|    Apr 23 Mon, 2018 4:58 pm
FLASH NEWS

പേ ആന്റ് യൂസ് പാര്‍ക്കിങ് കേശവദാസപുരം വരെ നീട്ടും

Published : 7th August 2016 | Posted By: SMR

തിരുവനന്തപുരം: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കിഴക്കേകോട്ട മുതല്‍ പുളിമൂട് വരെ നടപ്പാക്കിയ പേ ആന്‍ഡ് യൂസ് പാര്‍ക്കിങ് സംവിധാനം എംജി റോഡില്‍ കേശവദാസപുരം വരെ നീട്ടാനുള്ള കൗണ്‍സില്‍ തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനം. മേയര്‍ വി കെ പ്രശാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് അഡ്‌വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അടുത്തഘട്ടമായി കോര്‍പറേഷന്റെ അനുമതിയോടെ വെള്ളയമ്പലം മുതല്‍ ശാസ്തമംഗലം ജങ്ഷന്‍ വരെയും വഴുതയ്ക്കാട് ഇടറോഡിലും പേ ആന്‍ഡ് യൂസ് പാര്‍ക്കിങ് സംവിധാനം പ്രാവര്‍ത്തികമാക്കണമെന്നും നിര്‍ദ്ദേശിച്ചു. പ്രീ-പെയ്ഡ് ഓട്ടോറിക്ഷാ സംവിധാനം പ്രയോജനപ്പെടുത്തുന്ന ഓട്ടോറിക്ഷകളില്‍ ചിപ്പ് ഘടിപ്പിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ട്രാഫിക് പോലിസ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. ഈ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഓട്ടോറിക്ഷകള്‍ പ്രീ-പെയ്ഡ് പോയിന്റില്‍ പ്രവേശിക്കുമ്പോള്‍ തന്നെ വാഹന നമ്പരടക്കം കംപ്യൂട്ടറില്‍ തെളിയും. ഇത് വേഗത്തില്‍ വാഹനം പോയിന്റില്‍ നിന്ന് റിലീസ് ചെയ്യാന്‍ സഹായിക്കും. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെയും ബസ് സ്റ്റാന്‍ഡ് പരിസരത്തുമുള്ള ഓട്ടോറിക്ഷകള്‍ക്ക് ചിപ്പ് ഘടിപ്പിക്കുന്നത് സംബന്ധിച്ചാണ് അദ്യഘട്ടത്തില്‍ പഠിക്കുന്നത്. പ്രീ-പെയ്ഡ് ഓട്ടോറിക്ഷ കൗണ്ടര്‍ കിഴക്കേകോട്ടയില്‍ ഉള്ളതുപോലെ ഗാന്ധിപാര്‍ക്കിന് പുറകുവശത്ത് കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചു.
നഗരപരിധിയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമായ രീതിയില്‍ കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, കിംസ് ആശുപത്രി പരിസരം, എയര്‍പോര്‍ട്ട് തുടങ്ങിയ പരിസരങ്ങളില്‍ പ്രീ-പൈയ്ഡ് ഓട്ടോറിക്ഷകള്‍ സ്ഥാപിക്കുന്നതിന് പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കിഴക്കേകോട്ടയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഗ്യാരേജിനകത്തുള്ള സ്ഥലം പ്രയോജനപ്പെടുത്തിക്കൊണ്ട് നിശ്ചയിച്ച റൂട്ടുകളിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നതാണ് ഉചിതമെന്ന് ട്രാഫിക് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
ഇത് പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും കത്ത് നല്‍കാനും തീരുമാനിച്ചു. നിലവിലുള്ള അവസ്ഥയില്‍ അപകടം ഒഴിവാക്കുന്നതിന് ഒരേ ദിശയില്‍ രണ്ട് ബസ്സുകള്‍ കയറിവരുന്ന അവസ്ഥ ഒഴിവാക്കി സമാനപാതയില്‍ എല്ലാ ബസ്സുകളും കിഴക്കേകോട്ടയില്‍ നിന്നും പുറപ്പെടുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. കിഴക്കേകോട്ടയില്‍ കാല്‍നട യാത്രക്കാര്‍ക്കായി ഒരു ഫുട് ഓവര്‍ബ്രിഡ്ജ് എക്‌സ്‌കലേറ്റര്‍ സംവിധാനത്തോടുകൂടി സ്ഥാപിക്കുന്ന വിഷയം പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ട്രാഫിക് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അപ്രകാരം ഫുട് ഓവര്‍ബ്രിഡ്ജ് പ്രാവര്‍ത്തികമാക്കുമ്പോള്‍ 10 വര്‍ഷത്തെ ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് വ്യവസ്ഥയോടു കൂടിയായിരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ നഗരാസൂത്രണ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ആര്‍ സതീഷ്‌കുമാര്‍, ഡിസിപി ശിവവിക്രം ഐപിഎസ്, നഗരസഭ അഡീഷനല്‍ സെക്രട്ടറി എല്‍എസ്ദീപ, ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍മാരായ മോഹനന്‍, ജ്യോതിഷ്‌കുമാര്‍, ട്രേഡ് യൂനിയന്‍ പ്രതിനിധിക ള്‍, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss