|    Sep 25 Tue, 2018 6:59 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

പൊതുതിരഞ്ഞെടുപ്പിന്റെ കേളികൊട്ട്

Published : 22nd January 2017 | Posted By: fsq

ഇന്ദ്രപ്രസ്ഥം

മോദിയുടെ ഭരണം രണ്ടരവര്‍ഷമായി. ഇനി ബാക്കിയുള്ളത് അത്രയുംകാലം. സ്വാഭാവികമായും ഭരണത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളെപ്പറ്റി ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലമാണ്. അതിനാല്‍ ഇപ്പോള്‍ നടക്കാന്‍പോവുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഭരണകക്ഷിയിലും പ്രതിപക്ഷ കക്ഷികളിലും ഒരേപോലെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. പലരും പലവിധ രാഷ്ട്രീയ പരീക്ഷണങ്ങളെക്കുറിച്ച് ആലോചിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ തന്തയും മകനും രണ്ടു ചേരിയായി പോരാടുകയാണ്. ഇതുവരെ തെറ്റിനിന്ന പാര്‍ട്ടികള്‍ ഒന്നിച്ച് സംഘടിതമായി സംയുക്ത പ്രതിപക്ഷപ്രസ്ഥാനം ഉണ്ടാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. പഞ്ചാബിലും മറ്റും പുതിയ രാഷ്ട്രീയ പരീക്ഷണങ്ങളാണ് അരങ്ങേറുന്നത്. അവിടെ ബിജെപിയും സഖ്യകക്ഷികളായ അകാലികളും പൊളിയുമെന്നും കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ഒരുകൂട്ടര്‍ പറയുന്നു. അവിടെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനായി ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്. ആം ആദ്മിയുടെ നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ഹരിയാനക്കാരനാണ്. പഞ്ചാബും ഹരിയാനയും പണ്ട് ഒരൊറ്റ സംസ്ഥാനമായിരുന്നു. പക്ഷേ, സംസ്ഥാനങ്ങള്‍ തമ്മില്‍ വിഭജിച്ചശേഷം രണ്ടുകൂട്ടരും തമ്മില്‍ രമ്യതയിലല്ല. പ്രധാന കാരണം സിന്ധു നദിയിലെ ജലം ഉപയോഗിക്കുന്നതിനെ സംബന്ധിച്ച തര്‍ക്കങ്ങളും അവകാശവാദങ്ങളും തന്നെ. രണ്ടു സംസ്ഥാനങ്ങളിലും കൃഷിയാണ് പ്രധാനം. ഗോതമ്പുകൃഷിക്ക് വെള്ളം അത്യാവശ്യമാണ്. അതിനാല്‍ തെക്ക് കര്‍ണാടകയും തമിഴ്‌നാടും കാവേരി നദിയിലെ ജലത്തിന്റെ പേരില്‍ പലപ്പോഴും തമ്മിലടിക്കുന്നപോലെ ഹരിയാനക്കാരും പഞ്ചാബികളും തര്‍ക്കിക്കാറുണ്ട്. അതിനാല്‍ ആരെ വിശ്വസിച്ചാലും ഹരിയാനക്കാരനായ കെജ്‌രിവാളിനെ വിശ്വസിക്കരുത് എന്നാണ് അകാലികള്‍ പഞ്ചാബിലെ വോട്ടര്‍മാരോടു പറയുന്നത്. വോട്ടര്‍മാര്‍ക്ക് പക്ഷേ, അകാലികളെക്കുറിച്ചും വലിയ മതിപ്പൊന്നുമില്ല എന്നത് വേറെക്കാര്യം. ഭരണത്തില്‍ ഇത്ര മോശം പ്രതിച്ഛായ സമ്പാദിച്ച വേറെ അധികം പാര്‍ട്ടികളില്ല എന്നാണ് ദോഷൈകദൃക്കുകളായ ചില പത്രക്കാര്‍ പറയുന്നത്. വേറൊരു പ്രമുഖ സംസ്ഥാനം ഉത്തരാഖണ്ഡ് ആണ്. അവിടെ കോണ്‍ഗ്രസ് ഭരണത്തെ അട്ടിമറിക്കാന്‍ ബിജെപി നടത്തിയ തുരപ്പന്‍പണി തകര്‍ത്തുവിട്ടത് അവിടത്തെ ഹൈക്കോടതിയും പിന്നീട് സുപ്രിംകോടതിയുമാണ്. മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് ഹരീഷ് റാവത്തിനെ കുതിരക്കച്ചവടത്തിലൂടെ പുറത്താക്കുകയായിരുന്നു. പക്ഷേ, കോടതിയുടെ പിന്തുണയോടെ റാവത്ത് അധികാരത്തില്‍ തിരിച്ചെത്തി. അരുണാചല്‍പ്രദേശില്‍ ഗവര്‍ണറെ ഉപയോഗിച്ച് കോണ്‍ഗ്രസ് ഭരണം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം പാളിയപോലെ തന്നെ കടുത്ത തിരിച്ചടിയാണ് ഉത്തരാഖണ്ഡിലും കേന്ദ്രം ഭരിക്കുന്ന കക്ഷിക്കും അതിന്റെ ചാണക്യതന്ത്രങ്ങളുടെ സൂത്രധാരനായ അമിത്ഷാക്കും കിട്ടിയത്. ഇനി അതേ പാര്‍ട്ടിയോട് ഉത്തരാഖണ്ഡിലെ ജനങ്ങള്‍ എങ്ങനെ കണക്കുതീര്‍ക്കും എന്ന് കാത്തിരുന്നു കാണണം. ഹരീഷ് റാവത്തിന് നല്ല ജനപിന്തുണയുണ്ട് എന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. എന്തായാലും കക്ഷി നല്ല കഴിവുള്ള നേതാവാണ്. അങ്ങനെയൊക്കെ കണക്കുകൂട്ടി നോക്കിയാല്‍ ഒരുപക്ഷേ, പഞ്ചാബും ഉത്തരാഖണ്ഡും നേടി കോണ്‍ഗ്രസ് ശക്തമായ ഒരു തിരിച്ചുവരവ് നടത്തുമെന്ന് ചിലര്‍ പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷയാണ് ഉത്തര്‍പ്രദേശിലും പ്രവര്‍ത്തിക്കുന്നത്. മുലായമിന്റെ മകന്‍ അഖിലേഷ് മുഖ്യമന്ത്രിയായി അഞ്ചുകൊല്ലം തികച്ച നേരത്ത് നടത്തിയ ചില സര്‍വേകളില്‍ ജനം ഏറ്റവും പിന്തുണയ്ക്കുന്ന നേതാവ് അഖിലേഷ് തന്നെയാണെന്നു കണ്ടിട്ടുണ്ട്. അഴിമതിയില്ല എന്നതുതന്നെയാണ് പുള്ളിക്കാരന്റെ വലിയ തുറുപ്പുചീട്ട്. എന്നാല്‍, കഴിഞ്ഞ അഞ്ചുകൊല്ലക്കാലം നാട്ടില്‍ അഴിമതി നടമാടുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അഴിമതിയുടെ ഭാണ്ഡക്കെട്ട് മുലായത്തിന്റെ വിശ്വസ്തരുടെ പിരടിക്കിട്ട് അഖിലേഷ് നല്ലപുള്ളി ഇമേജ് തട്ടിയെടുത്തു. ഇതൊക്കെ രാഷ്ട്രീയത്തിലെ സ്ഥിരം തന്ത്രങ്ങളാണ്. ബിജെപിക്ക് ഇത്തവണ ഏതെങ്കിലുമൊരു പ്രമുഖ സംസ്ഥാനമെങ്കിലും പിടിച്ചെടുക്കാനായില്ലെങ്കില്‍ അത് മോദിയുടെ സ്ഥിതി കുഴപ്പത്തിലാക്കും. മോദിയെ അരിയിട്ടു വാഴിച്ച നേരത്ത് പഴയ പടക്കുതിരകളെ ഒതുക്കിയാണ് ആ ക്രിയ നടത്തിയത്. അവരില്‍ അഡ്വാനി അടക്കമുള്ളവര്‍ ഇപ്പോഴും രംഗത്തുണ്ട്. അവര്‍ പറ്റിയ ഒരു തക്കം കിട്ടിയാല്‍ പഴയ കണക്കുകള്‍ തീര്‍ക്കാന്‍ അത് ഉപയോഗിക്കും എന്നു തീര്‍ച്ച. ഏതായാലും 2019ലെ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഇപ്പോള്‍ത്തന്നെ തുടങ്ങുകയായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss