|    Dec 12 Wed, 2018 8:08 pm
FLASH NEWS

പൈപ്പുകള്‍ മാറ്റിയിടാന്‍ റോഡ് പൊളിച്ചു; ജനജീവിതം ദുരിതപൂര്‍ണമായി

Published : 30th December 2017 | Posted By: kasim kzm

വൈക്കം: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കല്‍ ആരംഭിച്ചതോടെ മറവന്‍തുരുത്ത് പഞ്ചായത്തിലെയും സമീപങ്ങളിലെയും ജനജീവിതം ദുരിതപൂര്‍ണമായി. ഗതാഗത തടസ്സവും കുടിവെള്ള വിതരണവും മുടങ്ങുന്നതും അപകടഭീതിയും ജനങ്ങളെ വലക്കുകയാണ്. ആലപ്പുഴ ജില്ലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയും മൂവാറ്റുപുഴയാറ്റില്‍ നിന്ന് വെള്ളം കൊണ്ടുപോവുന്നതിനു വേണ്ടിയും സ്ഥാപിച്ച പൈപ്പുകള്‍ തകരാറിലായതിനെ തുടര്‍ന്ന് പുതിയ പൈപ്പുകള്‍ കുഴിച്ചിടാന്‍ തുടങ്ങിയതോടെയാണ് ജനജീവിതം താളംതെറ്റിയത്. ടോള്‍ പാലാംകടവ്, ചെമ്മനാകരി റോഡുകളിലെ പൈപ്പുകളാണ് മാറ്റി സ്ഥാപിക്കുന്നത്. മറവന്‍തുരുത്ത്, ചെമ്പ്, വെള്ളൂര്‍, ഉദയനാപുരം, തലയോലപ്പറമ്പ്, മുളക്കുളം പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് യാത്രക്കാരും ആയിരക്കണക്കിന് വാഹനങ്ങളും നിത്യേന സഞ്ചരിക്കുന്ന റോഡാണ് ടോള്‍ പാലാംകടവ് റോഡ്. പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നിനുവേണ്ടി റോഡ് പൊളിക്കാന്‍ ആരംഭിച്ചതോടെ ഈ റോഡിലൂടെയുള്ള ബസ് സര്‍വീസ് അടക്കമുള്ള ഗതാഗതത്തെയും ബാധിച്ചു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കുഴലുകള്‍ മാറ്റി സ്ഥാപിക്കാനായി വലിയ കുഴികള്‍ എടുക്കുവാന്‍ ആരംഭിച്ചപ്പോള്‍ മണ്ഡലത്തിന്റെ ആശ്രയമായ വൈക്കം കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ പലതവണ പൊട്ടി. ഇതു പ്രദേശത്തെ കുടിവെള്ള വിതരണത്തെയാകെ ബാധിച്ചു. ടെലിഫോണ്‍, വൈദ്യുതി ലൈനുകള്‍ക്കും തകരാര്‍ സംഭവിക്കുന്നുണ്ട്. ഗതാഗതത്തിനു തടസ്സമുണ്ടാവാതെ ജപ്പാന്‍ പദ്ധതിയുടെ ജോലികള്‍ നടപ്പാക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും റോഡിലെടുത്ത വലിയ കുഴികള്‍ ഗതാഗത സ്തംഭനത്തിലേക്കാണ് എത്തിച്ചത്. കുഴികളിലേയ്ക്കു റോഡ് ഇടിഞ്ഞുവീഴുന്നത് പതിവായതോടെ അപകടഭീതിയും വര്‍ധിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൈപ്പ് മാറ്റിസ്ഥാപിക്കല്‍ ജോലികള്‍ നടത്തുവാന്‍ ശ്രമം നടന്നെങ്കിലും ജനങ്ങളുടെ അഭ്യര്‍ഥനെയെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ഇടപെട്ട് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് ബദല്‍ മാര്‍ഗങ്ങളെ കുറിച്ച് ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ ടോള്‍ പാലാംകടവ് റോഡ് കുഴിച്ച് പൈപ്പുകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ പേരില്‍ ജനങ്ങള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മറവന്‍തുരുത്ത് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ട ജോലികള്‍ സാവധാനമാണ് ഇപ്പോള്‍ നടക്കുന്നത്. ഗതാഗത സ്തംഭനവും കുടിവെള്ള വിതരണത്തിലെ തകരാറുകളും തുടര്‍ന്നാല്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. ഡിസിസി അംഗം എം കെ ഷിബു ഉദ്ഘാടനം ചെയ്തു. മറവന്‍തുരുത്തില്‍ നടന്ന സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എന്‍ സി തോമസ്, ലീന ഡി നായര്‍, സോമന്‍, പുഷ്പന്‍, ഗായത്രി സോമന്‍, സുഗതന്‍ കൊട്ടൂരത്തില്‍, ബിന്ദു പ്രദീപ്, ശ്രീനാഥ് രാമകൃഷ്ണന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss