|    Oct 17 Wed, 2018 5:22 pm
FLASH NEWS

പേരയില്‍വികലാംഗദിനത്തില്‍ മുറതെറ്റാതെ അശരണര്‍ക്ക് അന്നം നല്‍കി നാസര്‍

Published : 5th December 2015 | Posted By: SMR

അബ്ദുല്‍ഖാദര്‍

ആലുവ: 15 വര്‍ഷമായി തുടരുന്ന പുണ്യകര്‍മ്മം ഈ വര്‍ഷവും പൂര്‍ത്തിയാക്കിയ ചാരിതാര്‍ത്ഥ്യത്തിലാണ് മുട്ടിലിഴയുന്ന നാസര്‍. ലോക വികലാംഗ ദിനത്തില്‍ 15-ാം വര്‍ഷമായ ഇന്നലേയും നാസര്‍ വികലാംഗര്‍ക്കും തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കുമായി വിഭവ സമൃദ്ധമായ സദ്യയാണ് ഊട്ടിയത്. കേരള വികലാംഗ സംയുക്ത സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആലുവ പാനായിക്കുളം മനയില്‍ വീട്ടില്‍ അബ്ദുല്ല-ദമ്പതികളുടെ മകനുമായ നാസര്‍ ആണ് ഇത്തവണയും അന്നദാനവുമായി തെരുവിലിറങ്ങിയത്. ഒന്നര വയസ്സില്‍ പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് കൈകാലുകള്‍ക്ക് വൈകല്യം സംഭവിച്ചതിനാല്‍ മുട്ടിലിഴഞ്ഞ് നടക്കുന്ന നാസര്‍ നാട്ടുകാരുടെ വിവിധ ആവശ്യങ്ങള്‍ പരിഹരിക്കുവാനും വികലാംഗര്‍ക്ക് നീതി ലഭ്യമാക്കുവാനും എവിടേയും മുന്നിലുണ്ട്. 15 വര്‍ഷം മുന്‍പ്, ലോക വികലാംഗ ദിനത്തിലെ ഒരു പരിപാടിയ്ക്കിടയിലുണ്ടായ അനുഭവമാണ് നാസറിനെ തുടര്‍ന്നുള്ള വികലാംഗ ദിനങ്ങളില്‍ അശരണര്‍ക്ക് അന്നം നല്‍കുവാനുള്ള പ്രചോദനമായത്. ആദ്യ വര്‍ഷങ്ങളില്‍ തെരുവുകളില്‍ അന്തിയുറങ്ങുന്ന വികലാംഗര്‍ക്കായിരുന്നു ഭക്ഷണപ്പൊതി നല്‍കിയിരുന്നതെങ്കില്‍, 10 വര്‍ഷമായി തെരുവിലെ അന്തേവാസികള്‍ക്കെല്ലാം ഭക്ഷണം നല്‍കുകയാണ് പതിവ്. അടുത്തിടെ ലഭിച്ച മുച്ചക്ര വാഹനത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെത്തിയാണ് നാസറിന്റെ സാമൂഹിക പ്രവര്‍ത്തനം.ദൈവവിധിയില്‍ ഖേദിച്ചിരിക്കാതെ മാതാപിതാക്കളും, ഭാര്യയും, കുട്ടികളുമടങ്ങുന്ന കുടുംബം പോറ്റാനായി എറണാകുളം മേനകയിലെ ഫുട്പാത്തില്‍ പഴയ പുസ്തക കച്ചവടം നടത്തുകയാണ് നാസര്‍. ഓരോ വികലാംഗ ദിനത്തിലും ഓരോ ജില്ലകളെ തിരഞ്ഞെടുത്താണ് നാസര്‍ അന്നദാനം നടത്തിവരുന്നത്. താന്‍ ജോലിചെയ്ത് കിട്ടുന്ന വരുമാനത്തില്‍ നിന്നുള്ള ഒരംശം നീക്കിവച്ചാണ് എല്ലാവര്‍ഷവും 100 പേര്‍ക്കെങ്കിലും ഇയാള്‍ ഭക്ഷണം നല്‍കുന്നത്. കേരളത്തിലെ വഖഫ് ബോര്‍ഡിലെ അഴിമതിക്കെതിരേ പ്രമാദമായ പല കേസുകളും കോടതിയിലെത്തിച്ച്, വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനായത് നാസറിന്റെ വൈഭവമായിരുന്നു. ജനങ്ങളുടെ, പ്രത്യേകിച്ച് വികലാംഗരുടെ നിരവധി പ്രശ്‌നങ്ങളും, ഭരണാകാരികളുള്‍പ്പടെ ഉദ്യോഗസ്ഥര്‍ക്കും മുന്‍പിലെത്തിച്ച് പരിഹാരം കാണുവാന്‍ നാസറിന് കഴിഞ്ഞിട്ടുണ്ട്. വികലാംഗ ദിനത്തിലെ അന്നദാനം മനസ്സിന് ഏറെ സുഖം നല്‍കുന്നതിനാല്‍ ഇത് മരണം വരേയും തുടരാനാണ് നാസറിന്റെ തീരുമാനം. മുറതെറ്റാതെയുള്ള ഈ അന്നദാനത്തിന് ഭാര്യ മുനീറയും മക്കളായ ബിന്‍ഷാദ് നാസിര്‍ അഹമ്മദ്, റിന്‍സിയ ഇസ്മത്തും നാസറിന് കൂട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss