|    Jan 20 Fri, 2017 1:16 pm
FLASH NEWS

പൊതുമരാമത്ത് വകുപ്പും കരാറുകാരും ഒത്തുകളിച്ചു; ഒരു കിലോമീറ്റര്‍ റോഡ് നവീകരണം നാലു പ്രവൃത്തിയാക്കി വിഭജിച്ചു

Published : 4th July 2016 | Posted By: SMR

ടിപി ജലാല്‍

മഞ്ചേരി: മഞ്ചേരി-ഒലിപ്പുഴ റോഡിലെ പയ്യനാട്ടില്‍ റോഡ് വികസന പ്രവൃത്തി നാലായി വിഭജിച്ച മഞ്ചേരി പൊതുമരാമത്ത് വകുപ്പിന്റെ(റോഡ്) നടപടി വിവാദമാവുന്നു. വെറും ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡ് പണിയാണ് നാലു പ്രവൃത്തിയാക്കി നിര്‍മാണം ആരംഭിച്ചിട്ടുള്ളത്.
മൊത്തം ഒരു കോടി രൂപയുടെ ടെണ്ടറില്‍ റോഡ് റബറൈസ് ചെയ്യല്‍, അരിക് ഭിത്തി കെട്ടല്‍, വരിച്ചാല്‍ നിര്‍മാണം, ഓവുപാലം എന്നിവയ്ക്കാണ് അനുമതി നല്‍കിയത്. രണ്ട് ഓവുപാലവും അരിക് ഭിത്തി കെട്ടലുമാണ് കാര്യമായ ജോലിയുള്ളത്. ഇതിന് മൊത്തം ഒരുകോടി അനുവദിച്ചതില്‍ വന്‍ക്രമക്കേട് നടന്നിട്ടുണ്ടെന്നാരോപണമുയര്‍ന്നിട്ടുണ്ട്. നാലു വര്‍ക്കിനും പ്രത്യേകം കണക്കു കാണിക്കുന്നതോടെ കരാറുകാരുടെ പോക്കറ്റിലേക്ക് വന്‍ തുകയാവും ലഭിക്കുക. വീതിച്ച നാലു പ്രവൃത്തിയും നല്‍കിയത് മഞ്ചേരി നഗരസഭ കൗണ്‍സിലറുമായി ബന്ധപ്പെട്ട ഒരേ ഗ്രൂപ്പിനാണെന്നതും ആരോപണത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു. ഇതിനിടെ മാര്‍ച്ചില്‍ ആരംഭിച്ച പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. തൊഴിലാളികള്‍ പണിയെടുത്തു പോവുകയെന്നതിപ്പുറം കരാറുകാറോ പിഡബ്ല്യുഡിയോ ശ്രദ്ധിക്കാറില്ലെന്നും പരാതിയുണ്ട്. അതേസമയം, വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് കാര്യമായൊന്നും ചെയ്യാത്തതിനാല്‍ കുണ്ടും കുഴിയും നിറഞ്ഞത് വാഹനങ്ങള്‍ക്ക് പ്രയാസം നേരിടുന്നുണ്ട്. ജൂലൈ മാസത്തോടെ പ്രവൃത്തി തീര്‍ക്കണമെന്നാണ് കരാര്‍. എന്നാല്‍, ഇനിയും സമയം അനുവദിക്കേണ്ടിവരുമെന്നാണ് മഞ്ചേരി നിരത്തു വിഭാഗം പറയുന്നത്. കാല്‍ നൂറ്റാണ്ടോളം അനുഭവിച്ച പയ്യനാടിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താന്‍ നാട്ടുകാര്‍ 15 വര്‍ഷമായി ഓഫിസുകള്‍ കയറിയിറങ്ങിയിരുന്നു. പിന്നീട് എം ഉമ്മര്‍ എംഎല്‍എയുടെ ഇടപെടലിലൂടെ നഷ്ടപരിഹാരം ലഭിച്ചു. തുടര്‍ന്നാണ് റോഡ് വികസനത്തിനായി 28സെന്റ് സ്ഥലവും 13 വീടുകളും ഏറ്റെടുക്കുന്നതും നിര്‍മാണമാരംഭിച്ചതും.
ഒഴിഞ്ഞു കൊടുത്ത പഴയ വീടുകള്‍ ചുളുവിലക്ക് വാങ്ങിയതും ഈ കരാറുകാരന്‍ തന്നെയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഒരു വര്‍ക്ക് നാലാക്കി വിഭജിച്ചതിന് പിന്നില്‍ പൊതുമരാമത്തിനും കരാറുകാര്‍ക്കും വ്യക്തമായ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്.
നാലാക്കിയത്
എംഎല്‍എയുടെ താല്‍പര്യ പ്രകാരം: പിഡബ്ല്യൂഡി
മഞ്ചേരി: പയ്യനാട് റോഡ് വികസനത്തിനുള്ള ടെണ്ടര്‍ വിഭജിച്ചത് എംഎല്‍എ പറഞ്ഞിട്ടാണെന്ന് പിഡബ്ല്യൂഡി മഞ്ചേരി (റോഡ് വിഭാഗം) അസിസ്റ്റന്റ് എന്‍ജിനീയര്‍ രാമകൃഷ്ണന്‍ തേജസിനോട് പറഞ്ഞു. പെട്ടെന്ന് ഭരണാനുമതി ലഭിക്കാന്‍ 25 ലക്ഷത്തിന്റെ നാലു വര്‍ക്കുകളാക്കി മാറ്റുകയായിരുന്നു. മഴയ്ക്കു മുമ്പേ തീര്‍ക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍, വീണ്ടും നീട്ടേണ്ടി വരുമെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക