|    Aug 18 Sat, 2018 4:11 am
FLASH NEWS

പൈക ഫണ്ട്: സ്‌റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയാക്കാതെ ബില്ല് മാറാന്‍ നീക്കം

Published : 6th August 2018 | Posted By: kasim kzm

വാണിമേല്‍: പൈക ഫണ്ടുപയോഗിച്ച് നിര്‍മാണം നടത്തുന്ന വാണിമേല്‍ മിനി സ്‌റ്റേഡിയത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കാതെ പണം പിന്‍വലിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രധാന പണികള്‍ നടത്താതെയാണ് പഞ്ചായത്ത് ഭരണസമിതി മുമ്പാകെ പാര്‍ട്ട് ബില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
ബില്‍ ഭരണസമിതി അംഗീകരിച്ച് പണം മാറി നല്‍കാന്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍.കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് വാണിമേല്‍ ഗ്രാമപ്പഞ്ചായത്തിലെ കായിക വികസനത്തിന് വേണ്ടിയാണ് പൈക ഫണ്ടില്‍ നിന്നും പണം അനുവദിച്ചത്. ആദ്യഘട്ടമായി 320000 രൂപയും അതിന്റെ വിനിയോഗത്തിന് ശേഷം രണ്ട് ലക്ഷം രൂപയും ലഭിക്കും എന്നായിരുന്നു.
എന്നാല്‍ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. മിനി സ്‌റ്റേഡിയത്തില്‍ ഒരു വോളീബോള്‍ കോര്‍ട്ട്, രണ്ട് ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് എന്നിവ നിര്‍മിക്കുക, സ്‌റ്റേഡിയത്തിലേക്ക് റോഡില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം തടയാന്‍ ആവശ്യമായ ഓവുചാല്‍ പണിയുക, പുഴയിലേക്ക് പന്ത് പോകുന്നത് തടയാന്‍ സ്ഥിരം വല സ്ഥാപിക്കുക എന്നിവയായിരുന്നു പ്രൊജക്ട്.എന്നാല്‍ ഓവുചാല്‍ നിര്‍മിച്ച തൊഴികെയുള്ള മറ്റ് പ്രവര്‍ത്തികളൊന്നും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പുല്ല് വളര്‍ന്നിരുന്ന ഗ്രൗണ്ടില്‍ മണ്ണിട്ട് നിരപ്പാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. മുന്‍ ഭരണ സമിതിയുടെ കാലത്ത് ഒന്നാം വാര്‍ഡ് മെമ്പറായിരുന്ന മാജിദ ഫര്‍സാനയുടെ നേതൃത്വത്തില്‍ വാണിമേല്‍ എംയുപി സ്‌കൂള്‍ കായിക അധ്യാപകന്‍ കണ്‍വീനറും കെ കെ ഷൗക്കത്ത് ചെയര്‍മാനുമായ കമ്മിറ്റി രൂപീകരിച്ചാണ് പണി നടത്താന്‍ തീരുമാനിച്ചത്.
ആദ്യം തീരുമാനിച്ച എസ്റ്റിമേറ്റ് മാറ്റി പുതിയ രൂപത്തില്‍ പണി ചെയ്യണമെന്ന് കായിക അധ്യാപകന്റെ നിര്‍ദേശം പരിഗണിച്ച് പുതിയ പദ്ധതി തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കണ്‍വീനറെ അറിയിക്കാതെ സ്‌റ്റേഡിയത്തില്‍ മണ്ണിട്ട് നിരപ്പാക്കി. കണ്‍വീനറോട് ഒപ്പുവെച്ചു നല്‍കാന്‍ വാര്‍ഡിലെ മെമ്പര്‍ ആവശ്യപ്പെട്ടെങ്കിലും കണ്‍വീനര്‍ തയ്യാറായില്ല. തുടര്‍ന്ന് കണ്‍വീനര്‍ രാജിവെച്ചു. പിന്നീട് മറ്റൊരു കണ്‍വീനറെ നിശ്ചയിച്ചാണ് പണിയുടെ ബില്ല് സമര്‍പ്പിച്ചിട്ടുള്ളത്.മൂന്ന് വര്‍ഷം മുമ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റില്‍ ഒരു വര്‍ഷം മുമ്പ് പണി നടത്തിയതിന്റെ പാര്‍ട്ട് ബില്ലാണ് ഇപ്പോള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഭരണസമിതിയിലെ പ്രതിപക്ഷ മെമ്പര്‍മാര്‍ ബില്ല് വ്യക്തമായി പഠിച്ച ശേഷം മാത്രമേ പണം അനുവദിക്കാവൂ എന്ന് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായാണറിയുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss