|    Jan 21 Sat, 2017 7:41 am
FLASH NEWS
Home   >  Sports  >  Others  >  

പേസ്-ബൊപ്പണ്ണ സഖ്യത്തിന് ആദ്യറൗണ്ടില്‍ തോല്‍വി

Published : 7th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ടെന്നിസില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-രോഹന്‍ ബൊപ്പണ്ണ സഖ്യം ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. പോളണ്ടിന്റെ ലുകാസ് കുബോട്ട്-മാര്‍കിന്‍ മറ്റ്‌കോവ്‌സ്‌കി ജോടിയാണ് ഇന്ത്യക്ക് കനത്ത ആഘാതം നല്‍കിയത്.
ആവേശകരമായ പോരാട്ടത്തില്‍ ടൈബ്രേക്കറിനൊടുവിലാണ് ഇന്ത്യന്‍ ടെന്നിസിലെ സൂപ്പര്‍താരങ്ങളായ പേസ്-ബൊപ്പണ്ണ സഖ്യത്തെ പോളണ്ട് താരങ്ങള്‍ മുട്ടുകുത്തിച്ചത്. സ്‌കോര്‍: 4-6, 6-7.
ഒന്നാം സെറ്റ് കൈവിട്ട ഇന്ത്യക്ക് രണ്ടാം സെറ്റിന്റെ തുടക്കത്തിലും ആധിപത്യം നേടാനായില്ല. എന്നാല്‍, പിന്നീട് തിരിച്ചുവരവിനുള്ള ശ്രമം നടത്തിയ ഇന്ത്യ രണ്ടാം സെറ്റില്‍ 4-4 എന്ന നിലയിലാക്കി. പിന്നീട് ഒരുഘട്ടത്തില്‍ പേസ്- ബൊപ്പണ്ണ സഖ്യം 6-5 എന്ന സ്‌കോറിന് മുന്നിലെത്തി. ഇതോടെ മല്‍സരം ടൈബ്രേക്കറിലേക്ക് നീങ്ങുകയായിരുന്നു.
ടൈബ്രേക്കറില്‍ 2-4 എന്ന നിലയിലേക്ക് വീണെങ്കിലും പേസ്- ബൊപ്പണ്ണ സഖ്യം തിരിച്ചടിച്ചു. എന്നാല്‍, നിര്‍ണായക പോയിന്റുകള്‍ കൈവിട്ടതോടെ കുബോട്ട്-മറ്റ്‌കോവ്‌സ്‌കി സഖ്യത്തോട് പേസ്-ബൊപ്പണ്ണ ജോടി രണ്ടാം സെറ്റും മല്‍സരവും കൈവിടുകയായിരുന്നു.
ഡബിള്‍സ് ടീം പ്രഖ്യാപനത്തിനിടെയുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ ആദ്യറൗണ്ടില്‍ തന്നെ പേസ്-ബൊപ്പണ്ണ സഖ്യം തോല്‍വി വഴങ്ങിയത് വരും ദിവസങ്ങളില്‍ ചര്‍ച്ചയാവാനിടയുണ്ട്. ഡബിള്‍സ് പങ്കാളിയായി പേസ് വേണ്ടെന്നായിരുന്നു നേരത്തെ ബൊപ്പണ്ണയുടെ നിലപാട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക