|    Mar 29 Wed, 2017 1:22 am
FLASH NEWS
Home   >  Pravasi  >  Gulf  >  

പൊതുമാപ്പ് പ്രഖ്യാപിക്കുന്നത് 12 വര്‍ഷത്തിന് ശേഷം; അനധികൃതമായി തങ്ങുന്ന പ്രവാസികള്‍ക്ക് ആശ്വാസം

Published : 26th August 2016 | Posted By: SMR

ദോഹ: ഖത്തര്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൊതുമാപ്പ് രാജ്യത്ത് അനധികൃതമായി തങ്ങുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി. 12 വര്‍ഷത്തിന് ശേഷമാണ് അനധികൃത താമസക്കാര്‍ക്ക് നിയമവിധേയമായി നാട്ടിലേക്കു മടങ്ങുന്നതിന് സഹായിക്കുന്ന പ്രഖ്യാപനം സര്‍ക്കാരില്‍ നിന്നുണ്ടായിരിക്കുന്നത്. സപ്തംബര്‍ 1മുതല്‍ ഡിസംബര്‍ 1 വരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിന്റെ കാലാവധി. 2004 മാര്‍ച്ചിലായിരുന്നു ഇതിന് മുമ്പത്തെ പൊതുമാപ്പ്. മാര്‍ച്ച് 21ന് ആരംഭിച്ച് ജൂലൈ 21 അവസാനിച്ച ഇളവ് കാലത്ത് 10,000ഓളം പ്രവാസികള്‍ നാട്ടിലേക്കു മടങ്ങിയിരുന്നു. ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സര്‍ക്കാരിന്റെ നിയമ നടപടികളില്‍ നിന്നുള്ള ഇളവ് പ്രയോജനപ്പെടുത്തിയവരില്‍ ഭൂരിഭാഗവും.
ആദ്യം ജൂണ്‍ 21വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചതെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ അവസരം തേടിയെത്തിയവരുടെ കനത്ത തിരക്ക് കാരണം ഒരു മാസം കൂടി നീട്ടുകയായിരുന്നു. ചില ദിവസങ്ങളില്‍ 200 പേര്‍ സല്‍വ റോഡിലുള്ള സെര്‍ച്ച് ആന്റ് ഫോളോ അപ് ഡിപാര്‍ട്ട്‌മെന്റില്‍ രേഖകള്‍ ശരിയാക്കാനായി എത്തിയിരുന്നു.
നേരത്തേ പ്രഖ്യാപിച്ച പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങിയവര്‍ക്ക് രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. രാജ്യത്തേക്കുള്ള എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സി എന്നിവയെ നിയന്ത്രിക്കുന്ന നിയമം 2009ല്‍ ഭേദഗതി ചെയ്ത ശേഷം ആദ്യമായി പ്രഖ്യാപിക്കുന്ന പൊതുമാപ്പാണ് ഇപ്പോഴത്തേത്. ഈ നിയമത്തിലെ വകുപ്പുകള്‍ ലംഘിക്കുന്നവര്‍ 90 ദിവസത്തിനകം രാജ്യം വിടേണ്ടതുണ്ട്. അല്ലാത്ത പക്ഷം പരമാവധി മൂന്ന് വര്‍ഷം വരെ തടവോ 50,000 റിയാല്‍ വരെ പിഴയോ ലഭിക്കും.
നിലവില്‍ നിയമം ലംഘിച്ചവരായി ആയിരക്കണക്കിന് പേര്‍ രാജ്യത്തുണ്ടാവുമെന്നാണ് കരുതുന്നത്. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവര്‍, സന്ദര്‍ശന വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്കു മടങ്ങാത്ത കുടുംബാംഗങ്ങള്‍, സ്‌പോണ്‍സര്‍ക്ക് കീഴിലല്ലാതെ മറ്റു തൊഴിലുടമകള്‍ക്കു കീഴില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരെല്ലാം നിയമ ലംഘകരില്‍പ്പെടും. ഒളിച്ചോടിയവര്‍ക്ക് ജോലി നല്‍കുന്നവരും നിയമലംഘകരാണ്. നിയമം ലംഘിച്ച് കഴിയുന്നവര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള നല്ല അവസരമാണ് പൊതുമാപ്പെന്ന് പ്രമുഖ ലീഗല്‍ കണ്‍സള്‍ട്ടന്റ് അബ്ദലലാല്‍ അല്‍ഖലീല്‍ പറഞ്ഞു. ഡിസംബറില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമവുമായി ബന്ധപ്പെട്ടുള്ളതാണ് ഇപ്പോഴത്തെ പൊതുമാപ്പ് പ്രഖ്യാപനമെന്നാണ് കരുതുന്നത്.
പൊതുമാപ്പ് കാലാവധി കഴിയുന്നതിന് പിന്നാലെ സാധാരണ ഗതിയില്‍ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് വ്യാപക പരിശോധന നടക്കാറുണ്ട്.
രാജ്യത്തെ ജനസംഖ്യ ആറര ലക്ഷത്തോളം ഉണ്ടായിരുന്ന സമയത്താണ് ഇതിന് മുമ്പ് പൊതുമാപ്പ് പ്രഖ്യാപനം നടന്നത്. ഇപ്പോള്‍ 25 ലക്ഷത്തിലേറെ ജനങ്ങള്‍ ഖത്തറിലുണ്ട്. ഇതില്‍ എത്ര പേര്‍ അനധികൃത താമസക്കാരായി ഉണ്ടാവും എന്നത് അവ്യക്തമാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day