|    Nov 19 Sun, 2017 2:14 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പൈപ്പ് ബോംബ് കേസില്‍ പ്രതിപ്പട്ടികയിലില്ല ; മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കെട്ടുകഥ ; ശുഐബ് നിരപരാധി : ബന്ധുക്കള്‍

Published : 1st June 2017 | Posted By: fsq

ശുഐബ് (തിരുത്ത്: തേജസ് ദിനപത്രത്തില്‍ ഇന്ന് 12ാം പേജില്‍ ശുഐബിന്റെ വാര്‍ത്തയ്‌ക്കൊപ്പം ശുഐബിന്റേതെന്ന പേരില്‍ കൊടുത്ത പടം മാറിയിട്ടുണ്ട്. തെറ്റുവന്നതില്‍ ഖേദിക്കുന്നു.)

കോഴിക്കോട്: അഹ്മദാബാദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മെയ് 22നു കരിപ്പൂരില്‍ നിന്ന് ഗുജറാത്ത് പോലിസ് പിടികൂടിയ മലപ്പുറം കൊടിഞ്ഞി സ്വദേശി ശുഐബ് പൊറ്റാണിക്കല്‍ നിരപരാധിയെന്ന് ബന്ധുക്കള്‍. ശുഐബിനെതിരായി യാതൊരു കേസും നിലവിലില്ലെന്നും പൈപ്പ് ബോംബ് കേസ് ഉള്‍പ്പെടെയുള്ളവയില്‍ അദ്ദേഹം പ്രതിയാണെന്ന പോലിസ് പ്രചാരണം തെറ്റാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശുഐബിനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണ്. പൈപ്പ് ബോംബ് കേസ്, ഗുജറാത്തിലെ വിവിധ സ്‌ഫോടന കേസുകള്‍ എന്നിവയില്‍ ഒളിവില്‍ പോയ പ്രതികളില്‍ ഒരാളായാണ് ശുഐബിനെ പോലിസ് ചിത്രീകരിക്കുന്നത്. കൂമന്‍കല്ല് പൈപ്പ് ബോംബ് കേസിലെ പ്രതിപ്പട്ടികയില്‍ ശുഐബിന്റെ പേര് ഒരിക്കല്‍ പോലും വന്നിട്ടില്ല. തെറ്റായ വിവരങ്ങളാണ് പോലിസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇന്റര്‍പോളിന്റെ ലുക്കൗട്ട് നോട്ടീസിനെ തുടര്‍ന്ന് 2010 ജൂണ്‍ ആദ്യവാരം യുഎഇ പോലിസ് ശുഐബിനെ അറസ്റ്റ് ചെയ്തിരുന്നു. അഹ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു ലുക്കൗട്ട് നോട്ടീസ്. ഷാര്‍ജ വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. ശുഐബിനെതിരേ ഇന്ത്യയിലുള്ള കേസ് രേഖകള്‍ രണ്ടു മാസത്തിനകം ഹാജരാക്കാന്‍ അബൂദബി കോടതി ആവശ്യപ്പെട്ടു. എന്നാല്‍, രേഖകള്‍ ഹാജരാക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്കായില്ല. തുടര്‍ന്ന് ജൂലൈ 22ന് ജാമ്യം അനുവദിച്ചു. പിന്നീട് പല തവണ ആവശ്യപ്പെട്ടിട്ടും രേഖകള്‍ ഹാജരാക്കാത്തതിനാല്‍ 2012 ഏപ്രിലി ല്‍ അബൂദബി ഫെഡറല്‍ സുപ്രിംകോടതി തെളിവുകളുടെ അഭാവത്തില്‍ ശുഐബിനെതിരായ എല്ലാ കേസുകളും പി ന്‍വലിച്ച് മോചിപ്പിച്ചു. പിടിച്ചെടുത്ത പാസ്‌പോര്‍ട്ടും തിരികെ നല്‍കി. 2017 മെയ് 2 വരെ  യുഎഇയില്‍ ജോലി ചെയ്തുവന്ന ശുഐബിനെ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അവിടെ നിന്നു തിരിച്ചയച്ചു. കരിപ്പൂരില്‍ എത്തിയപ്പോഴാണ് വിവിധ കേസുകളുടെ പേരു പറഞ്ഞ് കേരള പോലിസിന്റെ സഹായത്തോടെ ഗുജറാത്ത് പോലിസ് അറസ്റ്റു ചെയ്യുന്നത്. ശുഐബ് ഒളിവിലായിരുന്നെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍, യുഎഇയില്‍ 2018 വരെ കാലാവധിയുള്ള വിസയിലാണ് അദ്ദേഹം താമസിച്ചത്. ഇക്കാര്യം ഇന്ത്യന്‍ കോണ്‍സുലേറ്റിനും അറിയാം. മാത്രമല്ല,  ഭാര്യയും മാതാപിതാക്കളും സഹോദരങ്ങളുമടങ്ങുന്ന കുടുംബം യുഎഇയില്‍ ശുഐബിനൊപ്പം താമസിക്കുകയും ചെയ്തിരുന്നു. ഇത്രയും ഭീകരകേസുകളില്‍ പ്രതിയായിരുന്നെങ്കില്‍ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ കരാര്‍ നിലവിലുള്ള രാജ്യത്ത് ശുഐബിന് എങ്ങനെയാണ് താമസിക്കാനായതെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. മലപ്പുറം ജില്ലയിലെ രണ്ടത്താണിക്കടുത്ത് രണ്ടു വര്‍ഷത്തോളം ഇലക്ട്രോണിക്‌സ് കട നടത്തിയിരുന്നു. ഇവിടെ ജോലി ചെയ്ത സത്താര്‍ ഭായിയെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മൊഴിയുണ്ടെന്നു പറഞ്ഞ് പോലിസ് ശുഐബിനെ അന്വേഷിച്ച് കുടുംബത്തെ വേട്ടയാടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ പിതാവ് പി അബ്ദുല്‍ ഖാദര്‍, സഹോദരന്മാരായ പി ഷമീം, പി സാബിര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മിര്‍സാദ് റഹ്മാന്‍, അബ്ദുല്‍ ഹമീദ് പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക