|    Jan 20 Fri, 2017 7:15 am
FLASH NEWS

പേര്യയിലെ ഏകവിളത്തോട്ടനിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് പരിസ്ഥിതി സംഘടനകള്‍

Published : 17th July 2016 | Posted By: SMR

കല്‍പ്പറ്റ: ബേഗൂര്‍ ഫോറസ്റ്റ് റെയ്ഞ്ചിലെ പേര്യയില്‍ 200 ഏക്കറില്‍ ഏകവിളത്തോട്ടവും, ബ്രഹ്മഗിരിയിലും മുനീശ്വരന്‍കുന്നിലും ടൂറിസ്റ്റ് കോട്ടേജുകളും നിര്‍മിക്കുന്നതിനു നേതൃത്വം നല്‍കിയ നോര്‍ത്ത് വയനാട് ഡിഎഫ്ഒക്കെതിരേ പരിസ്ഥിതി സംഘടനകള്‍ രംഗത്ത്.
പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഡിഎഫ്ഒ വനസംരക്ഷകനല്ലെന്നും ഇദ്ദേഹത്തിനെതിരേ വകുപ്പിലെ ഉന്നതര്‍ക്ക് പരാതി നല്‍കുമെന്നും പരിസ്ഥിതി സംഘടനകളുടെ സംയുക്ത സമിതി ഭാരവാഹികളായ എന്‍ ബാദുഷ, തോമസ് അമ്പലവയല്‍, എം ഗംഗാധരന്‍ (വയനാട് പ്രകൃതി സംരക്ഷണ സമിതി), അബു പൂക്കോട് (ഗ്രീന്‍ ക്രോസ്), അജി കൊളോണിയ, കെ ആര്‍ പ്രദീഷ് (ഔര്‍ ഓണ്‍ നേച്ചര്‍), കെ എന്‍ രജീഷ്(ബാണാസുര സംരക്ഷണ സമിതി) വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ 19ന് ഉച്ചകഴിഞ്ഞ് രണ്ടിന് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തില്‍ ചേരുന്ന കണ്‍വന്‍ഷന്‍ വനം നശീകരണത്തിനെതിരേ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് അവര്‍ അറിയിച്ചു. പാരിസ്ഥിതികധര്‍മം നിര്‍വഹിക്കുന്ന സ്വാഭാവിക വനത്തിന്റെ വിസ്തൃതി വയനാട്ടില്‍ കുറവാണ് എന്നിരിക്കെയാണ് പേര്യയില്‍ 34, 37,39 ഡിവിഷനുകളിലായി 200 ഏക്കറില്‍ മഹാഗണി വൃക്ഷത്തോട്ടം നിര്‍മിക്കുന്നത്. ഈ ഡിവിഷനുകളിലുള്ള അക്കേഷ്യ മരങ്ങള്‍ വെട്ടിനീക്കുന്നതിന്റെ മറവില്‍ ആയിരക്കണക്കിനു സ്വാഭാവിക തൈമരങ്ങളാണ് മുറിച്ചത്. കൊട്ടിയൂര്‍, മാനന്തവാടി പുഴകളുടെ പ്രഭവസ്ഥാനമാണ് മഹാഗണിത്തോട്ടമാക്കാന്‍ ത്വരിതനീക്കം നടക്കുന്ന പ്രദേശം. ജില്ല നേരിടുന്ന അതിരൂക്ഷമായ പാരിസ്ഥിതികത്തകര്‍ച്ചയ്ക്ക് പരിഹാരം കാണുന്നതിനു ജില്ലാ കലക്ടര്‍ മുന്‍കൈയെടുത്ത് ഓര്‍മരം പദ്ധതി നടപ്പിലാക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരിക്കെയാണ് വനം വകുപ്പുതന്നെ വനനശീകരണം നടത്തുന്നത്. സ്വാഭാവിക വനം ഏകവിളത്തോട്ടമാക്കി മാറ്റുന്നത് സമീപങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ വന്യജീവി ശല്യം വര്‍ധിക്കുന്നതിനു കാരണമാകും. തേക്ക്, യൂക്കാലിപ്‌സ്, അക്കേഷ്യ ഏകവിളത്തോട്ടങ്ങളാണ് കലശലായ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനു കാരണം.
വനത്തിലെ ഏകവിളത്തോട്ടങ്ങള്‍ നൈസര്‍ഗിക വനമാക്കുന്നതിനു പദ്ധതി നടപ്പിലാക്കണമെന്ന മുറവിളി നിലനില്‍ക്കെ, പുതിയ ഏകവിളത്തോട്ടങ്ങള്‍ ഉണ്ടാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ബ്രഹ്മഗിരിയിലെയും മുനീശ്വരന്‍കുന്നിലെയും പുല്‍പ്പരപ്പുകള്‍ക്ക് ഏറെ പാരിസ്ഥിതിക പ്രാധാന്യമുണ്ട്. പുല്‍പ്പരപ്പുകളില്‍ ഏക്കര്‍ കണക്കിനു സ്ഥലം വൈദ്യുത കമ്പിവേലി കെട്ടിത്തിരിച്ചാണ് ടൂറിസ്റ്റ് കോട്ടേജുകള്‍ നിര്‍മിച്ചത്.
മുനീശ്വരന്‍കുന്നിലും ബ്രഹ്മഗിരിയിലും അഞ്ചു വീതം കോട്ടേജുകളാണുള്ളത്. ബ്രഹ്മഗിരിയില്‍ വാച്ച് ടവറിനു സമീപം മുന്ന് കിടപ്പുമുറി സൗകര്യമുള്ള കോട്ടേജാണ് പണിതത്. ഇവിടങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു ട്രക്കിങ് ഉള്‍പ്പെടെ സൗകര്യങ്ങളും വനം വകുപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ ഏകവിളത്തോട്ടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നീക്കം പൂര്‍ണമായും നിര്‍ത്തി വയ്ക്കണം.
ബ്രഹ്മഗിരിയിലും മുനീശ്വരന്‍കുന്നിലും ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കണം. ഇക്കാര്യത്തില്‍ അധികാരികളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകാത്തപക്ഷം ജനപങ്കാളിത്തത്തോടെ ഏകവിളത്തോട്ടങ്ങളും കോട്ടേജുകളും നശിപ്പിക്കാനും മടിക്കില്ലെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക