|    Mar 19 Mon, 2018 9:38 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പൊതുമാപ്പ്: വ്യാപക പ്രചരണവുമായി ഇന്ത്യന്‍ എംബസി

Published : 11th November 2016 | Posted By: SMR

ദോഹ: നിയമവിരുദ്ധ താമസക്കാര്‍ക്ക് ശിക്ഷാ നടപടികളില്ലാതെ നാട്ടിലേക്ക് മടങ്ങുന്നതിന് ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ 20 ദിവസം മാത്രം ബാക്കിയിരിക്കേ ഇന്ത്യന്‍ എംബസി വ്യാപക പ്രചരണത്തിനൊരുങ്ങുന്നു. ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരായ ആളുകളില്‍ പൊതുമാപ്പിന്റെ പ്രാധാന്യം എത്തിക്കുന്നതിനുള്ള പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉംസെയ്ദ്, ഉംബാബ്, ദുഖാന്‍ തുടങ്ങിയ ഉള്‍പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രചരണം നടത്തുക. ഇതിനായി ഇത്തരം പ്രദേശങ്ങളില്‍ ലഘുലേഖകളും ഫോമുകളും വിതരണം ചെയ്യുന്നതിന് സംവിധാനമൊരുക്കും. പ്രവാസികള്‍ പ്രധാനമായും ഒത്തുചേരുന്ന കഫ്റ്റീരിയകള്‍, സൂപര്‍ മാര്‍ക്കറ്റുകള്‍, ലേബര്‍ ക്യാംപുകള്‍, മാളുകള്‍, മണി എക്‌സ്‌ചേഞ്ചുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുമെന്ന് നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിറ്റിയുടെ ഇന്ത്യന്‍ ഹെല്‍പ് ഡസ്‌ക് ചുമതലയുള്ള കരീം അബ്ദുല്ല പറഞ്ഞു. റേഡിയോ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പ്രചരണത്തിനായി ഉപയോഗപ്പെടുത്തും. പൊതുമാപ്പ് അനധികൃത താമസക്കാരായ മുഴുവന്‍ ഇന്ത്യക്കാരും പ്രയോജനപ്പെടുത്തണമെന്നും ഡിസംബര്‍ 1ന് കാലാവധി അവസാനിച്ചു കഴിഞ്ഞാല്‍ ഖത്തര്‍ അധികൃതരുടെ ഭാഗത്ത് നിന്ന് കര്‍ശന നടപടികള്‍ ഉണ്ടാവുമെന്നും അംബാസഡര്‍ മുന്നറിയിപ്പ് നല്‍കി.
ഇതിനകം 1500ഓളം ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി അംബാസഡര്‍ പറഞ്ഞു. എന്നാല്‍, കൃത്യമായ കണക്ക് പൊതുമാപ്പ് അവസാനിച്ച് കഴിഞ്ഞാല്‍ മാത്രമേ ഖത്തര്‍ അധികൃതരില്‍ നിന്ന് ലഭ്യമാവൂ. 150ഓളം പേര്‍ക്ക് എംബസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.
എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അപേക്ഷ നല്‍കി അതേ ദിവസം തന്നെ ലഭ്യമാക്കുന്നുണ്ട്. പാസ്‌പോര്‍ട്ടോ ഐഡി കാര്‍ഡോ ഇല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖ ഹാജരാക്കിയാല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഏതാനും പേര്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകളും ലഭ്യമാക്കി. ആകെ എത്ര ഇന്ത്യക്കാര്‍ അനധികൃത താമസക്കാരായി ഉണ്ടാവുമെന്ന് വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പുതിയ വിസയില്‍ തിരിച്ച് വരാനാവുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിച്ചിട്ടുള്ള  വിവരമെന്ന് അംബാസഡര്‍ പറഞ്ഞു.
ഓപണ്‍ ഹൗസ് എല്ലാ മാസവും അവസാന വ്യാഴ്ചയിലേക്കു മാറ്റിയത് ഒരു പ്രത്യേക ദിവസം മുന്‍കൂട്ടി നിശ്ചയിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് പ്രയോജനകരമാവും എന്നതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.
എംബസിയിലേക്കുള്ള യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. കര്‍വ അധികൃതരുമായി ബന്ധപ്പെട്ട് ബസ് സര്‍വീസ് ഏര്‍പ്പെടുത്തുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss