|    Oct 18 Thu, 2018 4:46 pm
FLASH NEWS

പൊതുജന സൗഹൃദ പദ്ധതികള്‍ക്ക് പ്രഥമ പരിഗണന നല്‍കി ജില്ലാ പഞ്ചായത്ത്

Published : 29th March 2018 | Posted By: kasim kzm

തൃശൂര്‍: തൃശൂര്‍ ജില്ലാ പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ തുടര്‍ച്ചാ സാധ്യത, പരിസ്ഥിതി, സാമൂഹ്യ നീതി, സാമ്പത്തിക വളര്‍ച്ച എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കും. പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, മാലിന്യ സംസ്‌കരണം, കൃഷി സംരക്ഷണം, ദാരിദ്ര നിര്‍മ്മാജ്ജനം എന്നീ മേഖലയിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ആസൂത്രണഭവന്‍ ഹാളില്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് അറിയിച്ചു.
ഗ്രാമപഞ്ചായത്തുകളിലൂടെ വിഹിതം അനുവദിക്കുന്ന 29 സംയോജിത പദ്ധതികള്‍ സെമിനാറില്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിലൂടെ ജില്ലാ പഞ്ചായത്ത് വിഹിതം അനുവദിക്കുന്ന 9 പദ്ധതികളും, ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സംയുക്ത സഹകരണത്തോടെ നടപ്പിലാക്കുന്ന മൂന്ന് സമഗ്രപദ്ധതികളും ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്യുന്നു.
ശുഭാപ്തി ഡിസെബിലിറ്റി റിസോഴ്‌സ് സെന്റര്‍, സുശാന്തം-ജില്ലാ വയോജന ക്ഷേമ കേന്ദ്രം, വിജ്ഞാന്‍ സാഗര്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് സമഗ്ര പദ്ധതികള്‍. അര്‍ബുദത്തിനെതിരെയുളള പോരാട്ടം-കാന്‍ തൃശൂര്‍, ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിരോധ പരിശീലനം ഉള്‍പ്പെടെ 68 ജനപ്രിയ പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ തനത് വിഭാഗത്തിലുളളത്.മണലിപുഴ സമഗ്ര നീര്‍ത്തട പദ്ധതി പഠനവും രേഖ തയ്യാറാക്കലും നിര്‍വഹണവും-ഒല്ലൂക്കര, കൊടകര, ചേര്‍പ്പ് ബ്ലോക്കുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ വിശദമായ നീര്‍ത്തട മാപ്പ്, നീര്‍ത്തടത്തില്‍ പ്രകൃതിക്കനുയോജ്യമായി നടത്തേണ്ടതായ പ്രവൃത്തികളുടെ മാപ്പ് എന്നിവ തയ്യാറാക്കി സംയോജിത പദ്ധതിയായി നടപ്പിലാക്കും. ക്യാന്‍ തൃശൂര്‍-ക്യാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തന പരിപാടി വഴി ഓരോ പഞ്ചായത്തിലും പ്രാഥമിക പരിശോധന നടത്തി രോഗ സാധ്യത കണ്ടെത്തുന്നവരെ ബ്ലോക്ക്, ജില്ല എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തി ആവശ്യമായ ചികിത്സ സൗജന്യമായി നല്‍കും. തരിശ് രഹിത ജില്ലഎന്ന ലക്ഷ്യം നേടാന്‍ നെല്‍കൃഷി സാധ്യമായിടങ്ങളിലെല്ലാം നെല്‍കൃഷി നടത്തുന്നതിനും മറ്റിടങ്ങളില്‍ മുതിര, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറി എന്നിവ കൃഷി ചെയ്യും.
ജില്ലാ പഞ്ചായത്തിന് കീഴിലുളള സ്ഥാപനങ്ങളില്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കും. സംയോജിത കാര്‍ഷിക, കുടിവെളള, മത്സ്യോത്പാദന പദ്ധതികള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കല്‍ എന്നിവയാണ് പ്രാധാനപ്പെട്ടത്. ജില്ലാ സഭ നിര്‍ദ്ദേശിച്ച 386 പദ്ധതി പട്ടികയില്‍ ഇടം കണ്ടെത്തി. പഞ്ചായത്ത് തലത്തില്‍ നിന്നുളള 87 നിര്‍ദ്ദേശങ്ങള്‍  പരിഗണനയ്‌ക്കെത്തി. വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ 166 പദ്ധതി നിര്‍ദ്ദേശങ്ങല്‍ സ്വീകരിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss