|    Sep 27 Wed, 2017 3:14 am

പൊട്ടിയ സ്ലാബുകള്‍ അടിയന്തരമായി പുനസ്ഥാപിക്കണം: കലക്ടര്‍

Published : 10th August 2016 | Posted By: SMR

കോട്ടയം: ജില്ലയില്‍ കുറവിലങ്ങാട് ഭാഗത്ത് എംസി റോഡിലെ ഫുട്പാത്തില്‍ പൊട്ടിയ സ്ലാബുകള്‍ അടിയന്തരമായി പുനസ്ഥാപിക്കാന്‍ കലക്ടര്‍ സി എ ലത കെഎസ്ടിപി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കകം സ്ലാബുകള്‍ പുനസ്ഥാപിച്ച് റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
കുറവിലങ്ങാട് ഭാഗത്ത് പൊട്ടിയ സ്ലാബില്‍ കാലിടറി രണ്ടു പേര്‍ക്ക് പരിക്കേറ്റ സംഭവം ഇന്നലെ  മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിക്കുകയായിരുന്നു.
ജില്ലയില്‍ ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍, ഏറ്റുമാനൂര്‍- മൂവാറ്റുപുഴ എന്നിങ്ങനെ രണ്ടു റീച്ചുകളായാണ് എംസി റോഡ് നവീകരണം നടക്കുന്നത്. ഫുട്പാത്തിലൂടെ ലോറി സഞ്ചരിച്ചതാണ് സ്ലാബുകള്‍ പൊട്ടാന്‍ കാരണമെന്നാണ് കെഎസ്ടിപി ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കിയത്.
ഉപയോഗിക്കുന്ന സ്ലാബുകളുടെ ഗുണനിലവാരം സംബന്ധിച്ചും വാഹന സാന്ദ്രത കൂടുതലുള്ള ഇടങ്ങളില്‍ ഉപയോഗിക്കുന്ന സ്ലാബുകളുടെ പ്രത്യേകതകള്‍ സംബന്ധിച്ചും കലക്ടര്‍ ആരാഞ്ഞു. ജില്ലയിലെ പിഡബ്ല്യുഡി റോഡുകളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന രീതിയില്‍ നിര്‍മാണം കണ്ടെത്തിയാല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ കെഎസ്ടിപിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമെന്നും കലക്ടര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക