|    Dec 17 Sun, 2017 11:34 am
FLASH NEWS

പൈപ്പ് ലൈനിന് റോഡ് കീറല്‍ ഒഴിവാക്കാന്‍ ബദല്‍ മാര്‍ഗം തേടും

Published : 15th November 2016 | Posted By: SMR

തിരൂരങ്ങാടി: മള്‍ട്ടി ജിപി ജലനിധി പദ്ധതിയുടെ ഭാഗമായി വെന്നിയൂര്‍ ടൗണിലെ പൈപ്പ് ലൈനിന് റോഡ് കീറല്‍ ഒഴിവാക്കുന്നതിന് ബദല്‍ മാര്‍ഗം കണ്ടെത്താന്‍ സംയുക്ത പരിശോധന നടത്താന്‍ പി കെ അബ്ദുറബ്ബ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. തെന്നല, പെരുണ്ണ ക്ലാരി, ഒഴൂര്‍ പഞ്ചായത്തുകളിലേക്ക് ശുദ്ധജലമെത്തിക്കുന്നതിന് നടപ്പാക്കുന്ന മള്‍ട്ടി ജിപി ജലനിധി പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും യോഗത്തിലാണു തീരുമാനം. പനമ്പുഴയില്‍ നിന്നു വെള്ളം കോഴിച്ചെന എംഎസ്പി സ്ഥലത്ത് തയ്യാറാക്കിയിട്ടുള്ള ടാങ്കിലേക്കെത്തിക്കുന്നതിന് നാഷനല്‍ ഹൈവേയുടെ അനുവാദം ലഭിച്ചിരുന്നു. എന്നാല്‍ വെന്നിയൂരിലെ റോഡിന്റെ വീതി കുറവും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് ബദല്‍ മാര്‍ഗം കണ്ടെത്തുന്നതിന് വേണ്ടി തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി, തെന്നല, പെരുമണ്ണ ക്ലാരി പഞ്ചായത്ത്, വാട്ടര്‍ അതോറിറ്റി, നാഷണല്‍ ഹൈവെ, പൊതുമരാമത്ത്, പോലിസ് എന്നിവരടങ്ങുന്ന സംയുക്ത സമിതി പരിശോധന നടത്തും. കോഴിച്ചെനയില്‍ നിന്നും ദേശീയ പാതയിലൂടെ പൈപ്പ് എത്തിച്ച് വെന്നിയൂര്‍ ടൗണില്‍ എത്തുന്നതിന് മുമ്പ് മരമില്ലിനോട് ചേര്‍ന്ന മുന്‍സിപ്പാലിറ്റി റോഡിലൂടെ പനമ്പുഴയില്‍ എത്തിക്കുന്നതിനുള്ള നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. അത് ഈ സമിതി പരിശോധിക്കും.ഒരോ പദ്ധതിക്ക് മൂന്ന് തവണയായി ഒരേ സ്ഥലത്ത് റോഡ് കീറുന്നതിന് അനുമതി ചോദിച്ചിട്ടുണ്ടെന്നും ഇത് ഒരറ്റ കളയില്‍ തന്നെ പൈപ്പിടുന്നതിന് വേണ്ട നടപടികളുമണ്ടാവണമെന്ന് ദേശീയപാത അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. പ്രവൃത്തി നടത്തുന്ന മൂന്ന് വകുപ്പുകളും ഈ വിഷയത്തില്‍ ഏകോപിപ്പിച്ച് ദേശീയ പാതയില്‍ പൈപ്പിടും. പ്രവൃത്തി വേഗത്തിലാക്കുന്നതിന് എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് എംഎ ല്‍എ പറഞ്ഞു.യോഗത്തില്‍ തിരൂരങ്ങാടി ചെയര്‍പേഴ്‌സണ്‍, തെന്നല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം പി കുഞ്ഞിമൊയ്തീന്‍, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ പൊതുവത്ത്, പദ്ധതി ചെയര്‍മാന്‍ സി കെ എ റസാഖ്, ടി കെ നാസര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ പി വിനോദ്, റാഫി, അന്‍വ്വര്‍, എം പി അബ്ദുള്ള, എന്‍ ഹംസ, പി മുസ്തഫ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss