|    Dec 19 Wed, 2018 6:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പൊതുമരാമത്ത് പാലങ്ങളുടെ ടോള്‍ നിര്‍ത്തലാക്കി

Published : 30th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അരൂര്‍- അരുകുറ്റി, പുളിക്കക്കടവ്, പൂവത്തുംകടവ്, ന്യൂകൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂല്‍മടക്കര, നെടുംകല്ല്, മണ്ണൂര്‍കടവ് എന്നീ 14 പാലങ്ങളുടെ ടോള്‍ പിരിവാണ് നിര്‍ത്തലാക്കിയത്. ടോളുകളില്ലാത്ത നിരത്തുകളും പാലങ്ങളുമാണ് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ 2016 നവംബറില്‍ തന്നെ കേരള റോഡ്‌സ് & ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ നിര്‍മിച്ച ഇരുമ്പനം, തൃപ്പൂണിത്തുറ എസ്എന്‍ ജങ്ഷന്‍, പൊന്നുരുത്തി, അത്താണി എന്നീ മേല്‍പ്പാലങ്ങളുടെയും എറണാകുളം എയര്‍പോര്‍ട്ട്-സീപോര്‍ട്ട് റോഡ്, പുതുതായി തുറന്നുകൊടുത്ത ഏരൂര്‍ മേല്‍പ്പാലം, പൊതുമരാമത്ത്‌വകുപ്പ് നിര്‍മിച്ച തത്തപ്പള്ളിക്കാട്ടുപുഴ പാലം, ദേശീയപാതയിലെ ആക്കുളം പാലം, കുണ്ടന്നൂര്‍, വരാപ്പുഴ പാലം തുടങ്ങി 10 പാലങ്ങളുടെ ടോള്‍ നിര്‍ത്തിയിരുന്നു.
10 കോടി രൂപയ്ക്ക് മുകളില്‍ നിര്‍മാണച്ചെലവു വരുന്ന പാലങ്ങള്‍ക്കാണ് പൊതുമരാമത്ത് വകുപ്പ് ടോള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തരത്തില്‍ 2002 മുതല്‍ ടോള്‍ ഏര്‍പ്പെടുത്തിയിരുന്ന 14 പാലങ്ങളാണ് പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുണ്ടായിരുന്നത്. 208 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ 14 പാലങ്ങളിലെയും ഡിസംബര്‍ 2016 വരെയുള്ള ആകെ ടോള്‍ പിരിവ് അഞ്ചേകാല്‍ കോടി രൂപയാണ്.
പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എല്ലാ പാലങ്ങളുടെയും ടോളുകള്‍ നിര്‍ത്തണമെന്ന ശുപാര്‍ശ മന്ത്രി ജി സുധാകരന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസകിന്റെയും മുഖ്യമന്ത്രിയുടെയും അംഗീകാരത്തോടുകൂടി മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ച് അംഗീകരിപ്പിക്കുകയായിരുന്നു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 1000 കോടിയിലധികം നിര്‍മാണച്ചെലവു വന്ന 24 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിച്ചത് ചരിത്രപരമായ ഒരു തീരുമാനമാണെന്ന് മന്ത്രി ജി സുധാകരന്‍ പ്രസ്താവിച്ചു.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ദേശീയപാത അതോറിറ്റിക്കു കീഴില്‍ 100 കോടി രൂപയിലധികം നിര്‍മാണച്ചെലവു വരുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ആര്‍ബിഡിസികെ പോലുള്ള കമ്പനികള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തു നിര്‍മിച്ച പാലങ്ങള്‍ക്കും റോഡുകള്‍ക്കും മാത്രമാണ് ഇപ്പോള്‍ ടോള്‍ നിലവിലുള്ളത്.
കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടുകൂടി നിര്‍മിക്കുന്ന പാലങ്ങള്‍ക്കും റോഡുകള്‍ക്കും ടോള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss