|    Apr 25 Wed, 2018 6:03 pm
FLASH NEWS

പൊതുപണിമുടക്ക് ജില്ലയില്‍ പൂര്‍ണം

Published : 3rd September 2016 | Posted By: SMR

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചും സംയുക്ത ട്രേഡ് യൂനിയനുകള്‍ ദേശീയതലത്തില്‍ നടത്തിയ 24 മണിക്കൂര്‍ പൊതുപണിമുടക്ക് ജില്ലയില്‍ പൂര്‍ണം.
ഇരുചക്രവാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളുമൊഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുസ്വകാര്യ സ്ഥാപനങ്ങളിലും ഹാജര്‍നില തീരെ കുറവായിരുന്നു. ആശുപത്രികളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചു. കെഎസ്ആര്‍ടിസി ബസ് സര്‍വീസും ബോട്ട് സര്‍വീസുകളും നിര്‍ത്തിവച്ചു. മെട്രോയുടെ നിര്‍മാണത്തേയും പണിമുടക്ക് ബാധിച്ചു. അതേസമയം ട്രെയിന്‍ ഗതാഗതത്തെ പണിമുടക്ക് ബാധിച്ചില്ല.
ജില്ലയിലെ വിവിധഭാഗങ്ങളില്‍ വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ചിലയിടങ്ങളില്‍ നേരിയ തോതില്‍ വാഹനങ്ങള്‍ തടഞ്ഞതൊഴിച്ചാല്‍ പണിമുടക്ക് പൊതുവേ സമാധാനപരമായിരുന്നു. ഇന്നലെ പുലര്‍ച്ചേ മുതലേ ജില്ലയിലെ പ്രധാന റോഡുകളെല്ലാം വിജനമായിരുന്നു.
ഇരുചക്രവാഹനങ്ങളും ആശുപത്രി, എയര്‍പോര്‍ട്ട്, വിവാഹം, മരണം ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളുമാണ് നിരത്തിലിറങ്ങിയവയില്‍ അധികവും. സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുകളിലെത്തിയ യാത്രക്കാരെ പോലിസും സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകരും ഫ്രീഡം ഓഫ് മൂവ്‌മെന്റ് പ്രവര്‍ത്തകരും അതാതു സ്ഥലങ്ങളിലെത്തിച്ചു. വിദേശീയരുള്‍പ്പടെ നൂറുകണക്കിനു യാത്രക്കാരാണു പണിമുടക്കിനെ തുടര്‍ന്നു പെരുവഴിയിലായത്. എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനത്തേയും പണിമുടക്ക് ബാധിച്ചു. കെഎസ്ആര്‍ടിസി സര്‍വീസുകളൊന്നും നടത്തിയില്ല. ജലഗതാഗത വകുപ്പ് ഓഫീസില്‍ ഇന്നലെ മൂന്ന് ജീവനക്കാര്‍ മാത്രമേ എത്തിയുള്ളു. ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ സര്‍വീസ് മുടക്കിയത് ജില്ലയിലെ ദ്വീപ് നിവാസികളെ ദുരിതത്തിലാക്കി. കൊച്ചി കോര്‍പറേഷനിലും ഹാജര്‍ നില കുറവായിരുന്നു. ജനറല്‍ ആശുപത്രിയില്‍ പകുതി ഡോക്ടര്‍മാരെ എത്തിയിരുന്നുള്ളു. അതേസമയം കൊച്ചിന്‍പോര്‍ട്ട് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ പണിമുടക്ക് ബാധിച്ചില്ല. 51 ശതമാനം ഹാജര്‍നില രേഖപ്പെടുത്തിയതായി പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഹൈക്കോടതിയും മറ്റു കീഴ്‌കോടതികളും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തെ പണിമുടക്ക് സാരമായി ബാധിച്ചില്ല. 40 ശതമാനത്തിലധികം ജീവനക്കാര്‍ ഓഫീസിലെത്തി. ഭരണ സിരാകേന്ദ്രമായ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ഇന്നലെ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, എഡിഎം സി കെ പ്രകാശ് എന്നിവര്‍ മാത്രമാണ് എത്തിയത്. 79 ഓഫീസുകളില്‍ ഏഴെണ്ണം തുറന്നെങ്കിലും ജീവനക്കാര്‍ എത്താതിരുന്നതോടെ ഉച്ചയ്ക്ക് പൂട്ടി
പെരുമ്പാവൂര്‍: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ നടന്ന പൊതുപണിമുടക്ക് പെരുമ്പാവൂരില്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങളെല്ലാം തന്നെ അടഞ്ഞു കിടന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയത്. പതിവുപോലെ വല്ലം, പുല്ലുവഴി മേഖലകളെ പണിമുടക്ക് ബാധിച്ചില്ല. എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നും തന്നെ ഉണ്ടായില്ല. കൂടാതെ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചിരുന്നു.
മൂവാറ്റുപുഴ: സംയുക്ത തൊഴിലാളി യൂനിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് മൂവാറ്റുപുഴയില്‍ പൂര്‍ണമായും സമാധാനപരവുമായിരുന്നു. ഏതാനും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയതൊഴിച്ചാല്‍ മറ്റൊന്നും സര്‍വീസ് നടത്തിയില്ല. കെഎസ്ആര്‍ടിസി ഒറ്റ റൂട്ടിലും സര്‍വീസ് നടത്തിയില്ല. ഓഫിസുകളും ബാങ്കുകളും അടഞ്ഞുകിടന്നു.
രാവിലെ സമരാനുകൂലികള്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തിന് പി ആര്‍ മുരളീധരന്‍, പി എം ഇസ്മായില്‍, എ എ അബ്രാഹം, എം എ സഹീര്‍, പി കെ ബാബുരാജ്, എ അബൂബക്കര്‍ നേതൃത്വം നല്‍കി.
കാലടി: ഇന്നലെ ദേശവ്യാപകമായി നടത്തിയ പണിമുടക്ക് കാലടി മേഖലയില്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നും തുറന്നുപ്രവര്‍ത്തിച്ചില്ല.
സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങള്‍ ഓടിയില്ല. എന്നാല്‍ കാറുകള്‍, ഇരുചക്രവാഹനങ്ങളും യഥേഷ്ടം ഓടി. മറ്റ് അനിഷ്ടസംഭവങ്ങള്‍ ഒന്നുമുണ്ടായില്ല. പണിമുടക്കിയവര്‍ സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. കാലടിയില്‍ നടന്ന ജാഥയ്ക്ക് ടി പി ജോര്‍ജ്, ടി ഐ ശശി, ജോയ്‌പോള്‍, പി എന്‍ അനില്‍കുമാര്‍, പി വി സ്റ്റീഫന്‍, ടി വി രാജന്‍, എം ജെ ജോര്‍ജ്, ബാലു ജി നായര്‍ നേതൃത്വം നല്‍കി. യോഗവും നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss