|    Apr 24 Tue, 2018 2:38 am
FLASH NEWS

പേപ്പാറ ഡാമില്‍ കൂടുതല്‍ ജലം സംഭരിച്ചു: തലസ്ഥാനത്ത് കുടിവെള്ളക്ഷാമമുണ്ടാവില്ല

Published : 7th May 2016 | Posted By: SMR

തിരുവനന്തപുരം: ദുരന്തനിവാരണ നിയമ പ്രകാരം പേപ്പാറ ഡാമില്‍ കൂടുതല്‍ വെള്ളം സംഭരിച്ചത് തലസ്ഥാന നഗരത്തിന് അനുഗ്രഹമാവുന്നു. ജൂണ്‍ 15 വരെ നഗരത്തില്‍ വിതരണം ചെയ്യാനുള്ള വെള്ളം ഡാമില്‍ സംഭരിച്ചിരിക്കുകയാണ്. പേപ്പാറ ഡാമിലെ ജലനിരപ്പ് ഇപ്പോള്‍ 103.5 മീറ്ററാണ്.
വെള്ളത്തിന്റെ അളവ് ഏകദേശം 35 ദശലക്ഷം മെട്രിക് ക്യൂബാണ്. പ്രതിദിനം 300 ദശലക്ഷം ലീറ്റര്‍ എന്ന കണക്കില്‍ 85 ദിവസം ഉപയോഗിക്കാനുള്ള വെള്ളമുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഈ സമയത്ത് 21 ദശലക്ഷം മെട്രിക് ക്യൂബ് ആയിരുന്നു. പേപ്പാറ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം 849 ഹെക്ടറാണ്. ഏകദേശം 86 ചതുരശ്ര കിലോമീറ്റര്‍. മുന്‍വര്‍ഷങ്ങളില്‍ ഏപ്രില്‍ രണ്ടാംവാരത്തോടെ പലയിടത്തും അടിത്തട്ട് കാണാറുള്ള അണക്കെട്ട് ഇപ്പോള്‍ നിറഞ്ഞുകിടക്കുകയാണ്.
കെഎസ്ഇബിയുടെ ചെറുകിട വൈദ്യുത ഉല്‍പാദന പദ്ധതിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിവര്‍ഷം 9.6 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്.
കലക്ടര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ നിയമം ഉപയോഗിച്ച് അണക്കെട്ടിലെ ജലസംഭരണത്തിന്റെ അളവ് 104.5 മീറ്ററില്‍ നിന്നു 107.5 മീറ്ററാക്കി ഉയര്‍ത്തിയതോടെയാണു സംസ്ഥാനത്തു മുഴുവന്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോഴും നഗരത്തില്‍ വെള്ളം സുലഭമായിരിക്കുന്നത്.
വെള്ളം ആവശ്യത്തിനുണ്ടെങ്കിലും പലയിടത്തും പമ്പിങ് മുടങ്ങുന്നതു ജല അതോറിറ്റിയുടെ വിതരണശൃംഖലയുടെ പ്രശ്‌നം മൂലമാണ്. രണ്ടു വര്‍ഷം മുന്‍പു മഴക്കാലത്തു നഗരത്തില്‍ കരമനയാര്‍ കവിഞ്ഞൊഴുകി വലിയ വെള്ളക്കെട്ടുണ്ടായ സമയത്താണ് അതിന്റെ കാരണം തേടി ജില്ലാ ഭരണകൂടം പേപ്പാറ ഡാമിലെത്തിയത്. തുടര്‍ന്നു പേപ്പാറ ഡാമിലെ ഷട്ടര്‍ അടിയന്തരമായി അടയ്ക്കാനും സംഭരണശേഷി ഉയര്‍ത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി.
നേരത്തെ സംഭരണശേഷി ഉയര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ പേപ്പാറ മേഖലയിലെ ജൈവവ്യവസ്ഥ തകരാറിലാകുന്നുവെന്ന പരാതിയില്‍ അച്ചടക്കനടപടിയെടുത്തിരുന്നു. തുടര്‍ന്നാണു സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ദുരന്തനിവാരണ നിയമം ഉപയോഗിച്ചു ജലനിരപ്പ് 107.5 മീറ്ററാക്കാന്‍ കലക്ടര്‍ ഉത്തരവിട്ടത്.
വര്‍ഷങ്ങളായി തുറന്നിട്ടിരുന്ന ഷട്ടറുകള്‍ താഴ്ത്തുന്നതില്‍ തടസ്സം നേരിട്ടതിനെത്തുടര്‍ന്നു ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. ഷട്ടര്‍ തൂണുകളില്‍ കാട്ടുതേനീച്ചകള്‍ കൂട്കൂട്ടിയതിനാല്‍ ഫയര്‍ഫോഴ്‌സും പിന്മാറിയപ്പോള്‍ ജലഅതോറിറ്റിയിലെ ഇലക്ട്രീഷന്‍ ഹാഷിമാണു സാഹസികമായി ഷട്ടറുകള്‍ താഴ്ത്താന്‍ മുന്നിട്ടിറങ്ങിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss