|    Oct 16 Tue, 2018 3:59 pm
FLASH NEWS

പൊതുമരാമത്ത് പ്രവൃത്തികളിലെ പ്രതിസന്ധി : കരാറുകാരുടെ യോഗം വിളിക്കാന്‍ തീരുമാനം

Published : 12th September 2017 | Posted By: fsq

 

കണ്ണൂര്‍: തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരാറുകാരുമായി ചര്‍ച്ച നടത്താന്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനം. നിര്‍മാണരംഗത്തെ പ്രതിസന്ധി പരിഹരിക്കാനും തദ്ദേശസ്ഥാപനങ്ങളിലെ കരാര്‍ പ്രവൃത്തികള്‍ ഏറ്റെടുക്കില്ലെന്ന കരാറുകാരുടെ നിലപാടും കണക്കിലെടുത്താണ് വിഷയത്തില്‍ ഇടപെടാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്. മരാമത്ത് പ്രവൃത്തികള്‍ക്കുള്ള ജിഎസ്ടി നിരക്കുവര്‍ധനയെ തുടര്‍ന്ന് പ്രവൃത്തി ഏറ്റെടുക്കാനാവില്ലെന്ന് കരാറുകാര്‍ കത്തുനല്‍കിയിരുന്നു. സപ്തംബര്‍ 20നകം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള കരാറുകാരുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. ആവശ്യമെങ്കില്‍ എസ്റ്റിമേറ്റ് തുകയില്‍ 5 ശതമാനം വര്‍ധന അനുവദിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രവൃത്തി ഏറ്റെടുക്കാതെ കരാറുകാര്‍ വിട്ടുനില്‍ക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വ്യക്തമാക്കി. ജില്ലയിലെ നിര്‍മാണ രംഗത്തെ പ്രതിസന്ധി യോഗത്തില്‍ ചര്‍ച്ചയായി. ഇക്കാ—ര്യത്തില്‍ സാധ്യമായ ഇടപെടല്‍ നടത്താന്‍ തീരുമാനിച്ചു. വിദ്യാലയത്തിനും വിദ്യാര്‍ഥിക്കും നൂറ്-പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഡിവിഷന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ 30നകം യോഗങ്ങള്‍ ചേരും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള അക്കാദമിക് സമിതി യോഗങ്ങളാണ് വിളിക്കുക. ബന്ധപ്പെട്ട ഡിഇഒമാരും എഇഒമാരും യോഗങ്ങളില്‍ പങ്കെടുക്കണം. സൈബര്‍ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പോലിസുമായി ചേര്‍ന്ന് ഒരു ഡിവിഷനില്‍ രണ്ട് വീതം സ്‌കൂളുകളില്‍ സെമിനാറുകള്‍ നടത്തും. ഒക്‌ടോബര്‍ 30നകം ഇത് പൂര്‍ത്തിയാക്കാനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ പോലിസുമായി ചേര്‍ന്ന് തയ്യാറാക്കും.  പൊട്ടന്‍പ്ലാവ് റോഡ് 20 അടിയോളം താഴ്ന്ന വിഷയത്തില്‍ അടിയന്തരമായി സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ എല്‍എസ്ജിഡി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss