|    May 30 Tue, 2017 2:53 pm
FLASH NEWS

പൊതുമാപ്പ്: വിമാന ടിക്കറ്റ് ബുക്കിങ് വര്‍ധിച്ചു

Published : 4th September 2016 | Posted By: mi.ptk

airplane

ദോഹ: മൂന്ന് മാസത്തെ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചു. വണ്‍വേ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് നിരവധി ഫോണ്‍ കോളുകള്‍ ലഭിക്കുന്നതായും അവര്‍ അറിയിച്ചു. പ്രധാനമായും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും ആഫ്രിക്കക്കാരുമാണ് ആവശ്യക്കാര്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ടിക്കറ്റ് ബുക്കിങിനായി സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പെനിന്‍സുല റിപോര്‍ട്ട് ചെയ്തു. പൊതുമാപ്പ് കാലയവളില്‍ രാജ്യം വിടുന്നതിന് അപേക്ഷ സമര്‍പ്പിക്കണമെങ്കില്‍ ഓപ്പണ്‍ എയര്‍ ടിക്കറ്റോ അല്ലെങ്കില്‍ സെര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപാര്‍ട്ട്‌മെന്റിനെ സമീപിക്കുന്ന തിയ്യതിക്കു ശേഷം മൂന്ന് ദിവസം കഴിഞ്ഞ് യാത്ര ചെയ്യേണ്ട ടിക്കറ്റോ കൈയില്‍ കരുതേണ്ടത് ആവശ്യമാണ്. ബുധനാഴ്ചയും, വ്യാഴാഴ്ചയുമായി ധക്ക, കൊളംബോ, കാഠ്്മണ്ഡു എന്നിവിടങ്ങളിലേക്ക് നിരവധി പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തതായി ഒരു ട്രാവല്‍ കണ്‍സള്‍ട്ടന്റ് പറഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വണ്‍വേ ടിക്കറ്റ് അന്വേഷിച്ച് കൊണ്ട് നിരവധി ഫോണ്‍ കോളുകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ബുക്കിങ് കഴിഞ്ഞ് ഏതാനും ദിവസത്തിനകം യാത്ര ചെയ്യുന്നവര്‍ക്കുള്ളതാണ് ഓപ്പണ്‍ എയര്‍ ടിക്കറ്റ്. യാത്രാ തിയ്യതി കണ്‍ഫേം ആയാല്‍ ടിക്കറ്റ് റീഇഷ്യു ചെയ്യേണ്ടിവരും. ചില സമയത്ത് ഇതിന് അധിക തുകയും നല്‍കണം. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭൂരിഭാഗവും ഖത്തര്‍ എയര്‍വെയ്‌സിലാണ് ടിക്കറ്റ് നല്‍കുന്നത്. ഖത്തര്‍ എയര്‍വെയ്‌സ് ഇതിനായി പ്രത്യേക ഓഫിസ് തുറന്നിട്ടുണ്ടെന്നതിനാല്‍ ഓപ്പണ്‍ എയര്‍ ടിക്കറ്റ് ബുക്കിങും അനുബന്ധ കാര്യങ്ങളും എളുപ്പമാവുമെന്നതിനാലാണിത്. നേപ്പാള്‍ തലസ്ഥാനമായ കാഠ്്മണ്ഡുവിലേക്ക് വണ്‍വേ ടിക്കറ്റിന് ഇപ്പോള്‍ 1,100 മുതല്‍ 1,500 റിയാല്‍വരെയാണ് ഈടാക്കുന്നത്. കൊളംബോ(ശ്രീലങ്ക) 850, ധക്ക(ബംഗ്ലാദേശ്) 1070 മുതല്‍ 2,400 വരെ, മനില(ഫിലിപ്പീന്‍സ്) 1,200, കെയ്‌റോ(ഈജിപ്ത്) 1,350, ഇന്ത്യന്‍ നഗരങ്ങളായ മുംബൈ 1,100, കോഴിക്കോട് 1,900 എന്നിങ്ങനെയാണ് മറ്റിടങ്ങളിലേക്ക് ഈ മാസത്തെ ടിക്കറ്റ് നിരക്ക്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day