|    Jul 17 Tue, 2018 11:30 am
FLASH NEWS
Home   >  Kerala   >  

പേരിന്റെയും സ്‌കാര്‍ഫിന്റെയും പേരില്‍ തീവ്രവാദിയായി മുദ്രകുത്തുന്ന ആര്‍എസ്എസുകാര്‍ക്ക് വേണ്ടിയാവരുത് ഭരണകൂടം : ശബ്‌ന സുമയ്യ

Published : 1st September 2017 | Posted By: mi.ptk

വൈക്കം: ഡോ. ഹാദിയയെ കാണാനെത്തിയതിനെതുടര്‍ന്നുണ്ടായ സംഭവങ്ങള്‍ വിശദീകരിച്ച് പെണ്‍കുട്ടികളിലൊരാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ട് വരണമെന്നും അതിനു ഒരു തുടക്കമിടണം എന്നുമേ ആഗ്രഹിച്ചുള്ളൂവെങ്കിലും തന്നെയും  ഭര്‍ത്താവിനെയും തീവ്രവാദികളായി മുദ്രകുത്തിയിരിക്കുകയാണെന്നും ഷബ്‌ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഹാദിയയെ കാണാനും സമ്മാനം നല്‍കാനും അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് വായ്മൂടിക്കെട്ടി പ്രതിഷേധിച്ച പെണ്‍കുട്ടികളിലൊരാളായ ശബ്‌ന സുമയ്യ ഹാദിയയുടെ വീട്ടില്‍ അന്ന് എന്താണ് നടന്നത് എന്ന് പലര്‍ക്കും ധാരണയില്ലെന്ന് അറിഞ്ഞതിനാലാണ് എന്നമുഖവുരയോടെയാണ് പോസ്റ്റ് തുടങ്ങുന്നത്.

ശബ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കാര്യങ്ങളില്‍ ഇതുവരെയും എന്താണ് സംഭവിച്ചതെന്ന് നിങ്ങളില്‍ പലര്‍ക്കും ധാരണയില്ലെന്ന് അറിഞ്ഞു. ഇത് എനിക്ക് പറയാനുള്ളത്….
പുറം ലോകവുമായി ബന്ധമില്ലാതെ വീട്ടു തടങ്കലില്‍ കഴിയുന്ന ആ പെണ്‍കുട്ടിയെ കാണണം എന്ന ആഗ്രഹംസാധ്യമാകാത്ത സാഹചര്യത്തില്‍ അവള്‍ക്ക് കുറച്ചു സമ്മാനങ്ങളെങ്കിലും നല്‍കാം, അവളുടെ അച്ഛനേയുംഅമ്മയെയും കാണാം എന്നാണ് ഞങ്ങള്‍ (ഞാന്‍,മൃദുല, അനുഷ, അമ്മു, സജ്‌ന,ഭൂമി, ഉള്‍പ്പെടെയുള്ള ഫേസ്ബുക് ഫ്രെണ്ട്‌സ്)
കൂടെ തീരുമാനിച്ചിരുന്നത്. അവര്‍ ഇതിനൊന്നും സമ്മതിച്ചില്ലെങ്കില്‍ വായ മൂടിക്കെട്ടി നിശബ്ദമായി പ്രതിഷേധിക്കണം എന്നും ആഗ്രഹിച്ചു. എന്നാല്‍ രാഹുല്‍ ഈശ്വര്‍ പോയിക്കഴിഞ്ഞു കലുഷിതമായ അന്തരീക്ഷത്തില്‍ തലയില്‍ സ്‌കാര്‍ഫ് ചുറ്റുന്ന ഞാന്‍ പോകേണ്ട എന്നു തീരുമാനിച്ചിരുന്നു… ആളുകള്‍ തട്ടമിട്ട എന്നെ മുന്‍ വിധിയോടെ നോക്കും എന്ന കാരണത്താല്‍ തന്നെ..

ഹാദിയക്ക് മറ്റുള്ളവര്‍ ബുക്ക്‌സ് ചോക്കോലേറ്റസ് ഇതൊക്കെ നല്‍കുന്നു എന്നറിഞ്ഞപ്പോള്‍ ഒരു ജോഡി ഡ്രെസ് അവള്‍ക്കായി വാങ്ങി ആലുവയില്‍ നിന്നും മുണ്ടക്കയത്തുള്ള ഭര്‍തൃവീട്ടിലേക്ക് പോകും വഴി എഴുത്തിലൂടെയും വായനയിലൂടെയും പരിചയമുള്ള കൂട്ടുകാരെ കണ്ടുമുട്ടി അവരുടെ കയ്യില്‍ സമ്മാനം ഏല്പിച്ചു മടങ്ങുവാന്‍ ഒടുവില്‍ തീരുമാനിച്ചു.

പക്ഷെ അവിടെയെത്തി അവരെ കണ്ടപ്പോള്‍ അവര്‍ അഞ്ചുപേര്‍ മാത്രേ ഉള്ളൂ എന്നു പറഞ്ഞപ്പോള്‍ പ്രയാസം തോന്നി.. അതുകൊണ്ട് തന്നെ ഞാനും കൂടെക്കൂടി. പക്ഷെ ഇതൊരു സ്ത്രീ കൂട്ടായ്മ ആയതിനാലും ഗിഫ്ട് കൊടുക്കുക എന്നത് എന്റെ മാത്രം താല്പര്യം ആയതിനാലും ഭര്‍ത്താവ് വന്നില്ല. ആറ് പേരായിരുന്നു ഞങ്ങള്‍. ഞാന്‍ അനുഷ, മൃദുല, ഭൂമി, സജ്‌ന, അമ്മു.
ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഹാദിയയുടെ വീടിന്റെ ഗേറ്റിന്റെ മുന്‍പില്‍ എത്തുകയും പോലീസുകാരോട് സമ്മാനങ്ങള്‍ കൊടുക്കാനുള്ള സമ്മതം ചോദിക്കുകയും ചെയ്തു. അവര്‍ മാന്യമായി തന്നെയാണ് സംസാരിച്ചത്. അച്ഛന്‍ ഇറങ്ങിവന്ന് അതൊന്നും വേണ്ട തിരിച്ചു പൊയ്‌ക്കോളാന്‍ പറഞ്ഞു.
ഇതിനിടയിലാണ് വീടിന്റെ ജനാല തുറന്നു കഷ്ടപ്പെട്ട് ഹാദിയ വിളിച്ചു പറഞ്ഞു. എന്നെ ഇവിടുന്ന് രക്ഷപ്പെടുത്തൂ പ്ലീസ്. ഇവിടെ എന്നെയിട്ടു തല്ലുകയാണ് എന്നൊക്കെ. അത് കേട്ട് ക്ഷുഭിതരായ മാതാപിതാക്കളും പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഹാദിയയുടെ കരച്ചില്‍ കേട്ട് ഞങ്ങള്‍ എല്ലാവരും അവരുടെ ഗേറ്റില്‍ നിന്നും ദൂരേക്ക് നീങ്ങി പോലീസ് കാരുടെ മുന്‍പില്‍ നിന്നുകൊണ്ട്, കുഴപ്പമില്ലെന്ന അവരുടെ തന്നെ വാക്കിന്റെ പുറത്ത് അവള്‍ക്കു വേണ്ടി വായ് മൂടിക്കെട്ടി നിശബ്ദവും സമാധാനപരവുമായ
രീതിയില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. കയ്യില്‍ ഉണ്ടായിരുന്ന വര്‍ണ്ണ പോസ്റ്ററുകള്‍ കയ്യില്‍ പിടിച്ചു നില്‍ക്കുകയും അടുത്തുണ്ടായിരുന്ന മീഡിയക്കാരോട് ഗിഫ്‌റ് കൊടുക്കാനും അച്ഛനേയുംഅമ്മയെയു കാണാനാണ് വന്നതെന്ന് പറയുകയും ചെയ്തു. ഉടനെ പോലീസ് മേലുദ്യോഗസ്ഥര്‍ എത്തി നാട്ടുകാരോടും ഞങ്ങളോടും പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങള്‍ തിരിച് പെരുന്നാള്‍ അവധിക്ക് വീട്ടിലേക്ക് പോകാന്‍ എന്നെയും കാത്തു അടുത്ത ജങ്ക്ഷനില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് നടന്നു. എന്നാല്‍ ഇതിനിടയില്‍ പോലീസുകാര്‍ വന്നു ഇതൊന്നുമായും ബന്ധമില്ലാത്ത എന്റെ ഭര്‍ത്താവിനെ പിടിച്ചു വലിച്ചു വണ്ടിയില്‍ ഇട്ടു. അത് ചോദിക്കാന്‍ ചെന്ന എന്നെ കൂടി നിന്നിരുന്ന നാട്ടുകാര്‍ ആക്രമിച്ചു.
ബലമായി പിടിച്ചു വലിച്ചു തള്ളി. ഞാന്‍ വീണു. ‘തീവ്രവാദി ആണ്.. അവരുടെ കയ്യില്‍ നിന്നു കാശും വാങ്ങി ഇറങ്ങിയെക്കാണു’ എന്നൊക്കെ അവര്‍ ആക്രോശിച്ചു. മറ്റുള്ളവരെയും അസഭ്യം പറഞ്ഞു.
എന്നെയും താങ്ങിയെടുത്തു കൂടെയുണ്ടായിരുന്ന മൃദുല, അനുഷ, അമ്മു, ഭൂമി, സജ്‌ന എന്നിവര്‍ ഓട്ടോക്കായി തിരഞ്ഞു. പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍..
പക്ഷെ ആള്‍ക്കൂട്ടം പിന്തുടരുകയും ഞങ്ങള്‍ക്കായി വാഹനം നിര്‍ത്തി തരരുത് എന്നു ഒച്ച വെക്കുകയും ചെയ്തു.. വീണു വേദനയുമായിഞങ്ങള്‍ കുറെ ദൂരം നടന്നിട്ടാണ് ഒരു ഓട്ടോ കിട്ടിയത്. പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിനെ പിടിച്ചു വെച്ചതായി കണ്ടു. പോലീസുകാരോട് സംസാരിച്ചപ്പോള്‍ നാട്ടുകാര്‍ കൂട്ടം കൂടി ഞങ്ങളെ ആക്രമിക്കാതിരിക്കാന്‍ വേണ്ടിയാണ് കൂട്ടത്തില്‍ പെടാതെ, പങ്കെടുക്കാതെ അടുത്ത ജംക്ഷനില്‍
നിന്ന ഭര്‍ത്താവിനെ കൊണ്ടുപോയതെന്ന് അവര്‍ പറഞ്ഞു.. ബാഗ് ഒക്കെ വേരിഫൈ ചെയ്ത പറഞ്ഞു വിടുമെന്നും പറഞ്ഞു. പക്ഷെ ഉച്ചക്ക് പിടിച്ചു വെച്ച എന്റെ ഭര്‍ത്താവിനെ ഒരുപാട് തവണ കയറിയിറങ്ങിയിട്ടും ഉടനെ വിടും എന്നു പറഞ്ഞു മടക്കി.
ഏറെ വൈകിയാണ് ഞങ്ങള്‍ ആ വീടിനടുത്ത് ( ഗേറ്റിന്റെ പുറത്തു)പോയി മടങ്ങിയ പെണ്‍കുട്ടികള്‍ക്കും ഈ പരിപാടിയില്‍ ഒരു ഭാഗം പോലും അല്ലാത്ത എന്റെ ഭര്‍ത്താവിനും എതിരില്‍ കേസ് എടുത്തതായി അറിഞ്ഞത്.. വെറും പെറ്റി കേസ് ആണെന്നും ജാമ്യത്തിനായി രണ്ടു പേര് വരണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ പരിചയക്കാര്‍ വഴി കൂടെയുള്ള കുട്ടി ജാമ്യക്കാരെ ത്തരപ്പെടുത്തി.. രാത്രി ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ഞങ്ങള്‍ക്ക് ജാമ്യം കിട്ടി.

ഇതിനിടയില്‍ തന്നെ വാര്‍ത്തകളില്‍ വിഷയം നിറഞ്ഞിരുന്നു. ഏറെ തളര്‍ന്ന ഞാനും ഭര്‍ത്താവും തിരിച്ചു ഭര്‍ത്താവിന്റെ വീട്ടില്‍ എത്തി. രാവിലെ ഉണര്‍ന്നപ്പോള്‍
പത്ര വാര്‍ത്തകളില്‍ പക്ഷെ എന്റെ ഭര്‍ത്താവിന്റെ പേരാണ് അതിക്രമിച്ചു കയറി എന്ന തരത്തില്‍ കൊടുത്തിരിക്കുന്നത്. ഒപ്പം എന്റെ പേരും.. ഷബ്‌ന സുമയ്യ എന്ന ഞാനും ഫൈസല്‍ ഹസൈനാര്‍ എന്ന ഭര്‍ത്താവും അഖിലയുടെ വീട്ടില്‍ അതിക്രമിച്ചു കയറി എന്ന രീതിയിലാണ് വാര്‍ത്തകളും പോസ്റ്റുകളും നിര്‍മ്മിക്കപ്പെടുന്നത്.
. എന്റെ ഭര്‍ത്താവിന്റെ വീട്ടു പേര് പോലും ഹൈലൈറ്റ് ചെയ്തു കൊടുക്കുന്നു.. പോലീസ് കേസും ഇനി അതുപോലെ ആകുമോ എന്ന ആശങ്ക എനിക്കുണ്ട്.

ഉണര്‍ന്നപ്പോള്‍ മുതല്‍ കലശലായ വേദനകള കാരണം പരിശോധിച്ചപ്പോള്‍ പരിക്ക് പറ്റിയതായി കണ്ടു ഡോക്ടര്‍ ഇന്‍ജക്ഷന്‍ നല്‍കുകയും മരുന്ന് നിര്‍ദേശിക്കുകയും ചെയ്തു.. ഞാന്‍ ഇപ്പോളും ശാരീരികാസ്വാസ്ഥ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

ഹാദിയയെ സമ്മാനങ്ങള്‍ നല്‍കി അല്പം സന്തോഷം പകരാന്‍ വേണ്ടി മാത്രം പോയ പലമതക്കാരായ, വിശ്വാസികളും നിരീശ്വര വാദികളും. ഉള്‍പ്പെടുന്ന ഞങ്ങള്‍ പെണ്‍കുട്ടികളെ തെറി പറഞ്ഞും കയ്യേറ്റം ചെയ്തും അട്ടഹസിച്ച നാട്ടുകാരുടെ അതേ ഭാഷ്യമാണ് മീഡിയക്കും ഉള്ളത് എന്നത് വേദനാ ജനകമാണ്.. അതിക്രമിച്ചു കയറി എന്ന കള്ളക്കേസും ആ പരിസരത്തൊന്നും ഇല്ലാതിരുന്ന ഭര്‍ത്താവിനെ ഒന്നാം പ്രതിയാക്കലും ഞങ്ങളുടെ മേലെ ഉള്ള വലിയ അനീതിയാണ്.
പാലിയേറ്റിവ് സംഘടനക്ക് വേണ്ടി മാത്രം പ്രവൃത്തിക്കുന്ന ഞങ്ങള്‍ ഇരുവരും മറ്റേതെങ്കിലും സംഘടനയില്‍ അംഗമല്ല.. ഞങ്ങള്‍ക്ക് ഒരു തീവ്രവാദവും ഇല്ല. എന്റെ അതെ പ്രായത്തിലുള്ള , ആകാശവും ആത്മാഭിമാനവും നിഷേധിക്കപ്പെട്ട ഒരു പെണ്‍കുട്ടിക്ക് എന്റെ ആര്‍ട്ട് വര്‍ക്കിന് കിട്ടിയ പ്രതിഫലം കൊണ്ട് ഒരു ജോഡി വസ്ത്രമെങ്കിലും നല്‍കാന്‍ കൊതിച്ച, മനുഷ്യാവകാശ ലംഘനമാണ് ഇതെന്ന് സമൂഹത്തോട് പറയാന്‍ ആഗ്രഹിച്ച വെറും സാധാരണകാരിയായ എന്നെ എന്റെ പേരുകാരണം, തലയില്‍ ചുറ്റിയ സ്‌കാര്‍ഫ് കാരണം തീവ്രവാദ ബന്ധം ആരോപിക്കുകയും മര്‍ദിക്കുകയും എന്റെ ആഗ്രഹങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുന്ന ഭര്‍ത്താവിനെ ഫൈസല്‍ എന്ന പേരിനാല്‍
മുഖ്യ പ്രതി ആക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആര്‍ എസ് എസ് ഭീകരരുടെയും യുക്തിവാദി ഭീകരരുടെയും താല്‍പര്യങ്ങള്‍ക്കായി ഇന്നാട്ടില്ലെ ഭരണകൂടവും നീതി പാലകരും നിയമ വ്യവസ്ഥിതിയും പ്രവൃത്തിക്കരുതെന്നു ആത്മാര്‍ത്ഥമായി പ്രത്യാശിക്കുന്നു.

ഒപ്പം ഹാദിയയെ കാണാന്‍ പോയതിന്റെ പേരില്‍ വിമര്‍ശിക്കുകയും തെറി വിളിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സുഹൃത്തുക്കള്‍,ബന്ധുക്കള്‍,പരിചയക്കാര്‍,അറിയാത്തോര്‍ ഇവരൊക്കെ മൂന്നു മാസം ഒരു മുറിയില്‍ അടച്ചിരിക്കാന്‍ തീരുമാനിച്ചു പ്രവൃത്തിച്ചു നോക്കൂ.. അപ്പോളറിയാം സ്വാതന്ത്ര്യത്തിന്റെ വില… ഹാദിയക്കു മാത്രം സമ്മാനങ്ങളുമായി എന്തുകൊണ്ട് കാണാന്‍ പോയി എന്ന ചോദ്യത്തിന് ഇതാണുത്തരം. അവള്‍ മനുഷ്യജീവിയാണ്. ഞങ്ങളെപ്പോലെ ഒരു പെണ്‍കുട്ടിയാണ്. അവള്‍ക്ക് ഒരു സാധാ പൗരക്കുള്ള വ്യക്തി സ്വാതന്ത്ര്യം ലഭിക്കണം എന്നത് ഞങ്ങളുടെ ആഗ്രഹം ആണ്.. അത് അഖിലയായിട്ടാണെങ്കില്‍ അങ്ങനെ, ഹാദിയ ആയിട്ടെങ്കില്‍ അത്‌പോലെ.. അവളുടെ ഇഷ്ടം പോലെ.. മനുഷ്യാവകാശ പ്രവര്ത്തകരുടെ ശ്രദ്ധയില്‍, നിങ്ങളുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ട് വരണമെന്നും അതിനു ഒരു തുടക്കമിടണം എന്നുമേ ആഗ്രഹിച്ചുള്ളൂ.. പക്ഷെ ഞാനും ഇതുമായൊന്നും ബന്ധമില്ലാത്ത ഭര്‍ത്താവും നിങ്ങളുടെ മുന്‍പില്‍ തീവ്രവാദികളായി മാറ്റപ്പെട്ടിരിക്കുന്നു. എനിക്കേറ്റ ചതവിനും വേദനകള്‍ക്കും എന്നെ കാത്തു നിന്നതിനാല്‍ മാത്രം പ്രതിയാക്കപ്പെട്ട ഭര്‍ത്താവിന്റെ പ്രയാസങ്ങള്‍ക്കും കൂടെയുണ്ടായിരുന്ന കുട്ടികള്‍ അനുഭവിച്ച പ്രയാസങ്ങള്‍ക്കും ആ മുറിയില്‍ കുടുങ്ങിപ്പോയ പെണ്‍കുട്ടിയുടെ നിശ്വാസങ്ങളുടെ അത്രയൊന്നും ആഴമില്ലെന്നറിയാം. നന്നായറിയാം.

ഫേമസ് ആവാന്‍ വേണ്ടി നടത്തിയ നാടകങ്ങളാണ് നടന്നതെന്ന് നിങ്ങള്‍ ആരോപിക്കുമ്പോള്‍ ഒന്നേ പറയാനുള്ളു…
ഉപദ്രവിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും..
ഹാഷ് ടാഗുകള്‍ക്കും പിന്തുണയ്ക്കും നന്ദി. പക്ഷെ നീതി ഒരു സ്വപ്നം മാത്രമായ മാറിയ മനുഷ്യര്‍ക്കായി എന്തെങ്കിലും തരത്തില്‍ നിങ്ങളിലെ മനുഷ്യത്വം ഉള്ളവര്‍ പ്രവൃത്തിക്കുമെന്ന് കരുതുന്നു..

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss