പൊതുപരിപാടികള്‍ നിയന്ത്രിക്കും: കോര്പറേഷന് കൗണ്‍സില്‍
Published : 1st March 2018 | Posted By: kasim kzm
കോഴിക്കോട്: മിഠായിത്തെരുവിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പരിപാടികള്‍ക്ക് എസ്കെ സ്ക്വയര്‍ ഓപ്പണ്‍ സേറ്റേജ് അനുവദിക്കാനാവില്ലെന്ന് കോര്പറേഷന്. കൗണ്‍സില്‍ യോഗമാണ് ഭരണപ്രതിപക്ഷ ഭേദമെന്യേ ഒരേ അഭിപ്രായം പ്രകടിപ്പിച്ചത്. എസ്കെ സ്ക്വയറില്‍ വലിയ സ്റ്റേജുകള്‍ കെട്ടി പരിപാടികള്‍ നടത്തുമ്പോള്‍ മിഠായിത്തെരുവിലേക്ക് പ്രവേശിക്കാനാവുന്നില്ലെന്ന് പരാതി ഉയരുന്നതായി നമ്പി ടി നാരായണന് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
കോര്‍ട്ട് റോഡ്, താജ് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്യുന്നതോടുകൂടി മിഠായിത്തെരുവിലേക്കുള്ള പ്രവേശനം പൂര്‍ണമായും തടസ്സപ്പെടുന്ന രീതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്കെ സ്ക്വയറില്‍ നടക്കുന്ന പല പരിപാടികളും മിഠായിത്തെരുവിലെത്തുന്നവര്ക്ക് ശല്യമായി മാറുന്നുണ്ടെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പറഞ്ഞു. എത്തുന്ന പലര്‍ക്കും ഇതുകാരണം തെരുവിലേക്ക് പ്രവേശിക്കാനാവുന്നില്ല.
വലിയ സ്റ്റേജ് ഒരുക്കുകയും കസേരകള്‍ കൊണ്ടുവന്നിടുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ചെറിയ കലാ പരിപാടികള്‍ക്ക് നിലവിലുള്ള സംവിധാനം ഉപയോഗപ്പെടുത്തി നടത്താമെന്നാണ് പറഞ്ഞത്. അതിനപ്പുറത്തേക്ക് പ്രവേശനം ഉള്‍പ്പെടെ തടയുന്ന രീതിയിലുള്ള പരിപാടികള്‍ അംഗീകരിക്കാനാവില്ല. പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി, ജില്ലാ കലക്ടര്‍, എംഎല്‍എ മാര്‍ എന്നിവരുമായി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മേയര്‍ മറുപടി നല്കി.
ആരോഗ്യ സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്മാന് കെ വി ബാബുരാജ്, കൗണ്‍സിലര്‍മാരായ പി കിഷന് ചന്ദ്, സി അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവരും മേയറുടെ അഭിപ്രായത്തിന് പിന്തുണ അറിയിച്ചു. അവിടെ നടക്കുന്ന വലിയപരിപാടികള്ക്കും അനുമതി പോലും വാങ്ങുന്നില്ലെന്ന് പി കിഷന്‍ചന്ദ് പറഞ്ഞു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട അജണ്ടയും മട്ടന്നൂരിലെ ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രമേയവും കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള ബഹളത്തിന് കാരണമായി. ലൈഫ് മിഷന് പദ്ധതിക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതില്‍ അപാകതകളുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ലിസ്റ്റില്‍പ്പെട്ട എല്ലാവര്ക്കും പണം അനുവദിക്കുമെന്ന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി സി രാജന് പറഞ്ഞു. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സിലെ വിദ്യാബാലകൃഷ്ണനാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ പ്രമേയം അംഗീകരിക്കാനാവില്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎം കൗ ണ്‍സിലര്‍മാര്‍ വാദിച്ചു.
ബഹളമായതോടെ വോട്ടിനിടുകയും പ്രമേയം തള്ളുകയുമായിരുന്നു. സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്മാന്മാരായ എം രാധാകൃഷ്ണന്, എം സി അനില്‍കുമാര്‍, എം എം പത്മാവതി, കൗ ണ്‍സിലര്‍മാരായ ഇ പ്രശാന്ത്കുമാര്‍, സതീഷ് കുമാര്‍, ബിജുരാജ്, അഡ്വ. പി എം നിയാസ്, കെ ടി ബീരാന്‍കോയ, പി ഉഷാദേവി ചര്‍ച്ചയില്‍ പങ്കെടുത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.