|    Dec 14 Thu, 2017 9:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പൊതുമരാമത്തില്‍ സാമൂഹികഓഡിറ്റിങ്: ജില്ലാതല സമിതികള്‍ രൂപീകരിച്ചു

Published : 5th December 2017 | Posted By: kasim kzm

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ സാമൂഹിക ഓഡിറ്റിങ് സംവിധാനത്തിനുള്ള ജില്ലാതല സമിതികള്‍ രൂപീകരിച്ചു. പണികള്‍ സുതാര്യമാക്കി ഗുണമേന്മ വര്‍ധിപ്പിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും അഴിമതിരഹിതമാക്കുന്നതിനുമാണ് സമിതികളെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. സംസ്ഥാന സമിതിയും അസംബ്ലി മണ്ഡലാടിസ്ഥാനത്തിലുള്ള സമിതിയും ഇതിന്റെ തുടര്‍ച്ചയായി രൂപീകരിക്കും.  ജില്ലാ സമിതികളുടെ ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, ജില്ലയിലെ ഒരു മുനിസിപ്പല്‍ ചെയര്‍മാന്‍, കോര്‍പറേഷന്‍ ഉണ്ടെങ്കില്‍ ഡെപ്യൂട്ടി മേയര്‍, എന്നിവര്‍ക്കു പുറമെ പരമാവധി രണ്ട് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. ഇതില്‍ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനോ, മുനിസിപ്പല്‍ ചെയര്‍മാനോ കണ്‍വീനറായിരിക്കും. കുറേ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി സമിതികള്‍ വിപുലപ്പെടുത്തുന്ന കാര്യം പിന്നീടി തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. സാമൂഹ്യ ഓഡിറ്റിങ് നടപടിക്രമങ്ങളും ഇതോടൊപ്പം അംഗീകരിച്ചു. സമിതികളുടെ കാലാവധി മൂന്നു വര്‍ഷമായിരിക്കും. അവശ്യാനുസരണം യോഗം ചേരാവുന്നതാണെങ്കിലും മാസത്തില്‍ കുറഞ്ഞത് ഒരുതവണയെങ്കിലും യോഗം ചേരണം. ശ്രദ്ധയില്‍പ്പെടുന്ന പരാതികള്‍ പരിശോധിക്കുന്നതോടൊപ്പം പ്രത്യേക ഉത്തരവില്ലാതെ തന്നെ സമിതിക്കോ സമിതി ചുതലപ്പെടുത്തുന്ന അംഗത്തിനോ ജില്ലയിലെ പൊതുമരാമത്ത് നിര്‍മാണങ്ങള്‍ ഏതുഘട്ടത്തിലും പരിശോധിക്കാം. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ദേശീയപാത, റോഡുകളും പാലങ്ങളും, കെട്ടിടങ്ങള്‍, വകുപ്പിന്റെ കീഴിലുള്ള കമ്പനികള്‍ വഴി നടത്തുന്ന പ്രവര്‍ത്തികള്‍ എന്നിവയെല്ലാം പരിശോധന നടത്താം. പരിശോധനയുമായി വകുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാ സഹകരണവും നല്‍കണം. റിപോര്‍ട്ട് സര്‍ക്കാരിന് നേരിട്ട് സമര്‍പ്പിക്കണം. സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് അത് പ്രസിദ്ധപ്പെടുത്താന്‍ പാടുള്ളതല്ലെന്നു വ്യവസ്ഥ ചെയ്തതായി മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക