|    Nov 17 Sat, 2018 2:09 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പൊട്ടിപ്പുറം കണികാ പരീക്ഷണം: ആശങ്കയോടെ ജനലക്ഷങ്ങള്‍

Published : 2nd April 2018 | Posted By: kasim kzm

ടി എസ് നിസാമുദ്ദീന്‍
ഇടുക്കി: പൊട്ടിപ്പുറത്തെ കണികാ പരീക്ഷണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സോപാധിക അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഉയര്‍ന്ന ആശങ്ക പരിഹരിക്കാന്‍ നടപടിയില്ല. അതേസമയം, 50 കിലോമീറ്റര്‍ ചുറ്റളവില്‍ 12 അണക്കെട്ടുകളുള്ള, ദശലക്ഷക്കണക്കിന് ജനങ്ങള്‍ പാര്‍ക്കുന്ന മേഖലയില്‍ വീണ്ടും പ്രതിഷേധം ഉയരുകയാണ്. ഇടുക്കി ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിയോടു ചേര്‍ന്ന തമിഴ്‌നാട്ടിലെ തേനിയിലുള്ള പൊട്ടിപ്പുറം പരീക്ഷണകേന്ദ്രം പശ്ചിമഘട്ടത്തെ പ്രതികൂലമായി ബാധിക്കുമെന്നുതന്നെയാണ് പരിസ്ഥിതി നിരീക്ഷകര്‍ വിലയിരുത്തുന്നത്. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ, 2017 മാര്‍ച്ചില്‍ കണികാ പരീക്ഷണശാലയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയുണ്ടായി. ഈ ഉത്തരവു മറികടന്നാണ് മാര്‍ച്ച് 5നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് വീണ്ടും അനുമതി നല്‍കിയത്. അതേസമയം, ഭാവിയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെപ്പറ്റി വിദഗ്ധരുടെ സമിതി പഠനം നടത്തി ജനങ്ങളുടെയും പ്രകൃതി വിഭവങ്ങളുടെയും സുരക്ഷിതത്വം ബോധ്യപ്പെടുത്തി മാത്രമേ പദ്ധതി ആരംഭിക്കാവൂ എന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷണശാലയുടെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ 12 അണക്കെട്ടുകളുണ്ട്. കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ആറു ജില്ലകളുടെ ജലതലസ്ഥാനമാണ് ഈ മേഖല. ഭൂമിക്കടിയില്‍ നടക്കുന്ന പാറഖനനവും അതിനു വേണ്ടിവരുന്ന സ്‌ഫോടനങ്ങളും ഈ ജില്ലകളിലെ ജനങ്ങളെയും പെരിയാര്‍, വൈഗ, വൈപ്പാര്‍ നദികളെയും ബാധിക്കും. ഏഷ്യയിലെ ഏറ്റവും വലിയ അണക്കെട്ടായി പരിഗണിക്കുന്ന ഇടുക്കി ഡാം വെറും 30 കിലോമീറ്റര്‍ മാത്രം അകലെയാണ്. 119 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് 50 കിലോമീറ്റര്‍ മാത്രം ദൂരത്താണ്.
പരീക്ഷണം മൂലം പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കു പുറമേ അണുപ്രസരണ സാധ്യതയും ഭൂകമ്പ സാധ്യതയും ആശങ്ക സൃഷ്ടിക്കുന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രാലയ വിദഗ്ധസമിതി ദേശീയ പ്രാധാന്യമുള്ള പ്രത്യേക വിഷയമായി പരിഗണിച്ചാണ് പദ്ധതിക്ക് സോപാധിക അനുമതി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത 17 വ്യവസ്ഥകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂഗര്‍ഭ കണികാ പരീക്ഷണശാലയില്‍ നിന്ന് ജീവജാലങ്ങള്‍ക്കോ പ്രകൃതിക്കോ ദോഷകരമായ റേഡിയോ ആക്റ്റീവ് കണങ്ങള്‍ പുറത്തുവരില്ലെന്ന് ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഉറപ്പു നല്‍കിയിരുന്നു. ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ എന്നിവയടക്കം ഏഴ് പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ് ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി എന്ന തേനി പൊട്ടിപ്പുറത്തെ കണികാ പരീക്ഷണം. 1,500 കോടി രൂപയാണ് പദ്ധതി ചെലവു കണക്കാക്കിയത്. തമിഴ്‌നാട്-കേരള അതിര്‍ത്തിയിലെ സംരക്ഷിത വനമേഖലയില്‍പ്പെട്ട 63 ഏക്കര്‍ സ്ഥലം ഇതിനായി തിരഞ്ഞെടുത്തു. 1.3 കിലോമീറ്റര്‍ ഉയരമുള്ള പൊട്ടിപ്പുറം മലയില്‍ 4,300 അടി താഴ്ചയില്‍ തുരങ്കമുണ്ടാക്കി നടത്തുന്നതാണു പദ്ധതി. തുരങ്കത്തിന്റെ അങ്ങേയറ്റത്തുള്ള നിലയത്തില്‍ 50,000 ടണ്‍ ഭാരമുള്ള കാന്തിക ഡിറ്റക്റ്റര്‍ ഉപയോഗിച്ചാണ് കണികാഗവേഷണത്തിന് ശാസ്ത്രജ്ഞര്‍ ഒരുങ്ങുന്നത്. ഈ കാന്തിക ഡിറ്റക്റ്ററിന്റെ വിവിധ ഭാഗങ്ങള്‍ അന്തിമമായി കൂട്ടിയോജിപ്പിക്കുന്നത് മധുരയിലെ പരീക്ഷണശാലയിലായിരിക്കും. മധുര കാമരാജ് സര്‍വകലാശാലയ്ക്കടുത്തായി 33 ഏക്കറിലാണ് ഈ പരീക്ഷണശാല. ഇന്ത്യയിലെ 25 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നായി 100 ശാസ്ത്രജ്ഞര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss