|    Mar 22 Thu, 2018 3:49 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പൊതുപണിമുടക്ക് നല്‍കുന്ന സന്ദേശം

Published : 3rd September 2016 | Posted By: SMR

പത്ത് പ്രമുഖ കേന്ദ്ര ട്രേഡ് യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ വെള്ളിയാഴ്ച നടന്ന പൊതുപണിമുടക്ക് പൊതുവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും പണിമുടക്ക് ബന്ദിന്റെ പ്രതീതിയാണ് ഉണ്ടാക്കിയത്. പലേടത്തും പൊതുവാഹനഗതാഗതം നിലച്ചു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും പണിയെടുക്കുന്ന 10 ലക്ഷത്തിലേറെ തൊഴിലാളികള്‍ തങ്ങളുടെ വേതനം ഉപേക്ഷിച്ചും പ്രതിസന്ധികളോട് ഏറ്റുമുട്ടിയും സമരത്തില്‍ അണിനിരന്നതായാണ് വാര്‍ത്തകളില്‍ കാണാന്‍ കഴിയുന്നത്.
എന്തുകൊണ്ട് രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ ഇത്ര ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങിത്തിരിക്കേണ്ടിവരുന്നു എന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി രാജ്യം പിന്തുടര്‍ന്നുവരുന്ന സ്വകാര്യവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റേതുമായ സാമ്പത്തികനയങ്ങള്‍ നാട്ടിലെ സാധാരണക്കാരുടെ ജീവിതനിലവാരവും തൊഴില്‍ ചെയ്യുന്നവരുടെ വേതനവ്യവസ്ഥയും മെച്ചപ്പെടുത്തും എന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍, അനുഭവങ്ങള്‍ മറിച്ചുള്ള ചിത്രമാണ് കാഴ്ചവച്ചത്. പുത്തന്‍ സാങ്കേതികവിദ്യയും വിദേശനിക്ഷേപത്തിന്റെ കടന്നുവരവും വന്‍കിടക്കാര്‍ക്ക് വമ്പിച്ച നേട്ടങ്ങളുണ്ടാക്കി; രാജ്യത്ത് ശതകോടീശ്വരന്‍മാരുടെ സംഖ്യ ക്രമാതീതമായി ഉയര്‍ന്നു. എന്നാല്‍, സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതാവസ്ഥ കൂടുതല്‍ പരിതാപകരമായി. പുത്തന്‍ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതില്‍ പരാജയപ്പെട്ട പലരും തൊഴിലില്ലാപ്പടയുടെ ഭാഗമായി. തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിനു പകരം കുറയുകയാണ് പല മേഖലകളിലുമുണ്ടായത്. കാര്‍ഷികമേഖലയിലും സമാനമായ അനുഭവങ്ങളാണുണ്ടായത്. കൃഷി വ്യാവസായീകരിക്കപ്പെട്ടപ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ പുറത്തായി. പാപ്പരായ കര്‍ഷകരും തൊഴില്‍രഹിതരായ കര്‍ഷകത്തൊഴിലാളികളും നഗരത്തിലെ ചാളകളില്‍ അടിഞ്ഞുകൂടി.
ഇത്തരം ദുരവസ്ഥയുണ്ടാക്കിയിരിക്കുന്ന സാമൂഹികസംഘര്‍ഷങ്ങള്‍ വിവരണാതീതമാണ്. ഈ അനുഭവങ്ങളാണ് കക്ഷിരാഷ്ട്രീയഭേദമെന്യേ സമരരംഗത്തേക്കു കുതിച്ചുചാടാന്‍ തൊഴിലാളിവര്‍ഗത്തെ പ്രേരിപ്പിക്കുന്നത്. വരും ദിനങ്ങളില്‍ ഇന്ത്യയിലെ തൊഴില്‍മേഖലയിലെ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കും എന്നത് വസ്തുതയാണ്.
സമരം ഒഴിവാക്കാനായി കേന്ദ്രസര്‍ക്കാര്‍ ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷികേതരമേഖലയിലെ അവിദഗ്ധ തൊഴിലാളിയുടെ മിനിമം കൂലി 350 രൂപയായി വര്‍ധിപ്പിച്ചതും കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ ബോണസ് വിഹിതം പ്രഖ്യാപിച്ചതും അതിലൊന്നാണ്. തുലോം പരിമിതവും നിരാശാജനകവുമായ നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അത്തരം പിച്ചക്കാശ് അംഗീകരിക്കില്ല എന്ന് തീരുമാനിച്ചുകൊണ്ട് മഹാഭൂരിപക്ഷം തൊഴിലാളിസംഘടനകളും സമരരംഗത്ത് ഉറച്ചുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സമരത്തിന്റെ വിജയം അവരുടെ നിലപാടുകള്‍ ശരിയാണെന്നു വ്യക്തമാക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss