|    Jan 17 Wed, 2018 4:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പൊതുപ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി ; പോലിസിനെതിരേ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍

Published : 9th October 2017 | Posted By: fsq

 

ഉത്തരവ് കൊച്ചി:  അനധികൃത നിലംനികത്തലിനെതിരേ പോലിസിസില്‍ പരാതിപ്പെട്ട പൊതുപ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി ഹൈക്കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ച സിഐക്കും എസ്‌ഐക്കുമെതിരേ അച്ചടക്കനടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കാക്കനാട് ചിറ്റേത്തുകര മേക്കോത്ത് വീട്ടില്‍ ശരീഫിന്റെ പരാതിയിലാണ് കമ്മീഷന്റെ നടപടി. സംഭവത്തില്‍ എറണാകുളം സിറ്റി പോലിസ് കമ്മീഷണറോട് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശം നല്‍കി. ആരോപണവിധേയരായ കേരള ഹൈക്കോടതി പോലിസ് ലെയ്‌സന്‍ ഓഫിസറും മുന്‍ ഇന്‍ഫോപാര്‍ക്ക് സിഐയുമായ സാജന്‍ സേവ്യറും ഇന്‍ഫോപാര്‍ക്ക് എസ്‌ഐയുടെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ കണ്ണമാലി എസ്‌ഐ ത്രിദീപ് ചന്ദ്രനും നവംബറില്‍ എറണാകുളത്ത് നടത്തുന്ന സിറ്റിങില്‍ വിശദീകരണവുമായി നേരിട്ട് ഹാജരാവണമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.  സംഭവസമയത്ത് ഇന്‍ഫോപാര്‍ക്ക് പോലിസ് സ്റ്റേഷനില്‍ ശരീഫിന്റെ മാരുതി കാര്‍ പിടിച്ചിട്ടത് സുപ്രിംകോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഒരു കാരണവശാലും അനിശ്ചിതകാലത്തേക്ക് സ്റ്റേഷനില്‍ വാഹനം പിടിച്ചിടാന്‍ പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കേയാണ് പോലിസിന്റെ നടപടി. 2016 ജനുവരി 30നായിരുന്നു സംഭവം. ചിറ്റേത്തുകരയില്‍ അനധികൃതമായി നിലംനികത്തുന്നുണ്ടെന്നറിഞ്ഞ് ഇന്‍ഫോപാര്‍ക്ക് പോലിസ് സ്റ്റേഷനിലെത്തിയ ശരീഫിനെ സിഐയും എസ്‌ഐയും ചേര്‍ന്നു വധശ്രമക്കേസില്‍ പ്രതിയാക്കി. തുടര്‍ന്ന്, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി ഫയല്‍ ചെയ്തപ്പോള്‍ പോലിസ് നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിരസിച്ചു. തുടര്‍ന്ന്, ശരീഫിന്റെ ഉമ്മ നബീസ എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. അരുള്‍ ബി കൃഷ്ണയ്ക്കു നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം കള്ളക്കേസാണെന്നു തെളിഞ്ഞത്. ഇതുസംബന്ധിച്ചു മൂന്ന് അന്വേഷണങ്ങള്‍ നടന്നതായി ശരീഫ് കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മൂന്നിലും താന്‍ നിരപരാധിയാണെന്നു തെളിഞ്ഞു. തുടര്‍ന്ന്, എറണാകുളം സൗത്ത് സിഐ സിബി ടോം നല്‍കിയ റിപോര്‍ട്ടില്‍ ഇന്‍ഫോപാര്‍ക്ക് മജിസ്‌ട്രേറ്റ് കോടതി കേസ് അവസാനിപ്പിച്ചു. ചിറ്റേത്തുകര സ്വദേശികളായ മുഹമ്മദ്, മുഹമ്മദ് കാസിം എന്നിവരുമായി ചേര്‍ന്നു സിഐയും എസ്‌ഐയും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കള്ളക്കേസെന്നു ശരീഫ് പരാതിയില്‍ പറയുന്നു. കേസിനെ തുടര്‍ന്ന് താന്‍ നടത്തിവന്നിരുന്ന നിര്‍മാണ ജോലികള്‍ നഷ്ടമായതായും പരാതിയില്‍ പറയുന്നു. സത്യസന്ധമായി പ്രവര്‍ത്തിക്കേണ്ട പോലിസ് കുറ്റവാളികളുമായി ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജീവിതം തകര്‍ത്തതായും ശരീഫ് പരാതിയില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day