|    Nov 16 Fri, 2018 10:09 pm
FLASH NEWS

പേരാമ്പ്ര നിയോജകമണ്ഡലം വികസനം : 325 കോടി രൂപയുടെ പദ്ധതികള്‍

Published : 5th June 2017 | Posted By: fsq

 

പേരാമ്പ്ര: നിയോജക മണ്ഡലത്തില്‍ 325 കോടിയില്‍ പരം രൂപയുടെ വിവിധ വികസനങ്ങളും സാങ്കേതിക വിദ്യഭ്യാസ സ്ഥാപനം, കാര്‍ഷിക പരിപോഷണം, കുടിവെള്ള പദ്ധതി എന്നിവയുടെ മികച്ച പ്രവര്‍ത്തനങ്ങളും ഉറപ്പാക്കിയതായി സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ടി പി രാമകൃഷ്ണന്‍. മണ്ഡലത്തിലെ ഏറ്റവും തിരക്ക് പിടിച്ച ടൗണായ പേരാമ്പ്രയില്‍ വര്‍ഷങ്ങളായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാര കാണുന്നതിന് വിഭാവനം ചെയ്ത നിര്‍ദിഷ്ട ബൈപ്പാസിന് 30 കോടി അനുവദിക്കുകയും പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. നിയോജക മണ്ഡലം വികസനമിഷന്റെ നേതൃത്വത്തില്‍ തന്റെ മണ്ഡലത്തില്‍ ഇക്കഴിഞ്ഞ കാലയളവില്‍ നടന്ന വികസന പ്രവൃത്തികള്‍ അവലോകനം ചെയ്യാനായി സംഘടിപ്പിച്ച യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്വിസിഷന്‍ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി. നിയോജക മണ്ഡലത്തില്‍ തരിശായിക്കിടന്ന 2110 ഏക്കര്‍ സ്ഥലത്ത് പുതുതായി നെല്‍കൃഷി ആരംഭിച്ചതായും പേരാമ്പ്ര -പയ്യോളി റോഡ് പുനരുദ്ധാരണത്തിന് 42 കോടി അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു വിവിധ റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 166 കോടിയില്‍ പരം രൂപയും അനുവദിച്ചിട്ടുണ്ട്. പാലം, കലുങ്ക്, റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നിവക്കും കോടികള്‍ നീക്കിവെച്ചതായി അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ ഒരു വര്‍ഷക്കാലയളവില്‍ പേരാമ്പ്ര നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തൊഴില്‍ അന്വേഷകര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും സഹായിയായി പേരാമ്പ്രയില്‍ കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍, നൊച്ചാട്, അരിക്കുളം പിഎച്ച്‌സി ആര്‍ദ്രം പദ്ധതിയില്‍  ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുകയും ഇവിങ്ങളില്‍ പുതുതായി എട്ട് തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. മേപ്പയ്യൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും രാമല്ലൂര്‍ ജിഎല്‍പി സ്‌കൂള്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റുകയും ചെയ്തതായി മന്ത്രി വിശദീകരിച്ചു. മുതുകാട് അന്തരാഷ്ട്ര നിലവാരത്തിലുള്ള ഐടിഐയുടെ പ്രവര്‍ത്തനം, വിവിധ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റല്‍, പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാരുണ്യ മെഡിക്കല്‍, 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ കാഷ്വാലിറ്റി, ഡോക്ടര്‍മാരുടേയും, മറ്റു ജീവനക്കാരുടേയും തസ്തിക സൃഷ്ടിക്കല്‍ തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു കഴിഞ്ഞു. നൊച്ചാട് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് രണ്ട് കോടിയും, പേരാമ്പ്ര സികെജി കോളേജ് വികസനത്തിന് 9.5 കോടിയും നല്‍കി. നിയോജക മണ്ഡലത്തിന്റെ ചിരകാലാഭിലാഷമായ 33 കെവി സബ് സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാക്കിയതും വന്‍ നേട്ടമായി മന്ത്രി അഭിപ്രായപ്പെട്ടു. മണ്ഡലത്തിലെ വിവിധ പ്രവര്‍ത്തികള്‍ക്കായി ഒരു കോടി രൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ടെന്നും വാഗ്ദാനങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നടന്ന വികസന പ്രവര്‍ത്തി അവലോകന യോഗത്തില്‍  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ സി സതി, ജില്ലാ പഞ്ചായത്തംഗങ്ങളായ എ കെ ബാലന്‍, സുജാത മനക്കല്‍, മുന്‍ എംഎല്‍എമാരായ എ കെ പത്മനാഭന്‍, കെ കുഞ്ഞമ്മദ്, മണ്ഡലം വികസന മിഷന്‍ കണ്‍വീനര്‍ എം കുഞ്ഞമ്മദ്, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടരി എന്‍ സലീം, പി എ സി മുഹമ്മദ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് തലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അതാത് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss