|    May 30 Tue, 2017 6:49 pm
FLASH NEWS

പേവിഷബാധ: പശുക്കള്‍ക്ക് കുത്തിവയ്പ് നല്‍കി; പാല്‍ കുടിച്ചവര്‍ ഭീതിയില്‍

Published : 16th September 2016 | Posted By: SMR

വടകര: പേവിഷബാധയേറ്റ രൂപത്തിലുള്ള ലക്ഷണം കണ്ട പശുക്കള്‍ക്ക് കുത്തിവയ്പ് നല്‍കി.  മണിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പാലയാട് നടയിലെ രണ്ട് വീടുകളിലെ പശുക്കളാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചത്. ഈ പശുക്കള്‍ക്ക് വെറ്ററിനറി സര്‍ജന്‍ കുത്തിവയ്പ്പ് നല്‍കി.
വാര്‍ഡ് മെംബര്‍ സത്യന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വിവരം വടകരയിലെ മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ സ്ഥലത്തെത്തി പശുക്കള്‍ക്ക് ഇഞ്ചക്ഷന്‍ നല്‍കി. പാലയാട് നാറാണത്ത് സജീവന്റെ വീട്ടിലെ പശു ബുധനാഴ്ചയും അയനിക്കത്താഴ നാരായണിയുടെ വീട്ടിലെ പശു വ്യാഴാഴ്ചയുമാണ് പേവിഷബാധയുടെ ലക്ഷണം കാണിച്ചത്. അതേസമയം ഈ പശുക്കളുടെ പാല്‍കുടിച്ച പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ഇതിനെ തുടര്‍ന്ന് ഭീതിയിലാണ്.
പശുവിനേറ്റ പേവിഷം തങ്ങള്‍ക്കും വരുമെന്ന ഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് തിളപ്പിച്ച പാലാണ് കഴിച്ചതെങ്കില്‍ പേടിക്കേണ്ട കാര്യമില്ലെന്ന വെറ്ററിനറി ഡോക്ടറുടെ വാക്കുകളൊന്നും ആശ്വസമാവുന്നില്ല. ഇത്തരത്തില്‍ പാല്‍ കുടിച്ച 25ഓളം പേര്‍ വടകര ജില്ലാ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
തെരുവ് നായ്ക്കള്‍ ഏറെയുണ്ടെങ്കിലും ജനങ്ങളുടെ പ്രതിരോധത്തെ തുടര്‍ന്ന് അവയുടെ ശല്യത്തിന് ഇത്തിരി പരിഹാരമുണ്ടായിരുന്നു.
എന്നാല്‍ ഈ പ്രദേശത്തെ കീരിയുടെ ബാഹുല്യം ഇവിടത്തുകാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പേയിളകിയ പശുക്കളെ കീരി കടിക്കുകയോ മാന്തുകയോ ചെയ്തിരിക്കാമെന്നാണ് പ്രദേശവാസികള്‍ അഭിപ്രായപ്പടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day