|    Jan 22 Sun, 2017 11:45 am
FLASH NEWS

പേപ്പട്ടി കടിച്ച് ചികില്‍സ മുടങ്ങിയ വൃദ്ധയെ കലയപുരം സങ്കേതം ഏറ്റെടുത്തു

Published : 30th July 2016 | Posted By: SMR

കൊട്ടാരക്കര: പേപ്പട്ടി കടിച്ച് തുടര്‍ ചികില്‍സ മുടങ്ങിയ വൃദ്ധയെ കലയപുരം ആശ്രയ സങ്കേതം ഏറ്റെടുത്തു.
വെളിയം  മുട്ടറ പണയില്‍ വീട്ടില്‍ ശാന്തമ്മയെയാണ് (58) സങ്കേതം ഏറ്റെടുത്തത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് മരിച്ചുപോയി. ഒറ്റയ്ക്ക് കഴിഞ്ഞുവന്നിരുന്ന ശാന്തമ്മയ്ക്ക് മക്കളില്ല. സ്വന്തമായുള്ള പൊട്ടിപ്പൊളിഞ്ഞ ചെറിയ കൂരയില്‍ ശാന്തമ്മ തനിച്ചാണ്  കഴിഞ്ഞുവന്നിരുന്നത്.
കുറച്ചുവര്‍ഷം മുന്‍പ് വരെ കൂലിത്തൊഴിലുകള്‍ ചെയ്തുവന്നിരുന്നെങ്കിലും വാര്‍ദ്ധക്യമായതോടെ ശാരീരിക അസ്വസ്ഥ്യങ്ങള്‍ മൂലം ജോലിക്കൊന്നും പോകുവാന്‍ കഴിയാതെ പുറംലോകവുമായുള്ള ബന്ധം അറ്റുപോയി. ഇതിനിടയില്‍ മാനസിക പ്രശ്‌നങ്ങളും ശാന്തമ്മയെ അലട്ടിയിരുന്നു.
എന്നാല്‍ അതിനുള്ള ചികില്‍സ നല്‍കാന്‍ ബന്ധുക്കളാരും തന്നെ മുന്നോട്ടുവന്നില്ല. മാനസിക പ്രശ്‌നങ്ങളും ശാരീരിക അസ്വസ്ഥതകളും ശാന്തമ്മയെ തീര്‍ത്തും അവശയാക്കി. പലപ്പോഴും വിശപ്പ് ശമിക്കാന്‍ ഭക്ഷണത്തിനു വേണ്ടി ആരുടെയൊക്കയോ കാരുണ്യത്തിനായ്  ശാന്തമ്മയ്ക്ക്  കാത്തു നില്‍ക്കേണ്ടതായി വന്നു. ചില സമയങ്ങളില്‍ അസ്വസ്ഥമായ മനസ്സുമായി തെരുവില്‍ അലയുമായിരുന്നു ശാന്തമ്മ. ഇതിനിടയിലാണ് വിധി പേപ്പട്ടിയുടെ രൂപത്തില്‍ ശാന്തമ്മയോട്  ക്രൂരത കാട്ടിയത്. പേപ്പട്ടിയുടെ കടിയേറ്റ മുറിവുമായി ചികില്‍സ തേടാന്‍ കഴിയാതെ തനിച്ചു താമസിക്കുകയായിരുന്ന ശാന്തമ്മയെ ക്കുറിച്ചറിഞ്ഞ വാപ്പാല ഹെല്‍ത്ത് സെന്ററിലെ ഡോ. ദിവ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പ്രാഥമിക ചികില്‍സ നല്‍കി.  എന്നാല്‍ തുടര്‍സംരക്ഷണത്തിനും മറ്റും  ആരുമില്ലാത്തതിനാല്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു ആശ്രയ ജനറല്‍ സെക്രട്ടറി കലയപുരം ജോസിനെ വിവരമറിയിച്ചതില്‍ പ്രകാരം ആശ്രയ സങ്കേതം നഴ്‌സിംഗ് സൂപ്രണ്ട് ഓമന വി. മാത്യു, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ പ്രവീണ്‍ പി. രാജ്, സ്റ്റാഫ് അംഗങ്ങളായ അനില്‍,  ഓമന എന്നിവര്‍ ചേര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ നിന്നും ആശ്രയ ഏറ്റെടുക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക