|    Apr 21 Sat, 2018 1:59 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

പേറ്റ് പട്ടാളവും വിത്തുകാളകളും

Published : 6th January 2016 | Posted By: SMR

മുസ്തഫ കൊണ്ടോട്ടി

ഡി എച്ച് ലോറന്‍സ് എഴുതിയ ഒരു ചെറുകഥയില്‍ സുന്ദരിയായ സ്ത്രീകഥാപാത്രത്തിന്റെ പ്രധാന പരാതി മക്കളെ തന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നായിരുന്നു. താനൊരു പേറ്റുപകരണമല്ലെന്നാണ് ആ സ്ത്രീകഥാപാത്രം പറഞ്ഞിരുന്നത്. എന്നാല്‍, സ്ത്രീ പേറ്റുപകരണമാണെന്നു മാത്രമല്ല, പരമാവധി പെറ്റേ മതിയാവൂവെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറയുന്നത്. മാത്രവുമല്ല, കൂടുതല്‍ പ്രസവിക്കുന്ന ഹിന്ദുസ്ത്രീകള്‍ക്ക് ‘വീരപ്രസവിനി’ അവാര്‍ഡ് നല്‍കാനും ഭാഗവതിന്റെ നേതൃത്വത്തില്‍ നടന്ന ചിന്തന്‍ബൈഠക് തീരുമാനമെടുത്തുവെന്നാണ് വാര്‍ത്ത.
സ്ത്രീക്കു മാത്രമേ പ്രസവിക്കാനാവൂവെന്നേ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞുള്ളൂ. എത്രയെണ്ണത്തെ പെറ്റുകൂട്ടണമെന്നു പറഞ്ഞില്ല. കൂടുതല്‍ പ്രസവിക്കുന്നവര്‍ക്ക് അവാര്‍ഡും പ്രഖ്യാപിച്ചില്ല. ലിംഗസമത്വ ചര്‍ച്ചയില്‍ സ്ത്രീക്കു മാത്രമേ പ്രസവിക്കാനാവൂവെന്നും ആയതിനാല്‍ ലിംഗസമത്വം പൂര്‍ണതോതില്‍ പ്രകൃതി നല്‍കിയിട്ടില്ലെന്നുമായിരുന്നു കാന്തപുരത്തിന്റെ വാദം. എന്തൊരു പുകിലായിരുന്നു അതു സൃഷ്ടിച്ചത്. എല്ലായിടത്തും ഒച്ചയനക്കവും ബഹളവും. പക്ഷേ, ചിന്തന്‍ബൈഠക് തീരുമാനത്തിനെതിരേ ഒച്ചയുമില്ല, ബഹളവുമില്ല.
ഒരു വിഭാഗക്കാര്‍ പരമാവധി പ്രസവിക്കണമെന്നു പറയുന്നവര്‍ മറ്റൊരു വിഭാഗക്കാര്‍ പ്രസവിക്കരുതെന്നും പറയുന്നു. പരിശുദ്ധമാതാവുപോലും ഒന്നേ പ്രസവിച്ചുള്ളൂ. അതിന്റെ പുകില് തന്നെ അവര്‍ക്കേ അറിയൂ. ആ ഒരെണ്ണത്തിനെ പ്രസവിക്കാന്‍പോലും മര്യാദയ്ക്ക് ഒരു സ്ഥലം കിട്ടിയില്ല. അവസാനം പുല്‍ക്കുടിലില്‍ ശരണംപ്രാപിക്കേണ്ടിവന്നു. പിന്നെയാണോ എണ്ണം നോക്കാതെയുള്ള പ്രസവം. ഭാരതമാതാവ് ഒന്നിനെപ്പോലും പ്രസവിച്ചില്ല. ആ ഭാരതമാതാവിനു വേണ്ടിയാണ് പരമാവധി പ്രസവിക്കാനുള്ള ആഹ്വാനം.
ഇന്ത്യയില്‍ മാത്രമായിരിക്കും പ്രസവം ഒരുപക്ഷേ, ഒരു മല്‍സരമായി മാറുന്നത്. പുരാണങ്ങളില്‍ പല മല്‍സരങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ടെങ്കിലും പ്രസവമല്‍സരത്തെക്കുറിച്ച് പറഞ്ഞതായി അറിവില്ല. യൂറോപ്പിലും അമേരിക്കയിലും പ്രസവം അത്ര നിസ്സാരമല്ല. പ്രസവിക്കാന്‍ തയ്യാറാവാത്ത സ്ത്രീകളുടെ ക്ലബുകള്‍പോലുമുണ്ട് യൂറോപ്യന്‍ നാടുകളില്‍. വിവാഹക്കരാറാണ്, അല്ലാതെ പ്രസവക്കരാറല്ലെന്നു പറയുന്നവരുടെ എണ്ണവും അവിടങ്ങളില്‍ കൂടിവരുകയാണ്. സ്ത്രീകളുടെ പ്രസവത്തിന് സാങ്കേതികത്വം വഴി പരിഹാരം കാണണമെന്നു പറയുന്ന സ്ത്രീസംഘടനകളുമുണ്ട്.
ഒരിക്കല്‍പ്പോലും പ്രസവിച്ചവരല്ല സ്ത്രീകളോട് പരമാവധി പ്രസവിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. സ്ത്രീകള്‍ക്ക് മറ്റൊരു പണിയുമില്ല എന്ന മട്ടാണിവര്‍ക്ക്. ‘വയ്ക്കുക, വിളമ്പുക, പ്രസവിക്കുക’ എന്നീ മൂന്നു പണികളേ നമ്പൂതിരിസ്ത്രീകള്‍ക്ക് പണ്ട് ഉണ്ടായിരുന്നുള്ളൂവെന്ന് വി ടി ഭട്ടതിരിപ്പാട് പറയുകയുണ്ടായി. ‘പുരുഷനാവട്ടെ ഉണ്ണുക, ഉറങ്ങുക, ഗര്‍ഭം ധരിപ്പിക്കുക’ എന്നീ പണികളും. വിവാഹമെന്നത് ഒരു പ്രസവക്കരാറല്ല എന്നു മനസ്സിലാക്കണം. മല്‍സരിച്ച് പ്രസവിക്കലോ പ്രസവിപ്പിക്കലോ അല്ല വിവാഹത്തിന്റെ ലക്ഷ്യം.
തഞ്ചാവൂരിലെ ഒരു ഹോട്ടലില്‍ പണിക്കുനിന്നിരുന്ന രാമയ്യ എന്ന ഒരു ചീഫ് സപ്ലൈയറുടെ കഥ കേട്ടിട്ടുണ്ട്. ഹോട്ടലില്‍ ആരു പണിക്കു വന്നാലും രാമയ്യ പറയും: ”നിനക്ക് നല്ലൊരു ഭാവിയുണ്ട്, ഒരു ചീഫ് സപ്ലൈയര്‍ ആവാനുള്ള യോഗ്യതയും.” ഇതുപോലെ പ്രസവിക്കാനുള്ള യോഗ്യതയുടെ മാനദണ്ഡത്തില്‍ മാത്രം പെണ്ണുങ്ങളെ കണ്ടാല്‍ എന്തുചെയ്യും.
പ്രസവിച്ചവര്‍ക്കല്ലേ പ്രസവത്തിന്റെ പ്രയാസമറിയൂ. പ്രസവിച്ചാല്‍ മാത്രം മതിയോ, ഇവറ്റങ്ങളെ വളര്‍ത്തുകയും വേണ്ടേ? രാഷ്ട്രപിതാവിന് മക്കള്‍ നാലേയുണ്ടായിരുന്നുള്ളൂ. എന്നിട്ടും ഒരാളെപ്പോലും നേരാംവണ്ണം വളര്‍ത്താനായില്ല. രാഷ്ട്രപിതാവിന് നാലെണ്ണത്തിനെ നേരാംവണ്ണം വളര്‍ത്താനായില്ലെങ്കില്‍ പിന്നെ പത്തെണ്ണമുണ്ടായാലുള്ള സാധാരണക്കാരന്റെ കാര്യം പറയണോ? ആറു മക്കളായിരുന്നു മാര്‍ക്‌സിനുണ്ടായിരുന്നത്. ഒരു മകള്‍ ഒരു നീഗ്രോയെ കല്യാണം കഴിച്ചതിന്റെ സങ്കടം മാര്‍ക്‌സിന്റെ കൂടെ മരിക്കുന്നതുവരെ ഉണ്ടായിരുന്നു. അഞ്ചെണ്ണമേ റൂസ്സോക്കുണ്ടായിരുന്നുള്ളൂ. നോക്കാനാളില്ലാത്തതിനാല്‍ അഞ്ചെണ്ണത്തിനെയും അനാഥാലയത്തിലാക്കി.
ഇങ്ങനെ പറയാറുണ്ട്: പ്രസവവേദന വന്നാല്‍ ഇസ്രായേല്‍ വനിതകള്‍ വലിയവായില്‍ അലറുമത്രെ. അമേരിക്കന്‍ വനിതകള്‍ വേദനവരാതിരിക്കാനായി ലഭ്യമായ എല്ലാ മരുന്നുകളും വാങ്ങിപ്പിക്കും. ഇന്ത്യന്‍ വനിതകളാവട്ടെ വേദന കടിച്ചമര്‍ത്തും. നിശ്ശബ്ദമായിരുന്നു ഇന്ത്യന്‍ പ്രസവം. അതുകൊണ്ട് ഇന്ത്യന്‍ സ്ത്രീകള്‍ എത്ര പ്രസവിച്ചെന്ന് ആരും അറിഞ്ഞില്ല.
പണ്ടെല്ലാം ഹോം ഡെലിവറിയായിരുന്നു. പിന്നീട് ഹോസ്പിറ്റല്‍ ഡെലിവറിയായി. ഇപ്പോള്‍ പ്രസവമൊഴിച്ച് ബാക്കിയുള്ളതെല്ലാം ഹോം ഡെലിവറിയാണ്. എല്ലാം വീട്ടിലേക്കു വരും. പ്രസവത്തിനായി ആതുരാലയത്തിലേക്കും പോവും.
പരമാവധി പ്രസവിച്ചാല്‍ സംഘികള്‍ വക എന്തൊക്കെ പ്രലോഭനങ്ങളാണ്! വീരപ്രസവിനി അവാര്‍ഡ്, രണ്ടുലക്ഷം റൊക്കം കാശ്, പട്ടും വാളും… അങ്ങനെയെന്തൊക്കെ. പ്രസവിക്കാന്‍ പൂതിയായില്ലെങ്കിലേ അദ്ഭുതമുള്ളു. പുത്തരിയങ്കത്തിന് ആങ്ങളയുടെ കൂടെ പോവാന്‍ പണ്ട് ഉണ്ണിയാര്‍ച്ച ചന്തുവിനു നല്‍കിയ പ്രലോഭനങ്ങളേക്കാളും വലിയ പ്രലോഭനങ്ങള്‍.
”ആരോമലാളെ പുത്തരിയങ്കത്തില്‍ നേരെ ജയിച്ചു വരുന്നെന്നാകില്‍
ആറ്റുമണമ്മേലെ ബന്ധമൊഴിഞ്ഞ് ഞാന്‍ ഏട്ടന് ഭാര്യയായി വാണുകൊള്ളാം.”
ഇതായിരുന്നു ഉണ്ണിയാര്‍ച്ച ചന്തുവിനു നല്‍കിയ പ്രലോഭനം. ഭര്‍ത്താവ് കുഞ്ഞിരാമന്‍ അതു കേട്ടുകാണില്ല. ഇതും കടത്തിവെട്ടും പ്രസവപ്രലോഭനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss