|    Mar 24 Fri, 2017 5:42 pm
FLASH NEWS

പൊതുപണിമുടക്കിന് പിന്തുണ പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

Published : 29th August 2016 | Posted By: SMR

തിരുവനന്തപുരം: സപ്തംബര്‍ രണ്ടിനു നടക്കുന്ന പൊതുപണിമുടക്കില്‍ അണിചേരാന്‍ ആഹ്വാനം ചെയ്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റാണ് വിവാദമായത്. സപ്തംബര്‍ രണ്ടിന്റെ പൊതുപണിമുടക്കിനെ പിന്തുണയ്ക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം.
പണിമുടക്കിന് മുന്നോടിയായി സിപിഎം കേന്ദ്രകമ്മിറ്റി നവമാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണങ്ങളില്‍ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. അന്നുതന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിസമയത്ത് പൂക്കളമിടുന്നതിനെ ചോദ്യംചെയ്ത് മുഖ്യമന്ത്രി മറ്റൊരു പോസ്റ്റുമിട്ടു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ പോസ്റ്റ് വിവാദമായത്. ഒരുമണിക്കൂര്‍ ജോലി തടസ്സപ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാര്‍ പൂക്കളമിടുന്നതിനെ ചോദ്യംചെയ്ത മുഖ്യമന്ത്രി 24 മണിക്കൂറിന്റെ പണിമുടക്കിനെ പിന്തുണയ്ക്കുന്നതിനെതിരേയാണ് വിമര്‍ശനം. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കേണ്ട മുഖ്യമന്ത്രിതന്നെ പണിമുടക്കിന് ആഹ്വാനം ചെയ്തതും വിമര്‍ശിക്കപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വര്‍ഗീയ മുതലെടുപ്പിനുള്ള ആയുധമാക്കാനാണ് ബിജെപി ശ്രമം. വെള്ളിയാഴ്ച ദിവസങ്ങളില്‍ 12.30ന് പള്ളിയില്‍ പോവുന്ന മുസ്‌ലിം ജീവനക്കാര്‍ 2.30നാണ് മടങ്ങിയെത്തുന്നത്. ഇത് നിയന്ത്രിക്കാന്‍ കഴിയുമോ എന്ന് ബിജെപി നേതാക്കളും സംഘപരിവാര അനുകൂലികളും ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ പോസ്റ്റ് നിയമലംഘനമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു.
ദേശീയ ഉല്‍സവമായ ഓണാഘോഷത്തിന്റെ നന്മയെ ഇല്ലാതാക്കി നാടിന്റെ ഐക്യം തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സാധാരണക്കാര്‍ നരകിക്കരുത് എന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ടെങ്കില്‍ ആദ്യം നിലയ്ക്ക് നിര്‍ത്തേണ്ടത് സ്വന്തം പാര്‍ട്ടി നേതാക്കന്‍മാരെയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

(Visited 31 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക