|    Nov 18 Sun, 2018 3:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പേരുമാറ്റ രാഷ്ട്രീയവുമായി യോഗി സര്‍ക്കാര്‍

Published : 11th November 2018 | Posted By: kasim kzm

ലഖ്‌നോ: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വര്‍ഗീയ ധ്രുവീകരണശ്രമങ്ങള്‍ സജീവമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്ര നിര്‍മാണവും ചരിത്രപ്രസിദ്ധമായ നഗരങ്ങളുടെ പേരുമാറ്റവുമെല്ലാമാണ് യോഗി സര്‍ക്കാരിന്റെ പ്രധാന അജണ്ടകള്‍.
അലഹബാദിനും ഫൈസാബാദിനും പിന്നാലെ യുപിയിലെ കൂടുതല്‍ സ്ഥലങ്ങളുടെ പേര് മാറ്റാനൊരുങ്ങുകയാണ് യോഗിയും കൂട്ടരും. അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നും ഫൈസാബാദിന്റെ പേര് അയോധ്യയെന്നും നേരത്തേ പുനര്‍നാമകരണം ചെയ്തതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. കൂടുതല്‍ നഗരങ്ങളുടെ പേരുമാറ്റം ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ ജഗന്‍പ്രസാദ് ഗാര്‍ഗ് ആണു രംഗത്തെത്തിയിരിക്കുന്നത്. യുപിയില്‍ താജ്മഹല്‍ സ്ഥിതിചെയ്യുന്ന ആഗ്രയുടെ പേര് അഗ്രാവന്‍ എന്നോ അഗ്രാവാള്‍ എന്നോ മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
ആഗ്രയ്ക്ക് പ്രത്യേക അര്‍ഥങ്ങളൊന്നുമില്ല. അഗര്‍വാള്‍ സമുദായത്തിലെ നിരവധി ആളുകള്‍ ഇവിടെ ജീവിച്ചിരുന്നു. അതുകൊണ്ട് ആഗ്രയുടെ പേര് അഗ്രാവന്‍ അല്ലെങ്കില്‍ അഗ്രാവാള്‍ എന്നു മാറ്റുന്നതാണ് ഉചിതമെന്നും ജഗന്‍പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഗ്ര നോര്‍ത്ത് എംഎല്‍എയാണ് ജഗന്‍പ്രസാദ്. അതേസമയം, മുസാഫര്‍നഗറിന്റെ പേര് ലക്ഷ്മിനഗര്‍ എന്നാക്കിമാറ്റണമെന്ന ആവശ്യവുമായി മറ്റൊരു എംഎല്‍എയും രംഗത്തെത്തി. സര്‍ധാനയില്‍ നിന്നുള്ള ബിജെപിയുടെ എംഎല്‍എ സംഗീത് സോമാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.
പേരുമാറ്റത്തിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും വര്‍ഗീയ ഭിന്നതകളുണ്ടാക്കുന്നതാണ് സര്‍ക്കാരിന്റെ ഇത്തരം നടപടികളെന്നും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരടക്കമുള്ളവര്‍ വിമര്‍ശിക്കുന്നു. എന്നാല്‍, കൂടുതല്‍ സ്ഥലങ്ങളുടെ പേരുകളില്‍ മാറ്റം വരുത്താനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ് ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആഗ്ര, ബാരല്ലി, കാണ്‍പൂര്‍ എന്നീ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാന്‍ അനുമതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായാണ് റിപോര്‍ട്ട്. ആഗ്ര വിമാനത്താവളത്തിന് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരിടണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss