|    Jan 20 Fri, 2017 1:30 pm
FLASH NEWS

പേരുവിവരങ്ങള്‍ നല്‍കിയാല്‍ വിവരം കൈമാറാമെന്ന് ആദായനികുതി വകുപ്പ്

Published : 6th September 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ അനധികൃത സ്വത്തുസമ്പാദനക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കളുടെ സ്വത്തുവിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആദായനികുതി വകുപ്പിന് കത്തയച്ചു.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് വിജിലന്‍സ് ഡയറക്ടര്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുത്തൂറ്റ് ഗ്രൂപ്പിലെ നിക്ഷേപങ്ങളെക്കുറിച്ച് ആദായനികുതി വകുപ്പ് നടത്തിവരുന്ന പരിശോധന തുടരുകയാണ്. റെയ്ഡിനുശേഷം സംശയമുള്ള നിക്ഷേപങ്ങളെക്കുറിച്ചും നിക്ഷേപകരെക്കുറിച്ചുമാണ് ആദായനികുതി വകുപ്പ് പ്രധാനമായും പരിശോധന നടത്തുന്നത്. ഇതില്‍ സംസ്ഥാനത്തെ പൊതുപ്രവര്‍ത്തകരുടെ നിക്ഷേപങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ അടിയന്തരമായി അറിയിക്കണമെന്ന് ആദായനികുതി വകുപ്പ് ഡയറക്ടര്‍ ജനറലിന് അയച്ച കത്തില്‍ ജേക്കബ് തോമസ് ആവശ്യപ്പെടുന്നു.
രാഷ്ട്രീയനേതാക്കളുടെയും അവരുടെ ബിനാമികളുടെയും ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിജിലന്‍സ് ആദായനികുതി വകുപ്പിനെ സമീപിച്ചിരിക്കുന്നത്. അതേസമയം, നിക്ഷേപകരെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുകയാണെന്നും പൊതുപ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ വിജിലന്‍സ് കൃത്യമായി നല്‍കിയാല്‍ വിശദാംശങ്ങള്‍ നല്‍കാമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയാന്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന പുതിയ കേന്ദ്രസസര്‍ക്കാര്‍ നയം എടുത്തുപറഞ്ഞാണ് വിജിലന്‍സ് ഡയറക്ടര്‍ പൊതുപ്രവര്‍ത്തകരുടെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി കൊച്ചിയിലെ ആദായനികുതി വകുപ്പിന് കത്ത് നല്‍കിയത്. ബിനാമി പണം കണ്ടെത്തുന്നതിന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പരിശോധന നടത്താനും വിജിലന്‍സിന് ആലോചനയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക