|    Dec 13 Thu, 2018 6:53 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പേഷ്വമാരുടെ ദുര്‍ഭരണം

Published : 3rd September 2018 | Posted By: kasim kzm

കലീം

അപ്പോള്‍ ഇന്ത്യന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഒരു ഡസന്‍ വരുന്ന നഗരവാസികളായ മാവോവാദികള്‍ ഇ-മെയിലിലൂടെ പദ്ധതികള്‍ ചര്‍ച്ച ചെയ്താല്‍ മതി. മഹാരാഷ്ട്രയില്‍ ക്രമസമാധാന ചുമതലയുള്ള പോലിസ് മേധാവി പരംവീര്‍ സിങ് അതാണ് പറയുന്നത്. പുള്ളി ദിനംപ്രതി പത്രസമ്മേളനം നടത്തി തെലുഗു കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, ഇകണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ മുന്‍ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ ഗൗതം നവ്‌ലാഖ, മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുംബൈയിലെ അരുണ്‍ ഫെറേറ, ഹൈദരാബാദിലെ വെര്‍നന്‍ ഗൊണ്‍സാല്‍വസ് തുടങ്ങിയവര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അട്ടിമറിയുടെ അതീവ നിഗൂഢമായ വിവരങ്ങള്‍ കുറേശ്ശെ മാധ്യമങ്ങള്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ഏതാണ്ട് അമര്‍ ചിത്രകഥയിലെ കഥാപാത്രങ്ങള്‍ പോലെ പെരുമാറുന്നവരാണ് ഇപ്പോള്‍ പലയിടത്തും വീട്ടുതടങ്കലില്‍ കഴിയുന്ന ബുദ്ധിജീവികള്‍ എന്ന് പരംവീറിന്റെ വിശദീകരണം കേട്ടാല്‍ തോന്നും. ഒരു ലോറല്‍ ആന്റ് ഹാര്‍ഡി സിനിമയുടെ തിരക്കഥയാണ് പോലിസ് രചിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി, പേഷ്വമാരുടെ പാരമ്പര്യം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന നാഗ്പൂരില്‍ നിന്നുള്ള ആര്‍എസ്എസ് കാര്യകര്‍ത്താവ് ഫഡ്‌നാവിസ് പറഞ്ഞുകൊടുക്കുന്ന രംഗവിവരണം പോലിസ് അപ്പടി പകര്‍ത്തിയതാവാനുള്ള സാധ്യതയാണ് കൂടുതല്‍. അല്ലെങ്കില്‍ ബാലനരേന്ദ്ര എന്ന പേരില്‍ നരേന്ദ്ര മോദിയുടെ ബാലസാഹസികതകള്‍ വിവരിക്കുന്ന ചിത്രകഥ രചിച്ച ആളെത്തന്നെ ചിലപ്പോള്‍ പോലിസ് കസ്റ്റഡിയിലെടുത്തു പണിയേല്‍പിച്ചുകാണും. നിയമപരമായി അധികാരമേറിയ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഈ വിപ്ലവസംഘം നടത്തിയ ശ്രമങ്ങളെപ്പറ്റി പോലിസ് ആദ്യം വെളിപ്പെടുത്തുന്നത് ഏതാണ്ട് മൂന്നു മാസം മുമ്പാണ്. അതിനു മുമ്പുതന്നെ മഹാരാഷ്ട്രയില്‍ ഗഡ്ചിറോളിയില്‍ മാവോവാദി വിപ്ലവം നടത്താന്‍ സഹായം നല്‍കിയെന്ന് ആരോപിച്ച് ഡല്‍ഹി സര്‍വകലാശാലയിലെ, സൈക്കിള്‍ ചെയറില്‍ ബന്ധിതനായ ഡോ. ജി എന്‍ സായിബാബയെയും കൂട്ടരെയും കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. നാഗ്പൂരിലെ കുപ്രസിദ്ധമായ അണ്ഡാ സെല്ലില്‍ സഹതടവുകാരുടെ സഹായത്തോടെയാണ് സായിബാബ ഇപ്പോള്‍ പ്രാഥമിക കര്‍മങ്ങള്‍ വരെ നിര്‍വഹിക്കുന്നത്. മൂന്നു മാസം മുമ്പ് മലയാളിയായ റോണ വില്‍സന്‍, വിദ്രോഹി മാഗസിന്‍ എഡിറ്റര്‍ സുധീര്‍ ധാവലെ, അഡ്വ. സുരേന്ദ്ര ഗര്‍ലിംഗ്, നാഗ്പൂര്‍ സര്‍വകലാശാലയിലെ പ്രഫ. ഷോമ സെന്‍, നാഗ്പൂരിലെ സഞ്ജയ് റാവത്ത് എന്നിവരെ അറസ്റ്റ് ചെയ്ത് യെര്‍വാദ ജയിലില്‍ അടച്ചു. റോണ വില്‍സന്റെ കൈയില്‍ നിന്നു കിട്ടിയ ‘വിവരങ്ങള്‍’ ഒരു മൂന്നാംകിട കോമഡി സബ് പ്ലോട്ടിനെ തോല്‍പിക്കും വിധം ഭാവനാസമ്പന്നമാണ്. വിവരവിപ്ലവം നടന്നതിന്റെ ഗുണം ഈ വിപ്ലവകാരികള്‍ നന്നായി ഉപയോഗിച്ചു. അതിബുദ്ധിമാന്‍മാര്‍ നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതി മുഴുവന്‍ ഇ-മെയിലിലൂടെയാണ് കൈമാറിയത്. രാജീവ് ഗാന്ധി സംഭവത്തിന്റെ മോഡലില്‍ ഇപ്പോഴത്തെ ഗവണ്‍മെന്റിനെ തകര്‍ത്തുകളയുക എന്നതായിരുന്നുപോല്‍ ലക്ഷ്യം. വിപ്ലവപ്പാര്‍ട്ടികളില്‍പ്പെട്ട സിപിഎംഎംഎല്ലില്‍ നുഴഞ്ഞുകയറിക്കൊണ്ടാണ് ഇടതു ചിന്തകര്‍ നിയോ ലിബറല്‍-കാപിറ്റലിസ്റ്റ് വ്യവസ്ഥയെ അട്ടിമറിക്കുക. അതിനായി പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി (ഇന്ത്യ) എന്ന പേരില്‍ ഒരു ഒളിപ്പോര്‍ സംഘം. ഇന്ത്യയില്‍ അട്ടിമറിക്കു വേണ്ടി 10 ലക്ഷം രൂപ വരെ കൊടുക്കാന്‍ തയ്യാറായ വിദേശ സുഹൃത്തുക്കള്‍. ഇന്ത്യയില്‍ തന്നെയുള്ള മുസ്‌ലിം തീവ്രവാദി സംഘങ്ങളുമായുള്ള സൗഹൃദം. വിദേശത്ത് പണം ശേഖരിക്കാന്‍ ആനന്ദ് തെല്‍തുംബ്‌ഡെ എന്ന മാനേജ്‌മെന്റ് വിദഗ്ധന്‍. നിരന്തരമായി ഇവര്‍ ജനകീയ പ്രക്ഷോഭം നടത്തി സംഘപരിവാര സര്‍ക്കാരിനെ ക്ഷീണിപ്പിക്കും. അങ്ങനെയതു തകര്‍ന്നുവീഴും. ഇതാണ് തിരക്കഥ. നമ്മുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ വെറുതെയിരിക്കുകയല്ലല്ലോ. അവരാണ് ഈ വമ്പന്‍ ഗൂഢാലോചന മണത്തറിഞ്ഞു രഹസ്യങ്ങള്‍ വേണ്ടവര്‍ക്കായി ക്രോഡീകരിച്ചത്. പക്ഷേ, തിരക്കഥയില്‍ ഒരു ട്വിസ്റ്റ് വന്നത് തുടര്‍ന്നാണ്. 1818ല്‍ നടന്ന ഭീമാ കൊറോഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികം ആചരിക്കാന്‍ ദലിതുകള്‍ എല്‍ഗാര്‍ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം സമ്മേളിച്ചിരുന്നു. പൂനെയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഭീമ-കോറോഗാവില്‍ വച്ചാണ് ദലിതരും ബ്രിട്ടിഷുകാരും ചേര്‍ന്ന ഒരു ചെറു സൈന്യം പേഷ്വാ ബാജിറാവു രണ്ടാമന്റെ കൂടുതല്‍ ശക്തമായ മറാഠാ സൈന്യത്തെ തോല്‍പിച്ചുവിട്ടത്. ബ്രാഹ്മണരായ പേഷ്വമാര്‍ ദലിത് പീഡനത്തില്‍ മുന്‍നിരയിലായിരുന്നു. ദലിതുകള്‍ നന്നായി പോരാടാന്‍ അതായിരുന്നു കാരണം. അതിനാല്‍ തന്നെ ദലിത് സംഘടനകള്‍ പീഡനത്തിനെതിരായി നടക്കുന്ന തങ്ങളുടെ പോരാട്ടത്തിനു വീര്യം പകരാന്‍ ഭീമ-കോറോഗാവ് യുദ്ധത്തിന്റെ വാര്‍ഷികം ആചരിക്കുന്നതു പതിവാണ്. 2017 ഡിസംബര്‍ 30നു പൂനെയിലെ പേഷ്വാ ശക്തിയുടെ പ്രതീകമായ ശനിവാര്‍വാദ കോട്ടയ്ക്കു സമീപം ദലിതുകള്‍ സമ്മേളിച്ചു. അവിടെ നിന്നാണ് സംഘങ്ങള്‍ പണ്ടു പോരാട്ടം നടന്ന സ്ഥലത്തേക്കു സഞ്ചരിച്ചത്. അതു ഹിന്ദുത്വര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ജാതിയില്ലാത്ത ഹിന്ദുത്വം എന്ന ബാലസാഹിത്യം ഉപയോഗിച്ച് ദലിതരെ വശീകരിക്കാന്‍ സംഘപരിവാരം നടത്തുന്ന ശ്രമങ്ങള്‍ ഇപ്പോള്‍ യാഥാര്‍ഥ്യങ്ങളില്‍ തട്ടി മുങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഈയൊരു ഉണര്‍ത്തുപാട്ട്. ദലിതരെ ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍, സമസ്ത ഹിന്ദു ആഗാതി തുടങ്ങിയ പേരില്‍ ആര്‍എസ്എസ് പെട്ടെന്നു തട്ടിക്കൂട്ടിയ ഗുണ്ടാസംഘങ്ങള്‍ ആക്രമിച്ചു. പേഷ്വമാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയിലെ പോലിസ് ഹിന്ദുത്വരായ രണ്ടു പേര്‍- സംഭാജി ബിഡെ, മിലിന്ദ് എക്‌ബോട്ടെ- എല്‍ഗാര്‍ പരിഷത്തിനെതിരേ കൊടുത്ത ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. ജസ്റ്റിസ് പി ബി സാവന്ത്, കോല്‍സെ പാട്ടീല്‍ തുടങ്ങിയവര്‍ നയിക്കുന്ന എല്‍ഗാര്‍ പരിഷത്ത് സംഘടിപ്പിച്ച പരിപാടിയും മാവോവാദവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് സാമാന്യബോധമുള്ള ഏവര്‍ക്കും അറിയാം. പക്ഷേ, പരിപാടിയില്‍ പങ്കെടുത്തവരുടെ രാഷ്ട്രീയമായിരുന്നു മഹാരാഷ്ട്ര ഗവണ്‍മെന്റിനും കേന്ദ്ര സര്‍ക്കാരിനും ചതുര്‍ഥിയായത്. ജിഗ്‌നേഷ് മേവാനി, രോഹിത് വെമുലയുടെ അമ്മ രാധിക, ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സോനി സോരി, റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് പ്രകാശ് അംബേദ്കര്‍, ഭീം ആര്‍മി അധ്യക്ഷന്‍ വിനയ് രത്തന്‍ സിങ്, ജെഎന്‍യുവിലെ ഉമര്‍ ഖാലിദ് തുടങ്ങിയവരൊക്കെ പങ്കെടുത്ത പരിപാടി തങ്ങള്‍ക്കെതിരേയുള്ള മുന്നണിയായി രൂപപ്പെടുമെന്ന ഭയം ഹിന്ദുത്വ നേതാക്കളെ പിടികൂടിയതായി അനുമാനിക്കാം. എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ അവതരിപ്പിച്ച കലാപരിപാടികളൊക്കെ സവര്‍ണ മേല്‍ക്കോയ്മയെ പരിഹസിക്കുന്നതായിരുന്നു. ‘പുതിയ പേഷ്വാ ഭരണം തുലയട്ടെ’ എന്നതായിരുന്നു ഇടയ്ക്കിടെ ഉയര്‍ന്ന മുദ്രാവാക്യം. ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും കര്‍ഷകര്‍ക്കും പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കുമിടയില്‍ ഭയം ശക്തിപ്പെടുന്നത് പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. സമ്മേളനവേദിയുടെ ഒരുവശത്ത് നാലു കറുത്ത കുടങ്ങള്‍ മേല്‍ക്കുമേല്‍ വച്ചിരുന്നു. ജാതിവ്യവസ്ഥയുടെ പ്രതീകങ്ങളായ കുടങ്ങള്‍ രാധിക വെമുലയാണ് അടിച്ചുതകര്‍ത്തത്. ഗുജറാത്തിലെ ദലിത് വിഭാഗത്തില്‍പ്പെട്ട തോട്ടികള്‍ അന്യരുടെ മലം കോരി മാറ്റുന്നതിലൂടെ ആത്മീയ നിര്‍വൃതി അനുഭവിക്കുന്നുവെന്ന്, പിന്നാക്ക ജാതിയില്‍ പിറന്ന മോദി തന്റെ കര്‍മയോഗ് എന്ന കൃതിയില്‍ എഴുതിയത് ജിഗ്‌നേഷ് മേവാനി ചൂണ്ടിക്കാട്ടി. പരിപാടിക്കു പണം നല്‍കിയത് മാവോവാദികളാണ് എന്നായിരുന്നു മഹാരാഷ്ട്ര പോലിസ് ആരോപിച്ചത്. അതിന് അന്നുതന്നെ ജസ്റ്റിസ് സാവന്ത് മറുപടി പറഞ്ഞിരുന്നു. നഗര മാവോവാദികള്‍ എന്ന പ്രയോഗം യുപിഎ ഗവണ്‍മെന്റിന്റെ സംഭാവനയാണെങ്കിലും അതിന്റെ പേരില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ ഒന്നാം നിരയില്‍ ഹിന്ദുത്വരാണ്. കാവിപ്പടയാണ് ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, ആന്ധ്ര തുടങ്ങിയ പ്രവിശ്യകളില്‍ ഖനിജങ്ങള്‍ കവരുന്ന മാഫിയകള്‍ക്കു സംരക്ഷണം നല്‍കുന്നത്. എല്ലായിടത്തും മറുഭാഗത്ത് ഗോത്രവര്‍ഗക്കാരാണ്. പഴയ സാല്‍വാജുദൂമിന്റെ റോളില്‍ പോലിസിനെ സഹായിക്കുകയാണ് സംഘപരിവാരം. മോദി സര്‍ക്കാരിന്റെ വിശ്വാസ്യത പഴയ 1000 രൂപ നോട്ടു പോലെ എടുക്കാച്ചരക്കായതിനാല്‍ സായാഹ്ന ചാനല്‍ ചര്‍ച്ചകളെ സജീവമാക്കുന്ന ഈ കോമഡി സീരിയല്‍ പല അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ സഹായിക്കുമെന്ന് ഫഡ്‌നാവിസും മോദിയും ബിജെപിയിലെ വമ്പന്‍ പ്രചാരണ വിഭാഗവും കരുതുന്നു. ഭരണകൂടത്തെ എതിര്‍ക്കുന്ന ഏതു നീക്കവും രാജ്യദ്രോഹവും ഭീകരതയുമെന്നു വിശേഷിപ്പിച്ച് അടിച്ചമര്‍ത്താന്‍ കഴിയുമെന്നാണ് സംഘപരിവാരം കരുതുന്നത്. വെര്‍ണന്‍ ഗൊണ്‍സാല്‍വസിന്റെ പത്‌നി അഡ്വ. സൂസന്‍ അബ്രഹാം പറയുന്നതുപോലെ, സായിബാബ അന്തരീക്ഷത്തില്‍ നിന്നു വിഭൂതി എടുക്കുന്നതുപോലെയാണ് പോലിസ് അറസ്റ്റിലായവര്‍ക്കെതിരേ തെളിവുകള്‍ ഉല്‍പാദിപ്പിക്കുന്നത്. കോടതിയില്‍ അവ വെറും ധൂളികളായെന്നു വരും. അതുവരെ ചില ആള്‍ദൈവങ്ങള്‍ ചെയ്യുന്നതുപോലെ ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കാം. നോട്ട് റദ്ദാക്കല്‍ എന്ന മഹാ വിഡ്ഢിത്തം കഴിഞ്ഞ് 500 ദിവസം പൂര്‍ത്തിയാവുന്ന അന്നുതന്നെയാണ് റെയ്ഡുകളും അറസ്റ്റുകളും നടക്കുന്നത്. ’50 ദിവസത്തിനുള്ളില്‍ രാജ്യം സാമ്പത്തിക പുരോഗതിയുടെ അതിവേഗ പാതയില്‍ കയറിയില്ലെങ്കില്‍ എന്നെ കൊന്നുകൊള്ളൂ’ എന്ന മോദിയുടെ വാക്കുകള്‍ ഓര്‍മിക്കുന്നവര്‍ അതിവേഗം വര്‍ധിക്കുന്ന കാലത്ത്, നഗരങ്ങളിലെ മാവോവാദി ഭീകരരെക്കുറിച്ച് പേക്കിനാവു കണ്ടു മധ്യവര്‍ഗം സുഖമായുറങ്ങുമെന്ന പ്രതീക്ഷയിലാണ് കാവിപ്പടയുടെ കമാന്‍ഡര്‍മാര്‍. അട്ടിമറിയും മോദിവധവും തടയുക എന്നതായിരുന്നില്ല ലക്ഷ്യമെന്നു സുധ ഭരദ്വാജിനെ അറസ്റ്റ് ചെയ്യാന്‍ പോയ ഡല്‍ഹി പോലിസിന്റെ നടപടിയില്‍ വ്യക്തമായിരുന്നു. ബുദ്ധിജീവികളൊന്നും തന്നെ ഒളിവില്‍ കഴിയുകയായിരുന്നില്ല. വലിയ പെരുന്നാളിനും ഗണേശ ചതുര്‍ഥിക്കും ബോംബ് സ്‌ഫോടനം നടത്താന്‍ സനാതന്‍ സന്‍സ്ഥ പരിപാടിയിട്ട വിവരം പുറത്തായിരുന്നു. ഈ സംഘി സബ്‌സിഡിയറി ഗൗരി ലങ്കേഷ് അടക്കം നാലു പ്രമുഖരെ വെടിവച്ചു കൊന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ കര്‍ണാടക പോലിസ് പുറത്തുകൊണ്ടുവന്നിരുന്നു. അതുകൊണ്ട് മാധ്യമങ്ങളുടെ ശ്രദ്ധ അറസ്റ്റുകളിലേക്കു തിരിച്ചുവിടാന്‍ ഡല്‍ഹി പോലിസ് പ്രത്യേകം ശ്രദ്ധിച്ചു. സുധ ഭരദ്വാജിനെ അറസ്റ്റ് ചെയ്ത് അവരെ കോടതിയില്‍ ഹാജരാക്കാന്‍ പോലിസ് റിപബ്ലിക് ടിവിയുടെ റിപോര്‍ട്ടര്‍മാര്‍ വരുന്നതുവരെ കാത്തുനിന്നു. എന്നാല്‍, ഇപ്രാവശ്യം എല്ലാം കണക്കുകൂട്ടിയ പോലെയല്ല നീങ്ങുന്നത്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss