|    Jan 18 Wed, 2017 12:58 am
FLASH NEWS

പേപ്പര്‍നിര്‍മാണം നിലച്ച ആനത്താവളത്തില്‍ മാലിന്യം കുന്നുകൂടുന്നു

Published : 10th August 2016 | Posted By: SMR

കോന്നി: പുതിയ കെട്ടിടം നിര്‍മിച്ചിട്ടും ആനത്താവളത്തിലെ പേപ്പര്‍ നിര്‍മാണ യൂനിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാനായില്ല. മുമ്പ് പേപ്പര്‍ യൂനിറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൈതൃക മ്യൂസിയത്തിന് വിട്ടുനല്‍കിയതോടെയാണ് പേപ്പര്‍ നിര്‍മാണം നിലച്ചത്.
എന്നാല്‍, പൈതൃക മ്യൂസിയത്തോട് ചേര്‍ന്ന് എട്ടുമാസങ്ങള്‍ക്കു മുമ്പ് ആധുനിക സൗകര്യത്തോടെ പേപ്പര്‍ നിര്‍മാണ യൂനിറ്റിനായി പുതിയ കെട്ടിടം നിര്‍മിച്ചിരുന്നെങ്കിലും ഇവിടേക്ക് പുതിയ യന്ത്രങ്ങള്‍ ഇനിയും എത്തിയിട്ടില്ല. ആനത്താവളത്തിലെ ആനപ്പിണ്ടം ഉപയോഗിച്ചായിരുന്നു പേപ്പര്‍ നിര്‍മാണം നടത്തിയിരുന്നത്. എന്നാല്‍, ഈ പ്രക്രിയ നിലച്ചതോടെ ആനപ്പിണ്ടം ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കുന്നുകൂടി ആനത്താവളം ചീഞ്ഞുനാറുകയാണ്. ആനകളുടെ പ്രദര്‍ശന കേന്ദ്രത്തോടുചേര്‍ന്നുള്ള വഴിയരികിലാണ് ഇപ്പോള്‍ ആനപ്പിണ്ടം കൂട്ടിയിട്ടിരിക്കുന്നത്.
ഇതിനൊപ്പം ആനകളുടെ ഭക്ഷണ അവശിഷ്ടങ്ങളും കെട്ടികിടക്കുന്നത് പകര്‍ച്ചവ്യാധികള്‍ക്കും കാരണമാവുന്നു. സര്‍ക്കാര്‍ ഓഫിസുകളിലേക്ക് ആവശ്യമുള്ള കാഡ് ബോര്‍ഡുകളായിരുന്നു പേപ്പര്‍ നിര്‍മാണ യൂനിറ്റില്‍ തുടക്കത്തില്‍ നിര്‍മിച്ചിരുന്നത്.
ആനപ്പിണ്ടം സംസ്‌കരിച്ചെടുത്ത് നിര്‍മിച്ചിരുന്ന കാഡ് ബോര്‍ഡുകള്‍ വ്യവസായ അടിസ്ഥാനത്തില്‍ നിര്‍മിക്കാനും തീരുമാനിച്ചിരുന്നു.
ആനപ്പിണ്ടം ഉപയോഗിച്ച് കാരിബാഗുകളും ഇതര ഉല്‍പന്നങ്ങളും നിര്‍മിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ മാസങ്ങളായി ഇവിടെ പ്രവര്‍ത്തനങ്ങളൊന്നുമില്ല. പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ ഇവിടേക്ക് പരിശീലിപ്പിച്ചിരുന്നവര്‍ക്ക് മറ്റ് ജോലികള്‍ നല്‍കിയാണ് നിലനിര്‍ത്തിയിരിക്കുന്നത്. നിരവധി സന്ദര്‍ശകരാണ് ആനത്താവളത്തില്‍ പ്രതിദിനം വരുന്നത്.
ആനയുടെ മൂത്രത്തില്‍ നിന്നും ആനപ്പിണ്ടത്തില്‍ നിന്നും ഉയരുന്ന അസഹ്യമായ ദുര്‍ഗന്ധത്താല്‍ പരിസരവാസികളും ബുദ്ധിമുട്ടിലാണ്. ആനപ്പിണ്ടം ഉപയോഗിച്ചുള്ള പേപ്പര്‍ നിര്‍മാണം സന്ദര്‍ശകര്‍ക്കും                          കൗതുക കാഴ്ചയായിരുന്നു. പ്രവര്‍ത്തനം മുടങ്ങിയതോടെ പുതിയ കെട്ടിടവും നാശം നേരിടുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക