപ്പെടുത്തുമെന്നും കടലിലെ മല്‍സ്യസമ്പത്ത് ഇല്ലാതാക്കുമെന്നും അതോടെ തങ്ങളുടെ ജീവിതം വഴിമുട്ടുമെന്നും വാദിച്ച് തദ്ദേശീയര്‍ രംഗത്തുവന്നതോടെ സര്‍ക്കാര്‍ പിറകോട്ടുപോവുകയായിരുന്നു. വികസനത്തെക്കുറിച്ചുള്ള മധ്യവര്‍ഗത്തിന്റെ കാഴ്ചപ്പാടുകളിലുണ്ടായ മാറ്റമാണ് വലിയൊരളവുവരെ വിഴിഞ്ഞം പദ്ധതി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ക്ക് ധൈര്യം പകര്‍ന്നത്. തിരഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികളും പദ്ധതി അവരുടെ പ്രചാരണങ്ങളില്‍ പ്രധാന വിഷയമായി ഉന്നയിച്ചിരുന്നതായി കാണാം.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണ് 2013ല്‍ പിപിപി അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനുള്ള കേന്ദ്രാനുമതി നേടുന്നതും അദാനി ഗ്രൂപ്പുമായി കരാര്‍ ഒപ്പിടുന്നതും. അദാനി ഗ്രൂപ്പുമായി തത്‌സംബന്ധമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് അന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കരാര്‍ ഒപ്പിടുന്നതുവരെ അതിലെ വിശദാംശങ്ങള്‍ ജനങ്ങളില്‍ നിന്നു മറച്ചുവയ്ക്കണമെന്ന ഉപാധികള്‍ ഉള്ള കരാറാണ് അന്തിമമായി നടപ്പായത്. ഇക്കാര്യത്തില്‍ മുന്നണികളുടെ പ്രത്യയശാസ്ത്ര വൈജാത്യങ്ങളൊന്നും വലിയതോതില്‍ ഉയര്‍ന്നുവന്നില്ലെന്നതു പ്രത്യേകം ശ്രദ്ധേയമാണ്. കുത്തകകളുടെ ഏജന്റുമാരായി രാഷ്ട്രീയ നേതൃത്വങ്ങള്‍ മാറുമ്പോള്‍ യഥാര്‍ഥത്തില്‍ എന്തു സംഭവിക്കും എന്നതിന്റെ വ്യക്തമായ ചിത്രമാണ് സിഎജി റിപോര്‍ട്ടിലൂടെ വെളിവാകുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day