|    Apr 21 Sat, 2018 12:06 am
FLASH NEWS
Home   >  Arts & Literature  >  Art  >  

പൈതൃകങ്ങളുടെ ചിത്രകാരന്‍

Published : 26th August 2015 | Posted By: admin

പി.എ. അബ്ദുല്‍ റഷീദ്

‘പൊളിക്കുന്ന പള്ളി വരയ്ക്കുന്ന’ ചിത്രകാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ദിനേശ് ആര്‍. ഷേണായിയുടെ ഗാലറിയില്‍ 300ല്‍ അധികം ചിത്രങ്ങളുണ്ട്. ഇതില്‍ ബഹുഭൂരിഭാഗവും ഇന്ന് നിലവിലില്ലാത്ത പള്ളികളും ക്ഷേത്രങ്ങളും മറ്റു സ്മാരകങ്ങളുമാണ്‌

 

ഒത്തിരി ഗൃഹാതുരസ്മരണകളുമായാണ് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയില്‍നിന്നുള്ള യുവഡോക്ടര്‍ തന്റെ വിദ്യാലയം കാണാന്‍ വന്നത്. പാലസ് റോഡില്‍ പ്രൗഢഗംഭീരമായി തലയുയര്‍ത്തി നിന്നിരുന്ന ഹാജി ഈസാ ഹാജി മൂസ മെമ്മോറിയല്‍ ഹൈസ്‌കൂളിന്റെ സന്താനമായിരുന്ന ആ ‘കുട്ടി’ വിശ്വത്തോളം വലുതായി. എന്നാല്‍, പഴയസ്മരണകള്‍ പുതുക്കാനാണ് ഈ വിദ്യാലയം തേടി വന്നത്. താന്‍ പഠിച്ച 10-ബി ക്ലാസ് മുറി, വൈകിവരുമ്പോള്‍ ഹെഡ്മാസ്റ്റര്‍ ചൂരലുമായി നില്‍ക്കുന്ന സ്‌കൂളിന്റെ ആദ്യത്തെ ചവിട്ടുപടി, കൈയും കാലും പൊക്കുന്ന എക്‌സസൈസ് തെറ്റിച്ചതിന് ഡ്രില്‍ മാസ്റ്റര്‍ തന്നെ മൂന്നുതവണ ഓടിച്ച വിശാലമായ ഗ്രൗണ്ട്- ഇതൊക്കെയായിരുന്നു ആ യുവഡോക്ടറുടെ മനസ്സില്‍. പാലസ് റോഡില്‍ പഴക്കച്ചവടക്കാര്‍ക്ക് സമീപം കാറില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ അപരിചിതത്വം അനുഭവപ്പെട്ടു. താന്‍ പഠിച്ച സ്‌കൂള്‍ ഇന്നില്ല. അവിടെ ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും താന്‍ താലോലിച്ച തന്റെ മാതൃവിദ്യാലയം ഒരു സൂപ്പര്‍ബസാറും കൂട്ടത്തില്‍ കുറേ ക്ലാസ് മുറികളുമായി പരിണമിച്ചിരുന്നു. ഹതാശനായ യുവഡോക്ടര്‍ക്ക് തന്റെ പഴയ വിദ്യാലയം ഒരുവട്ടംകൂടി കാണാന്‍ കൊതിയായപ്പോഴാണ് ചിത്രകാരന്‍ ദിനേശ് ആര്‍. ഷേണായിയുടെ അടുത്തെത്തുന്നത്. പൊളിക്കുന്ന കെട്ടിടം വരയ്ക്കുന്ന ആള്‍ എന്ന് നാടന്‍ ഭാഷയില്‍ പലരും വിശേഷിപ്പിച്ച ദിനേശിന്റെ വീടിനോടനുബന്ധിച്ച, പള്ളിയറക്കാവ് ക്ഷേത്രത്തിനു സമീപത്തെ, ചിത്രശാല ആര്‍ട്ട് ഗാലറിയില്‍ എത്തിയപ്പോള്‍ നമ്മുടെ യുവഡോക്ടര്‍ അന്തംവിട്ടുപോയി. താന്‍ 10 കൊല്ലം പഠിച്ച തന്റെ പ്രിയവിദ്യാലയം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി ജീവന്‍ തുടിക്കുന്ന രീതിയില്‍ ഷേണായി കാന്‍വാസില്‍ ചുവപ്പും ബ്രൗണും കലര്‍ന്ന ‘സെപ്പിയ’യില്‍ വരച്ചുവച്ചിരിക്കുന്നു. ചരിത്രസ്മാരകങ്ങളുടെ ചിത്രകാരന്‍ എന്നു വിശേഷിപ്പിക്കുന്ന ദിനേഷ് ആര്‍. ഷേണായിയുടെ ഗാലറിയില്‍ 300ല്‍ അധികം ചിത്രങ്ങളുണ്ട്. ഇതില്‍ ബഹുഭൂരിഭാഗവും ഇന്ന് അതിന്റെ തനിമയോടെ നിലവിലില്ലാത്ത പള്ളികളും ക്ഷേത്രങ്ങളും മറ്റു സ്മാരകങ്ങളുമാണ്. ഇപ്പോള്‍ 48 വയസ്സ് പ്രായമുള്ള ദിനേശ് 33 കൊല്ലമായി ചിത്രകലാരംഗത്തുണ്ട്. ഈ കാലയളവില്‍ കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു പകര്‍ത്തിയ ചിത്രങ്ങള്‍ അനവധിയാണ്. ചരിത്രമുറങ്ങുന്ന ദേവാലയങ്ങള്‍ തേടിയുള്ള ഒരു തീര്‍ത്ഥയാത്ര തന്നെയാണ് കഴിഞ്ഞ മൂന്നു ദശാബ്ദമായി ദിനേശ് നടത്തുന്നത്. താന്‍ തിരഞ്ഞെടുത്ത ചുവപ്പും ബ്രൗണും ചേര്‍ന്ന നിറത്തിന് എപ്പോഴും ഒരു നൊസ്റ്റാള്‍ജിക് മൂഡ് പകര്‍ന്നുനല്‍കാനുള്ള കഴിവുണ്ടെന്ന് ഈ ചിത്രകാരന്‍ ഉറച്ചുവിശ്വസിക്കുന്നു. ചരിത്രസ്മാരകങ്ങളുടെ മുമ്പില്‍ ദിവസങ്ങളോളം തപസ്സിരുന്നാണ് വര പൂര്‍ത്തിയാക്കാറുള്ളത്. മട്ടാഞ്ചേരിയില്‍ ഒരു പൈതൃക കെട്ടിടം പൊളിക്കാന്‍ പോവുന്നു എന്നറിഞ്ഞപ്പോള്‍ മനസ്സ് വേദനിച്ചു. പൊളിക്കുന്നതിനു മുമ്പ് ഒന്നു വരച്ചെടുത്താലെന്താ? ഈ ആലോചനയിലാണ് ‘പൊളിക്കുന്ന പള്ളി വരയ്ക്കുന്ന’ ആളുടെ തുടക്കം. 400ഓളം സ്മാരകങ്ങള്‍ ദിനേശ് തന്റെ കാന്‍വാസിലാക്കിയിട്ടുണ്ട്. ഇസ്‌ലാമിക സംസ്‌കാരം വിളിച്ചോതുന്ന അറുപതിലേറെ ചിത്രങ്ങളും ഈ കൂട്ടത്തിലുണ്ട്. മലബാറിലെ അനവധി പള്ളികള്‍ ഈ കലാകാരന്‍ കാന്‍വാസിലാക്കിയിട്ടുണ്ട്. കുറ്റിച്ചിറ പള്ളി, കോഴിക്കോട് മിസ്‌ക്കാല്‍ പള്ളി, സാമൂതിരി എഴുതിയ ചെമ്പുതകിട് ഉള്‍ക്കൊള്ളുന്ന മുച്ചുണ്ടി പള്ളി, കാസര്‍കോട് മാലിക് ദീനാര്‍ പള്ളി, വടകര താഴെയങ്ങാടി പള്ളി, തിരൂരങ്ങാടി മമ്പുറം പള്ളി, കിണാശ്ശേരി പൂഴിക്കുത്ത് ജുമാമസ്ജിദ്, വളപട്ടണം, ഇരിക്കൂര്‍ പള്ളികള്‍ എന്നിങ്ങനെ ദിനേശ് വരച്ച പള്ളികളുടെ പട്ടിക നീളുന്നു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് അതിന്റെ തനിമ ഏറക്കുറേ നിലനിര്‍ത്തിയാണ് പുതുക്കിപ്പണിതതെങ്കിലും ദിനേശിന്റെ ചിത്രമായിരിക്കും പഴമക്കാരില്‍ താല്‍പ്പര്യമുണര്‍ത്താന്‍ പോവുന്നതെന്നു വ്യക്തം. കോട്ടയത്തെ താഴത്തങ്ങാടി പള്ളിയിലും ചരിത്രമുറങ്ങിക്കിടക്കുന്നുണ്ടെന്നു ദിനേശ് ഷേണായി പറഞ്ഞു. 1200 കൊല്ലം പഴക്കമുള്ള ഈ പള്ളിയിലാണ് ‘നിഴല്‍ ഘടികാരം’ ഉള്ളത്. സൂര്യപ്രകാശം കല്ലില്‍ വീഴുന്നത് കണക്കാക്കിയായിരുന്നു പണ്ട് ഇവിടെ സമയം നിശ്ചയിച്ചിരുന്നതത്രെ. പല പുരാതന പള്ളികളും ക്ഷേത്രമാതൃകയിലാണെന്നുള്ള പരാമര്‍ശങ്ങളോട് ഷേണായിക്ക് യോജിപ്പില്ല. ക്ഷേത്രമാണെങ്കില്‍ നടുമുറ്റം കാണും. പുരാതന പള്ളികള്‍ക്കൊന്നും നടുമുറ്റമില്ല. പിന്നെയെങ്ങനെ ഇതിനെ ക്ഷേത്രമെന്നു കരുതാനാവുമെന്ന് ഷേണായി ചോദിക്കുന്നു. പള്ളികള്‍ തുടര്‍ച്ചയായി വരയ്ക്കുന്നതിനെതിരേ ചില കേന്ദ്രങ്ങളില്‍നിന്ന് എതിര്‍പ്പ് നേരിടേണ്ടിവന്നിട്ടുണ്ട്. തന്റെ സമുദായവുമായി ബന്ധപ്പെട്ട ചില കലാസംരംഭങ്ങളില്‍നിന്ന് ഷേണായി ഇക്കാരണംകൊണ്ടു തഴയപ്പെട്ടിട്ടുമുണ്ട്. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം പൈതൃകങ്ങള്‍ എല്ലാം ഒരുപോലെയാണെന്നും എല്ലാ പൈതൃകങ്ങള്‍ക്കു പിന്നിലും ഒരു ചരിത്രവും ഒരു സന്ദേശവും ഉണ്ടെന്നും വിശ്വസിക്കുന്നയാളാണ് താനെന്നു ദിനേശ് ഷേണായി പറയുന്നു. കൊച്ചിയിലെ ചെമ്പിട്ട പള്ളിക്കു പുറമെ തിരുമല ദേവസ്വം ക്ഷേത്രം, കുളമണ്ഡപം, വടക്കന്‍ കേരളത്തിലെ ലോകനാര്‍കാവ് ക്ഷേത്രം, തച്ചോളി മാണിക്കോത്ത് കാവ്, ഇരിങ്ങാലക്കുട കുടല്‍മാണിക്യ ക്ഷേത്രം തുടങ്ങിയ പൈതൃകങ്ങളും ഷേണായിയുടെ ഗാലറിയിലുണ്ട്. കൊച്ചി തുറമുഖവും ജൂതപ്പള്ളിയും ജൂതപ്പള്ളിയുടെ ഘടികാരവുമെല്ലാം തന്റെ സൃഷ്ടിയില്‍ ഷേണായി വിഷയമാക്കിയിട്ടുണ്ട്. ഗാലറികളിലെ ചിത്രപ്രദര്‍ശനവും പണം വാരലും വളരെ സജീവമായിരിക്കുന്ന കൊച്ചിയില്‍ താന്‍ വരച്ച ചിത്രങ്ങളൊന്നും വിറ്റിട്ടില്ലെന്ന് ഷേണായി പറഞ്ഞു. വരയിലൂടെ പണം സമ്പാദിക്കുന്ന ആധുനിക ചിത്രകാരനെയും തന്നെയും ഒരുപോലെ കാണരുതെന്നും ഷേണായിക്ക് അപേക്ഷയുണ്ട്. വരച്ച പൈതൃകചിത്രങ്ങളുടെ പ്രിന്റുകള്‍ ആവശ്യക്കാര്‍ക്കു നല്‍കുമെങ്കിലും ചിത്രങ്ങള്‍ ആര്‍ക്കും പണം പറ്റി നല്‍കിയിട്ടില്ല. വ്യക്തികളേക്കാള്‍ ഉപരി മ്യൂസിയങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും പ്രിന്റുകള്‍ നല്‍കാനാണ് ഷേണായിക്കു താല്‍പ്പര്യം. പൈതൃക സ്മാരകങ്ങളുടെ ചിത്രം വരയ്ക്കല്‍ മാത്രമല്ല, അവയെക്കുറിച്ച് സൂക്ഷ്മമായി പഠിച്ച് പ്രഭാഷണം നടത്തുന്നതും ഒരു നല്ല കലയാക്കി ഷേണായി വളര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. അനവധി സദസ്സുകളില്‍ ചരിത്ര സ്മാരകങ്ങളുടെ പ്രഭാഷകനായും ഷേണായി പോയിട്ടുണ്ട്. എം.എ. ബേബി മന്ത്രിയായിരുന്നപ്പോള്‍ സാംസ്‌കാരിക വകുപ്പിനുവേണ്ടി അനവധി ചിത്രങ്ങള്‍ വരച്ചുനല്‍കിയിട്ടുണ്ട്. ചെറിയ കാര്യങ്ങളില്‍ പോലും സൂക്ഷ്മദൃഷ്ടിയോടെയാണ് ഷേണായി പൈതൃകസ്മാരകങ്ങളെ സമീപിക്കുന്നത്. കൊച്ചിയിലെ ജൂതരെ കുറിച്ചും ജൂതപ്പള്ളി എന്ന സിനഗോഗിനെക്കുറിച്ചും ഷേണായി വരച്ചിട്ടും പഠിച്ചിട്ടുമുണ്ട്. കൊച്ചിയില്‍ ഇപ്പോള്‍ ജൂതസമുദായാംഗങ്ങള്‍ ഏഴുപേര്‍ മാത്രമാണുള്ളത്. സിനഗോഗില്‍ സ്ഥാപിച്ചിരിക്കുന്ന ക്ലോക്ക് ടവറിന് രണ്ടു ഭാഗങ്ങളുള്ളത് പലരും ശ്രദ്ധിച്ചുകാണില്ലെന്ന് ദിനേശ് ഷേണായി പറയുന്നു. ഒരു വശത്തു നിന്ന് നോക്കിയാല്‍ ക്ലോക്ക് ടവറില്‍ കാണുന്നതെല്ലാം ഹീബ്രു ഭാഷയിലാണ്. മറുഭാഗത്ത് സാധാരണക്കാരന് മനസ്സിലാക്കാന്‍ ഇംഗ്ലീഷിലും മലയാളത്തിലും കുറിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പള്ളിയറക്കാവ് ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തില്‍ കൊട്ടാരം ഇരിക്കും പറമ്പില്‍ ദിനേശ് ആര്‍ ഷേണായി തന്റെ കൊച്ചുവീടിനോടനുബന്ധിച്ച് സംവിധാനം ചെയ്ത ഗാലറിയില്‍ ചിത്രങ്ങള്‍ കാണാന്‍ വരുന്നവരില്‍ ധാരാളം വിദേശികളുമുണ്ട്. മകന്‍ അച്യുത് ഷേണായിയും ചിത്രം വരയില്‍ പിതാവിന്റെ പാത പിന്തുടരുന്നുണ്ട്. മകള്‍ യശോദ ഷേണായിക്കും ചിത്രകലയില്‍ താല്‍പ്പര്യമുണ്ട്. സീനിയര്‍ ഷേണായിയുടെയും മക്കള്‍ ജൂനിയര്‍ ഷേണായിമാരുടെയും കാര്യങ്ങള്‍ നോക്കാനും അവര്‍ക്ക് വരയില്‍ എല്ലാ സഹകരണവും നല്‍കാനും സന്നദ്ധയാണ് ആശാ ദിനേശ് ഷേണായി. കലയെ കച്ചവടച്ചരക്കാക്കാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് താനും മക്കളും ഈ കൊച്ചു വീട്ടില്‍ കഴിയുന്നതെന്നും അനുഗൃഹീത ചിത്രകാരനായ ദിനേശ് ഷേണായി പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss