|    Dec 18 Mon, 2017 5:03 am
FLASH NEWS
Home   >  Pravasi  >  Gulf  >  

‘പൊങ്ങച്ച’ത്തിന്റെ പാല്‍ കുപ്പികള്‍ നിരുല്‍സാഹപ്പെടുത്താന്‍ ആഹ്വാനം

Published : 6th November 2016 | Posted By: SMR

ജിദ്ദ: 5000 സൗദി റിയാലിനു മുകളില്‍ വിലവരുന്ന പാല്‍ കുപ്പികള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയവുന്നു. വില കേട്ട് ഇതെന്താ സ്വര്‍ണക്കുപ്പിയോ എന്ന് ആശ്ചര്യം കൊള്ളാന്‍ വരട്ടെ. രാജ്യത്തെ നിരവധി സ്വര്‍ണക്കടകളില്‍ ലഭ്യമായ കുഞ്ഞുങ്ങള്‍ക്കുള്ള ഈ പാല്‍കുപ്പിയുടെ വായ് ഭാഗം നിര്‍മിച്ചിരിക്കുന്നത് 18 കാരറ്റ് സ്വര്‍ണംകൊണ്ടാണ്.
നവജാത ശിശുക്കളെ സന്ദര്‍ശിക്കുമ്പോള്‍ നല്‍കാന്‍ പറ്റിയ ഉപഹാരമെന്ന രീതിയിലാണ് ഇവ വിപണിയിലെത്തിയത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സൗദി അറേബ്യ ഇത്തരം ആഢംബര വസ്തുക്കളുടെ ഉപഭോഗത്തെ പ്രോല്‍സാഹിപ്പിക്കരുതെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശകരുടെ അഭിപ്രായം. മറ്റുള്ളവരുടെ മുമ്പില്‍ മേനി നടിക്കാന്‍ ഇത്തരം ഫീഡിങ് ബോട്ടിലുകള്‍ ഉപയോഗിക്കുന്നത് നിയമംമൂലം നിര്‍ത്തലാക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. സ്വര്‍ണം കൊണ്ടുള്ള ഇത്തരം പാല്‍ കുപ്പികള്‍ ചെറിയ കുട്ടികള്‍ക്ക് എന്തിനാണെന്നും ആഡംബരം മാത്രമാണിതെന്നും മുഹമ്മദ് അല്‍ ബദാഹ് ട്വിറ്ററില്‍ കുറിച്ചു.
ഇത്തരം വസ്തുക്കളോടുള്ള സമൂഹത്തിന്റെ വിയോജിപ്പ് അംഗീകരിക്കപ്പെടേണ്ടതാണ്. കുട്ടി ജനിക്കുന്നതിനോടനുബന്ധിച്ച് സീമകള്‍ ലംഘിച്ചുള്ള ആഢംബരങ്ങളും വിരുന്നുകളും നടത്തുന്നതിനെതിരേ നേരത്തെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇത്തരം ആര്‍ഭാട ആചാരങ്ങള്‍ക്ക് ഒരറുതി വന്നിരുന്നു. എന്നാല്‍ സ്വര്‍ണക്കുപ്പികളുടെ ചിത്രങ്ങള്‍ പുറത്തുവന്നത് ജനരോഷം വീണ്ടും ഉയര്‍ത്തിയതായി പ്രമുഖ സാമൂഹിക നിരീക്ഷകന്‍ മുഹമ്മദ് ബാഖിര്‍ അഭിപ്രായപ്പെട്ടു.
ഒരു കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് സാധാരണയായാി 20,000 റിയാല്‍ ചെലവ് വരുന്നുണ്ട്. മല്‍സരബുദ്ധിയോടെ ആഘോഷങ്ങള്‍ നടത്തുമ്പോള്‍ ചെലവ് ഇതിലും കൂടും. പ്രസവിക്കാന്‍ ഫൈവ് സ്റ്റാര്‍ ആശുപത്രികളില്‍ മാത്രം പോകുന്ന സ്ത്രീകളുണ്ട്. ഇത്തരം പ്രവണതകള്‍ എല്ലാവരും പിന്‍പറ്റുന്നത് ഭീതിജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണം കൊണ്ടുള്ള പാല്‍കുപ്പി ആശ്ചര്യമുണ്ടാക്കുന്ന ഒന്നല്ലെങ്കിലും ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ ഇത് പ്രചരിക്കുന്നത് ആശ്ചര്യകരമാണെന്ന് സ്വര്‍ണ വ്യാപാരി ഫൗസി മുഹമ്മദ് പറഞ്ഞു. 50 വര്‍ഷം മുമ്പും ഇവ വിപണിയിലുണ്ടായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം കുട്ടികളുണ്ടാക്കുന്ന ദമ്പതികള്‍ക്കും മറ്റും ഇവ സമ്മാനമായി നല്‍കാറുണ്ടായിരുന്നു. സമ്പന്നര്‍ മാത്രമല്ല, ഇടത്തരക്കാരും അതിനു താഴെ ഉള്ളവരും ഇത്തരം പാല്‍കുപ്പികള്‍ വാങ്ങുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss