|    Dec 18 Tue, 2018 12:28 am
FLASH NEWS
Home   >  Editpage  >  Editorial  >  

പേരുമാറ്റത്തിലെ സങ്കുചിത രാഷ്ട്രീയം

Published : 12th November 2018 | Posted By: kasim kzm

ഏതാനും മാസങ്ങള്‍ക്കകം ജനവിധി തേടാനൊരുങ്ങുന്ന മോദി സര്‍ക്കാരിന് വികസനവഴിയില്‍ വലിയ അവകാശവാദങ്ങളൊന്നും മുന്നോട്ടുവയ്ക്കാനില്ല. പിന്നെ അവശേഷിക്കുന്നത് മാറ്റമാണ്. സ്ഥലങ്ങളുടെയും തെരുവുകളുടെയും പേരുമാറ്റമാണ് ഇപ്പോള്‍ ഹിന്ദുത്വര്‍ ലക്ഷ്യംവയ്ക്കുന്നത്.
2015 മെയില്‍ ഔറംഗസേബ് റോഡ് പോലെ ന്യൂഡല്‍ഹിയില്‍ ഉര്‍ദു/മുസ്‌ലിം പേരുകളുള്ള നിരവധി തെരുവുകളുടെ പേരെഴുതിയ ബോര്‍ഡില്‍ ഹിന്ദുത്വര്‍ കറുപ്പടിച്ചു മായ്ച്ചിരുന്നു. അതേ വര്‍ഷം തന്നെ ഔറംഗസേബ് റോഡിന്റെ പേരു മാറ്റി. കേന്ദ്രത്തിന്റെ ചുവടുപിടിച്ച് യുപിയിലെ യോഗി ആദിത്യനാഥ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളും പേരുകള്‍ മാറ്റുന്ന തിരക്കിലാണ്.
2016 ഏപ്രിലില്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഗുഡ്ഗാവ് നഗരത്തിന്റെ പേര് ഗുരുഗ്രാം എന്നാക്കി മാറ്റിയിരുന്നു. മഹാഭാരതത്തിലെ കഥാപാത്രമായ ദ്രോണാചാര്യര്‍ അവിടെ ജീവിച്ചിരുന്നുവെന്ന അന്ധവിശ്വാസമായിരുന്നു മാറ്റത്തിനു പിന്നില്‍. ആഗസ്തില്‍ ഉത്തര്‍പ്രദേശിലെ മുഗള്‍ സരായ് റെയില്‍വേ സ്‌റ്റേഷന് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരു നല്‍കിയിരുന്നു. മുഗള്‍വംശത്തിന്റെ സ്മരണ തുടച്ചുനീക്കുകയെന്നതായിരുന്നു ഈ മാറ്റത്തിന്റെ ലക്ഷ്യം. പുരാതനനഗരമായ അലഹബാദ് പ്രയാഗ്‌രാജ് ആയി മാറുകയാണ്. അഹ്മദാബാദ്, ഹൈദരാബാദ്, ഔറംഗാബാദ് തുടങ്ങി മുസ്‌ലിം പേരുകളുള്ള നഗരങ്ങളുടെ പേരുകളും മാറ്റണമെന്നാണ് ചില ബിജെപി നേതാക്കളുടെ ആവശ്യം. പൊതുവെ മതസഹിഷ്ണുതയുടെ പ്രതീകമായിരുന്നുവെന്ന് ഹിന്ദുത്വര്‍ തന്നെ അംഗീകരിക്കുന്ന അക്ബറിന്റെ പേരിനോടു പോലും അലര്‍ജിയുണ്ട്.
കഴിഞ്ഞമാസം യോഗി ആദിത്യനാഥ് ഭരണകൂടം ബറേലി, കാണ്‍പൂര്‍, ആഗ്ര നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ പേര് മാറ്റുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവയ്ക്കുകയുണ്ടായി. നാഥ് എന്നാണ് ബറേലിക്ക് പകരം പേരു നല്‍കുന്നത്. ആദിത്യനാഥ് ഉള്‍പ്പെടുന്ന ഹിന്ദുമതത്തിലെ ജാതിയാണ് നാഥ്. ആഗ്ര വിമാനത്താവളത്തിന് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരാണ് നിര്‍ദേശിക്കപ്പെട്ടത്.
1995ല്‍ ബോംബെയുടെ പേര് മുംബൈ എന്നാക്കി മാറ്റിയിരുന്നു. പേര് മാറി കൊല്‍ക്കത്തയും ബംഗളൂരുവുമായി. മൈസൂരും മദ്രാസും മാറി തമിഴ്‌നാടും കര്‍ണാടകയും വന്നു. അതിനൊന്നും വര്‍ഗീയത പ്രേരണയായിരുന്നില്ല. രാഷ്ട്രത്തിന്റെ സാംസ്‌കാരിക ഭൂപടത്തിന്റെ സുപ്രധാന ഘടകമാണ് സ്ഥലപ്പേരുകള്‍. അവ പാരമ്പര്യവും സ്വത്വവും പ്രകടമാക്കുന്നവയായിരിക്കും. അവ മാറ്റുന്നത് ചരിത്രം ബലമായി തിരുത്തിയെഴുതുന്നതിനു തുല്യമാണ്. അതിനാല്‍ തന്നെ ഈ പേരുമാറ്റങ്ങള്‍ക്കു പിന്നിലുള്ള സങ്കുചിത രാഷ്ട്രീയതാല്‍പര്യങ്ങള്‍ തിരിച്ചറിയാതെ പോവരുത്.
ഒരു പ്രദേശത്തിന്റെ ചരിത്രം തകര്‍ത്ത് അതിനെ ഏകസംസ്‌കാരരൂപത്തിലേക്ക് നയിക്കുന്നത് അംഗീകരിക്കാനാവില്ല. അപ്പോഴത് ചരിത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ ഭിന്നതയ്ക്കു വളംവയ്ക്കുന്ന വിഭാഗീയശ്രമമായി മാറുന്നു.
ഇന്ത്യയെപ്പോലുള്ള ബഹുസ്വര സമൂഹത്തില്‍ സ്ഥലനാമങ്ങള്‍ ഏറെ സുപ്രധാനമാണ്. രാജ്യത്തെ സാംസ്‌കാരികമുഖം കൊടുക്കല്‍വാങ്ങലുകളിലൂടെയാണ് രൂപപ്പെടുന്നത്. സ്ഥലപ്പേരുകള്‍ എല്ലാം ഉള്‍ക്കൊള്ളുന്നതും വൈവിധ്യപൂര്‍ണവുമാകണം. അവ മതപരമോ വംശീയമോ ആയ മേധാവിത്വമോ ഒരു വിഭാഗത്തെ അരികുവല്‍ക്കരിക്കുന്നതോ ആയിക്കൂടാ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss